കണ്ണൂര്‍: പലകുറി കേട്ടാലും മതിവരാത്ത ഒരു മനോഹര ഗാനം ശിശുദിനത്തില്‍ യുട്യൂബില്‍ റിലീസ് ചെയ്‌തിരുന്നു. ക്യാപ്റ്റന്‍ എന്ന ജയസൂര്യ ചിത്രത്തിന് ശേഷം പ്രജേഷ് സെന്‍ സംവിധാനം ചെയ്‌ത വെള്ളത്തിലെ 'ഒരു കുറി കണ്ടു നാം' എന്ന ഗാനമാണത്. ബിജിബാല്‍ ഈണമിട്ട വരികള്‍ ആലപിച്ചത് തളിപ്പറമ്പ് കീഴാറ്റൂര്‍ സ്വദേശിയും കോളജ് അധ്യാപകനുമായ വിശ്വനാഥനാണ്. മുഴുക്കുടിയനായിരുന്ന തൃച്ചംബരം സ്വദേശി മുരളിയുടെ ജീവിത കഥയാണ് വെള്ളം പറയുന്നത്. സിനിമയെ കുറിച്ച് അണിയറപ്രവര്‍ത്തകര്‍ ആലോചിച്ച് തുടങ്ങിയപ്പോഴെ തന്‍റെ പ്രിയ അധ്യാപകന് ആലപിക്കാന്‍ ഒരു ഗാനം നീക്കിവെക്കണമെന്ന് മുരളി അണിയറപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നു. അങ്ങനെയാണ് തൃച്ചംബരം നാരായണ വാര്യരുടെ കീഴിൽ അഞ്ചുവർഷം കർണാടക സംഗീതം അഭ്യസിച്ച വിശ്വനാഥൻ 'വെള്ള'ത്തിലെ ഗാനം ആലപിക്കുന്നത്.
'വെള്ള'ത്തിലൂടെ മലയാള പിന്നണി ഗാനരംഗത്തേക്ക് ചുവടുവെച്ച് ഒരു തളിപ്പറമ്പുകാരന്‍ - ജയസൂര്യ വെള്ളം സിനിമ
'ഒരു കുറി കണ്ടു നാം' എന്ന ഗാനം ആലപിച്ചിരിക്കുന്നത് തളിപ്പറമ്പ് കീഴാറ്റൂര്‍ സ്വദേശിയും കോളജ് അധ്യാപകനുമായ വിശ്വനാഥനാണ്
വെള്ളത്തിലെ ഗാനത്തിലൂടെ മലയാള പിന്നണി ഗാനരംഗത്തേക്ക് ഒരു കാല്‍വെയ്‌പ്പ് നടത്താന്‍ സാധിച്ചതിന്‍റെ സന്തോഷത്തിലാണ് വിശ്വനാഥന്‍. യുട്യൂബില്‍ മികച്ച അഭിപ്രായവുമായി മുന്നേറുന്ന ഗാനത്തിന് വരികളെഴുതിയത് ബി.കെ ഹരിനാരായണനാണ്. ഒരു കള്ളുഷാപ്പിന്‍റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ഗാനത്തില്‍ സിനിമയിലെ പ്രധാന കഥാപാത്രമായ ജയസൂര്യയുടെ മുരളിയെയും കാണാം. സംയുക്ത മേനോനാണ് ചിത്രത്തില്‍ നായിക.
സിദ്ദിഖ്, ഇന്ദ്രൻസ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, സ്നേഹ പലിയേരി, ഇടവേള ബാബു, ജോണി ആന്‍റണി, വെട്ടുക്കിളി പ്രകാശൻ, നിർമൽ പാലാഴി, സന്തോഷ് കീഴാറ്റൂർ, ഉണ്ണി ചെറുവത്തൂർ, ബാബു അന്നൂർ, മിഥുൻ, സീനിൽ സൈനുദ്ദീൻ, മുഹമ്മദ് പേരാമ്പ്ര, ശിവദാസ് മട്ടന്നൂർ, ജിൻസ് ഭാസ്‌കർ, ബേബി ശ്രീലക്ഷ്മി എന്നിവർക്കൊപ്പം മുപ്പതോളം പുതുമുഖങ്ങളും അഭിനയിച്ചിട്ടുണ്ട്. വെള്ളം സെൻട്രൽ പിക്ചേഴ്‌സാണ് വിതരണത്തിനെത്തിക്കുന്നത്.