2020ലെ മുറിവുകൾ ലോകത്തിന് ഇനിയും ഭേദമായിട്ടില്ല. ലോകത്തെ നിശ്ചലമാക്കിയ മഹാമാരിയുടെ വർഷത്തിൽ, പ്രിയപ്പെട്ടവരുടെ മരണവും മുറിപ്പാടായി ഇന്നും അവശേഷിക്കുന്നു.
ഭാഷയും ദേശവും വംശവും കടന്ന് ആഗോളസിനിമാപ്രേമികൾക്കുള്ളിൽ കുടിയേറിയ, ബ്ലാക്ക് പാന്തറായ ചാഡ്‌വിക് ബോസ്‌മാനും വിടപറഞ്ഞത് 2020ലായിരുന്നു. കാൻസറിനോട് പൊരുതി വിജയങ്ങളെ കൈവരിച്ച മാർവൽ ഹീറോ, ഇതുപോലൊരു ഓഗസ്റ്റ് 28നാണ് യാത്രയായത്.
വർണ- വംശ വിവേചനങ്ങളെയും, കാർന്നുതിന്നുന്ന കാൻസർ കോശങ്ങളിലെ വേദനയെയും മറികടന്ന് സൂപ്പർഹീറോയായ ചാഡ്‌വിക് ബോസ്‌മാൻ സിനിമയിലും ജീവിതത്തിലും സൂപ്പർഹീറോ ആയിരുന്നു. വാണിജ്യ വിജയമായ ചിത്രമെന്നതിനുപരി, ഇതുവരെ സൃഷ്‌ടിക്കപ്പെട്ട സൂപ്പർ ഹീറോ കഥാപാത്രങ്ങൾക്ക് മുകളിലാണ് ബ്ലാക്ക് പാന്തറിന് പ്രേക്ഷകർ നൽകുന്ന സ്ഥാനം.
വെള്ളക്കാരന്‍റെ കുത്തകയായി സിനിമയിൽ സ്വന്തമായി സ്ഥാനം കണ്ടെത്തിയ ഡെൻസൽ വാഷിംഗ്‌ടൺ എന്ന നടനെ ആരാധിച്ച്, അഭിനയമോഹത്തിന്‍റെ പാത വെട്ടിത്തെളിച്ച മഹാപ്രതിഭ.
മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ട മയക്കുമരുന്നിന് അടിമയായ കഥാപാത്രത്തെ ടിവി ഷോയിൽ അവതരിപ്പിച്ച് പ്രശംസ നേടിയപ്പോഴും ആ ചെറുപ്പക്കാരൻ ചിന്തിച്ചത്, എന്തുകൊണ്ടാണ് കറുത്തവർഗക്കാർ മാത്രം തിരശീലക്ക് മുന്നിലെത്തുമ്പോൾ ഇങ്ങനെ ചിത്രീകരിക്കപ്പെടുന്നു എന്നാണ്... അത് നിർമാതാക്കളോട് ചോദിച്ചപ്പോൾ ന്യായമായ സംശയത്തിന് അവർക്കും മറുപടിയുമില്ലായിരുന്നു.
More Read: ഇന്ത്യക്കാർ ഏറ്റവുമധികം പ്രതികരിച്ച അന്താരാഷ്‌ട്ര ചലച്ചിത്ര വാർത്ത