ലോകം ഇത്രത്തോളം സ്നേഹിക്കുന്ന മറ്റൊരു വില്ലന്‍ സിനിമാലോകത്തുണ്ടാകില്ല. അത്ര ആരാധകരാണ് ജോക്കര്‍ എന്ന് അറിയപ്പെടുന്ന വില്ലനായ നായകന്.... ഒപ്പം ഓസ്കര്‍ തിളക്കവും....
ജോക്കർ സിനിമ റിലീസാവുന്നതിന് ആഴ്ചകൾ മുമ്പ് തന്നെ ചർച്ചാ വിഷയമായിരുന്നു. ഇപ്പോഴും പ്രാധാന്യം കുറഞ്ഞിട്ടില്ല. 11 നോമിനേഷനുകളുമായി ഓസ്കറിലും മുന്‍പന്തിയിലായിരുന്നു. മികച്ച ചിത്രം, സംവിധാനം, നടൻ, രൂപാന്തരം ചെയ്ത തിരക്കഥ, മികച്ച സംഗീതം എന്നിവയിലാണ് ചിത്രം പ്രധാനമായി മാറ്റുരച്ചത്. അതില്‍ മികച്ച നടന്‍, മികച്ച സംഗീതം എന്നിവയില്‍ ഓസ്കാറും ലഭിച്ചു. ലോകമെമ്പാടുമുള്ള ജോക്കര്‍ ആരാധകര്‍ മികച്ച നടനുള്ള ഓസ്കര്‍ നേരത്തെ പ്രതീക്ഷിച്ചിരുന്നു. മികച്ച സംഗീതമെന്ന വിഭാഗത്തില്‍ ജോക്കറിലൂടെ ഹില്‍ഡര്‍ ഗുഡ്‌നഡോട്ടിറും ഓസ്കര്‍ നേടി.
ജോക്കറില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് ജാക്ക്വിന്‍ ഫീനിക്സായിരുന്നു. ഗോഥം നഗരം അടക്കിവാഴുന്ന വില്ലനെ ജാക്ക്വിന്‍ അവിസ്മരണീയമാക്കി. കോമിക്ക് സീരിസിലെ കഥാപാത്രമായ ജോക്കറും ഗോഥം നഗരവുമെല്ലാം ബാറ്റ്മാനിലും കോമിക്ക് സിരീസിലുമെല്ലാം കണ്ടത്താണ്. അവിടെ നിന്ന് ഒരു നായക കഥാപാത്രമായി മുഴുനീള ചലച്ചിത്ര ഭാഷ്യം നൽകിയത് ടോഡ് ഫിലിപ്സാണ്. ആ സിഗ്‌നേച്ചർ ചിരിയിൽ, ചോരയിൽ പുരണ്ട് ജോക്കര്‍ എന്ന സിനിമ അവസാനിക്കുന്നത് അമേരിക്കയുടെ തോക്ക് സംസ്ക്കാരത്തെ തുറന്ന് കാണിച്ചാണ്.
ജോക്കറായി ജാക്ക്വിന്‍ ഫീനിക്സ് എത്തുമ്പോൾ അയാളിലെ നടന് വെല്ലുവിളിയായി നിന്നിരുന്നത് 'ഹീത് ലെഡ്ജ'റുടെ അസാമാന്യ പ്രകടനങ്ങളായിരുന്നു. എന്നാൽ അതിനെയെല്ലാം മായ്ച്ച് കളയുന്ന... പ്രേക്ഷകനെ അയാളിലേക്ക് പിടിച്ച് വലിക്കുന്ന ഒരു അസാമാന്യ പ്രകടനമാണ് ജാക്ക്വിന്‍ സിനിമയില്‍ കാഴ്ചവെച്ചത്. അത്ര ആയാസകരമായാണ് ആർതർ എന്ന സ്റ്റാൻഡ് അപ്പ് കൊമേഡിയനിൽ നിന്ന് ഗോഥം നഗരത്തിലെ ഒരു വിഭാഗത്തിന്‍റെ ഭയം മറ്റൊരു വിഭാഗത്തിന്‍റെ ആവേശവുമായ ജോക്കറായി മാറുന്നത്. ജോക്കർ ഒരു കാഴ്ചയാണ്... വ്യവസ്ഥയുടെ ഇര... സമൂഹത്തിൽ അസ്ഥിത്വം നേടാനുള്ള ശ്രമത്തിന്‍റെ വയലന്‍റായ കാഴ്ച. കൊമേഡിയനും സൈക്കോയുമായി ഫീനിക്സ് എന്ന നടന്‍റെ പ്രകടന മികവിനാൽ അടയാളപ്പെടുത്തുന്ന അസാധ്യ സിനിമാറ്റിക്ക് കാഴ്ച. ക്രിട്ടിക്സ് ചോയ്സ്, ബാഫ്ട, സാഗ് അവാർഡുകൾ നേടിയാണ് ഫീനിക്സ് ഓസ്കർ നിശയിലെത്തിയത്.