പൃഥ്വിരാജും ആഷിക് അബുവും വാരിയംകുന്നൻ ചിത്രത്തിൽ നിന്നും പിന്മാറിയതിന് പിന്നാലെ, 15 കോടി മുടക്കാൻ തയ്യാറാണെങ്കിൽ ബാബു ആന്‍റണിയെ വച്ച് താൻ സിനിമയെടുക്കാമെന്ന് അറിയിച്ച് സംവിധായകൻ ഒമർ ലുലു എത്തിയിരുന്നു. മലയാളം ഇതുവരെ കാണാത്ത രീതിയിൽ ആക്ഷൻ രംഗങ്ങൾ ഒരുക്കിയായിരിക്കും വാരിയംകുന്നന്‍റെ ചരിത്ര സിനിമ തയ്യാറാക്കുക എന്നും ഒമർ ലുലു വ്യക്തമാക്കിയിരുന്നു.
എന്നാൽ, വാരിയംകുന്നന്‍റെ സിനിമ പിടിക്കാമെന്ന തീരുമാനത്തിൽ നിന്ന് പിന്മാറിയിരിക്കുകയാണ് ഒമർ ലുലു. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ഐ.വി ശശി ഒരുക്കിയ 1921 എന്ന ചിത്രം കണ്ട ശേഷമാണ് ഒമർ ലുലുവിന്‍റെ തീരുമാനം. ദാമോദരൻ മാഷിന്‍റെ തിരക്കഥയിൽ വാരിയംകുന്നനും ആലിമുസ്ലിയാരും വാഗൺ ട്രാജഡിയും ഖിലാഫത്ത് മുന്നേറ്റവുമെല്ലാം വളരെ ഭംഗിയായി വിവരിച്ചിട്ടുണ്ട്. ഇതിൽ കൂടുതൽ ഇനി ഒന്നും ആർക്കും പറയാൻ കഴിയുമെന്ന് തോന്നുന്നില്ല. അതിനാൽ തന്നെ സിനിമ എടുക്കുമെന്ന പ്രഖ്യാപനം പിൻവലിക്കുന്നുവെന്നും ഒമർ ലുലു കൂട്ടിച്ചേർത്തു.
ഒമർ ലുലു ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞത്....
'ഇന്നലത്തെ എന്‍റെ വാരിയംകുന്നന്‍റെ പോസ്റ്റ് കണ്ട് ഇസിഎച്ച് ഗ്രൂപ്പ് എംഡി ഇക്ബാൽ മാർക്കോണി വിളിച്ച് വാരിയംകുന്നൻ ഇക്ബാൽക്ക പ്രൊഡ്യൂസ് ചെയ്തോളാം പൈസ നോക്കണ്ട ഒമർ ധൈര്യമായി മുന്നോട്ട് പൊയ്കോളാൻ പറഞ്ഞു. ആ സന്തോഷത്തിൽ ദാമോദരൻ മാഷിന്‍റെ സ്ക്രിപ്പ്റ്റിൽ ശശി സാർ സംവിധാനം ചെയ്‌ത "1921" കുറെ നാളുകൾക്കു ശേഷം വീണ്ടും കണ്ടു, കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി, ഇനി ഒരു വാര്യംകുന്നന്‍റെ ആവശ്യമില്ല.
കോമ്പസ് മൂവീസ് പുറത്തിറക്കിയ പ്രസ്‌താവന
More Read: നിർമാതാവ് റെഡിയെങ്കിൽ ബാബു ആന്‍റണിയുടെ വാരിയം കുന്നൻ വരും... പ്രഖ്യാപനവുമായി ഒമർ ലുലു
ദാമോദരൻ മാഷും ശശി സാറും കൂടി വാരിയംകുന്നൻ മാത്രമല്ല ആലിമുസ്ലിയാരും വാഗൺ ട്രാജഡിയും ഖിലാഫത്തിന്‍റെ മുന്നേറ്റം അടക്കം എല്ലാ ഭാഗവും ഭംഗിയായി "1921"ൽ പറഞ്ഞിട്ടുണ്ട്. ഇതിൽ കൂടുതൽ ഒന്നും ഇനി ആർക്കും പറയാൻ പറ്റും എന്നും തോന്നുന്നില്ല. കൂടെ നിൽക്കുകയും വിമർശിക്കുകയും ചെയ്‌ത എല്ലാവർക്കും പോസ്റ്റ് കണ്ട് പ്രൊഡ്യൂസ് ചെയാൻ വന്ന ഇക്ബാൽക്കാക്കും നന്ദി,' സംവിധായകൻ കുറിച്ചു.
അതേ സമയം, പൃഥ്വിരാജും ആഷിക് അബുവും പിന്മാറിയെങ്കിലും വാരിയംകുന്നൻ രണ്ട് ഭാഗങ്ങളായി നിർമിക്കുമെന്ന് ചിത്രത്തിന്‍റെ നിർമാതാക്കളായ കോമ്പസ് മൂവീസ് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു. സിനിമയുടെ പിന്നണിപ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണെന്നും നടീനടന്മാരെ കുറിച്ച് പിന്നീട് അറിയിക്കുമെന്നും നിർമാതാക്കൾ വ്യക്തമാക്കി.