ആധുനിക ചികിത്സാ രീതിയെയും ഡോക്ടര്‍മാരെയും അപമാനിച്ച് യോഗ ഗുരു ബാബ രാംദേവ് നടത്തിയ പ്രസ്‌താവന വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു. അലോപ്പതി വിഡ്ഢിത്തം നിറഞ്ഞ ശാസ്ത്രമാണെന്നും അലോപ്പതി ചികിത്സയിലൂടെ ലക്ഷക്കണക്കിനാളുകളാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്നും ഡോക്ടര്‍മാര്‍ കൊലപാതകികളാണെന്നുമായിരുന്നു ബാബാ രാംദേവിന്‍റെ പ്രസ്താവന. പ്രസ്‌താവന ഉടന്‍ വൈറലാവുകയും സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ബാബ രാംദേവിനെതിരെ രംഗത്ത് എത്തുകയും ചെയ്‌തിരുന്നു. ഇപ്പോള്‍ ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയും ബാബ രാംദേവിനെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരിക്കുകയാണ്.
മഹാമാരിക്കാലത്ത് നിസ്വാര്‍ത്ഥ സേവനം കാഴ്ചവെയ്ക്കുന്ന ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവരെ ഒരു യോഗ്യതയുമില്ലാത്തയാള്‍ വിമര്‍ശിക്കുന്നത് അനുവദിക്കാനാകില്ലെന്ന് റസൂല്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. 'മഹാമാരിക്കാലത്ത് ഒന്നും നോക്കാതെ നിസ്വാര്‍ഥ സേവനം കാഴ്ചവെച്ച നമ്മുടെ ഡോക്ടര്‍മാരെയും ആരോഗ്യ പ്രവര്‍ത്തകരെയും യാതൊരു യോഗ്യതയുമില്ലാത്ത ഒരാള്‍ വിമര്‍ശിക്കുന്നത് അനുവദിക്കാനാകില്ല. യുക്തി, ശാസ്ത്രം എന്നിവയെ ഇന്ത്യയില്‍ വളരാന്‍ അനുവദിക്കൂ...' എന്നാണ് റസൂല്‍ പൂക്കുട്ടി ട്വീറ്റ് ചെയ്‌തത്.