ഓസ്കർ അവാർഡിന്‍റെ ചരിത്രത്തിൽ മികച്ച നടൻ വിഭാഗത്തിൽ നാമനിർദേശം ചെയ്യപ്പെട്ട മുസ്ലിം സമുദായത്തിൽ നിന്നുള്ള ആദ്യ അഭിനേതാവായിരുന്നു റിസ് അഹമ്മദ്. സൗണ്ട് ഓഫ് മെറ്റൽ എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്‍റെ ചരിത്രനേട്ടം.
ഇപ്പോഴിതാ, ഹോളിവുഡ് ചിത്രങ്ങളിൽ മുസ്ലിം സമുദായത്തെ നെഗറ്റീവായി ചിത്രീകരിക്കുന്നതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടനും റാപ്പറുമായ റിസ് അഹമ്മദ്. അമേരിക്കൻ സ്‌നിപ്പർ, ദി ഹെർട്ട് ലോക്കർ, ആർഗോ തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളുടെ പേരെടുത്ത് പറഞ്ഞായിരുന്നു താരത്തിന്‍റെ പരാമർശം.
ഇത്തരം സിനിമകൾ വിഷപരമായ രീതിയിലാണ് മുസ്ലിം സമുദായത്തെ പ്രതിനിധീകരിക്കുന്നത്. മുസ്ലിം കഥാപാത്രങ്ങളെ മനുഷ്യത്വരഹിതമായി അവതരിപ്പിക്കുന്നു. പൈശാചികവത്കരിക്കുകയും ചെയ്യുന്നു. ആമസോൺ പ്രൈമിലെ ഹിറ്റ് സീരീസായ ദി ബോയ്‌സിൽ പോലും ഇത് പ്രകടമാണെന്നും റിസ് അഹമ്മദ് വിശദമാക്കി.
ഹോളിവുഡിൽ മുസ്ലിങ്ങളെ നെഗറ്റീവ് ലൈറ്റിൽ ചിത്രീകരിക്കുന്നു
സിനിമയിൽ മുസ്ലിം സമുദായത്തെ തെറ്റായി ചിത്രീകരിക്കുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ല. ലോകജനസംഖ്യയുടെ നാലിലൊന്നിൽ, അതായത് 1.6 ബില്യൺ ജനങ്ങൾ മുസ്ലിം സമുദായത്തിൽ നിന്ന് ഉണ്ടായിട്ടും സിനിമയിൽ ശരിയായ പ്രാതിനിധ്യത്തില്‍ എത്താൻ കഴിഞ്ഞിട്ടില്ല. സിനിമകളില്‍ മുസ്ലിം കഥാപാത്രങ്ങള്‍ കുറവാണ്.
അഥവാ മറിച്ച് സംഭവിച്ചാൽ അവരെ നെഗറ്റീവ് ലൈറ്റിൽ അവതരിപ്പിക്കുന്നു. മറ്റേതെങ്കിലും ന്യൂനപക്ഷ സമുദായത്തിനോടാണെങ്കിൽ ഇത് നടക്കുമോ? ഞങ്ങളെ പോലെ കുറച്ച് പേരിലൂടെ മാത്രം പുരോഗമനമുണ്ടെന്ന് പറഞ്ഞാൽ അത് മൊത്തത്തിലുള്ള മാറ്റത്തിനുള്ളതാകുന്നില്ല. ഇപ്പോഴും ചിത്രങ്ങളിൽ വിഷപരമായും സ്റ്റീരിയോടിപ്പിക്കലായുമാണ് മുസ്ലിം കഥാപാത്രങ്ങളെ കാണിക്കുന്നത്.
Also Read: വിവാദ വാര്‍ത്തകള്‍ ശരിവച്ച് നുസ്രത്ത് ജഹാന്‍റെ പുതിയ ഫോട്ടോ
സിനിമകളിൽ 1.6 ശതമാനം കഥാപാത്രങ്ങളാണ് മുസ്ലിങ്ങളെ പ്രതിനിധീകരിക്കുന്നുവെന്ന് പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്. എന്നാൽ, അവരിൽ ഭൂരിഭാഗത്തെയും പുറത്തുനിന്നുള്ളവരായോ തീവ്രവാദികളായോ ഇരകളായോ ആണ് കാണിക്കുന്നത്. പകുതിയിലേറെ പേരെയും അക്രമികളായി ചിത്രീകരിക്കുന്നുവെന്നും ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിൽ റിസ് അഹമ്മദ് വ്യക്തമാക്കി.