ഹോളിവുഡ് നടന്‍ ബ്രാഡ് പിറ്റിന് ആദ്യമായി അഭിനയത്തിന് ഓസ്കാര്‍ ലഭിച്ചിരിക്കുകയാണ്. പലതവണ നാമനിര്‍ദേശ പട്ടിക വരെ എത്തിയിരുന്നുവെങ്കിലും പിന്നീട് തഴയപ്പെടുകയായിരുന്നു. കാത്തിരുന്ന് കിട്ടിയ ഓസ്കാര്‍ സന്തോഷം ലോകത്തോട് പങ്കുവെക്കുകയല്ല ബ്രാഡ് പിറ്റ് പുരസ്കാര വേദിയില്‍ ചെയ്തത്. പകരം യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനോടുള്ള പ്രതിഷേധം അറിയിക്കാനാണ് ബ്രാഡ് പിറ്റ് വേദി ഉപയോഗിച്ചത്.
ട്രംപിനെതിരായ ഇംപീച്ച്‌മെന്‍റ് പ്രമേയ ചര്‍ച്ചയില്‍ മുന്‍ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടിനെ സാക്ഷിമൊഴി നല്‍കാന്‍ അനുവദിക്കാത്തതിലുള്ള പ്രതിഷേധമാണ് ഓസ്‌കര്‍ വേദിയില്‍ ബ്രാഡ്‌പിറ്റ് പരസ്യമായി പ്രകടിപ്പിച്ചത്.
'അവര്‍ എന്നോട് പറഞ്ഞത് എനിക്ക് സംസാരിക്കാന്‍ 45 സെക്കന്‍റ് മാത്രമാണ് അനുവദിച്ചിട്ടുള്ളത് എന്നായിരുന്നു. ജോണ്‍ ബോള്‍ട്ടണ് അനുവദിച്ച സമയത്തേക്കാള്‍ കൂടുതലാണല്ലോ. എനിക്ക് തോന്നുന്നത് ക്വെന്‍റിന്‍ ഇതിനെക്കുറിച്ചും പിന്നീട് ഒരു ചിത്രം ചെയ്യുമെന്നാണ്' ബ്രാഡ് പിറ്റ് പറഞ്ഞു. നിറഞ്ഞ കൈയടികളാണ് ബ്രാഡ് പിറ്റിന്‍റെ കമന്‍റിന് ശേഷം സദസില്‍ നിന്ന് ഉയര്‍ന്നത്. 'ഞാന്‍ ചെയ്യുന്ന എന്തിനും നിറംകൊടുക്കുന്ന എന്‍റെ മക്കള്‍ക്കുള്ളതാണ് ഈ പുരസ്‌കാരമെന്നും ബ്രാഡ് പിറ്റ് കൂട്ടിച്ചേര്‍ത്തു. ജെന്നിഫര്‍ അനിസ്റ്റണ്‍, ആഞ്ജലീന ജോളി എന്നിവരെ വിവാഹം കഴിച്ച ബ്രാഡ് പിറ്റിന് ആറ് മക്കളാണുള്ളത്.
മുമ്പ് 2014ല്‍ 12 ഇയേഴ്‌സ് എ സ്ലേവ് എന്ന ചിത്രത്തിന് മികച്ച നിര്‍മാതാവിനുള്ള പുരസ്‌കാരം ബ്രാഡ് പിറ്റിന് ലഭിച്ചിരുന്നു. വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്ന ചിത്രത്തില്‍ ക്ലിഫ് ബൂത്ത് എന്ന സ്റ്റണ്ട് ഡ്യൂപ്പിന്‍റെ കഥാപാത്രത്തെ അവിസ്മരണീയമാക്കിയതിനാണ് അമ്പത്തിയാറുകാരന്‍ ബ്രാഡ് പിറ്റിന് അവാര്‍ഡ് ലഭിച്ചത്. ഇതേ വേഷത്തിന് ബ്രാഡ് പിറ്റിന് ഗോള്‍ഡണ്‍ ഗ്ലോബ്, സ്‌ക്രീന്‍ ആക്‌ടേഴ്‌സ് ഗില്‍ഡ്, ബാഫ്ത അവാര്‍ഡുകളും ലഭിച്ചിരുന്നു.