ബാബു ആന്‍റണിയെ നായകനാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന ആക്ഷൻ ഹീറോ ചിത്രമാണ് 'പവർസ്റ്റാർ'. മലയാളത്തിൽ വില്ലൻ വേഷങ്ങളിൽ തിളങ്ങിയ താരം നായകനാകുന്ന ചിത്രത്തിന്‍റെ തിരക്കഥ എഴുതിയത് ഡെന്നിസ് ജോസഫാണ്.
സിനിമയുടെ കഥ പൂർത്തിയായെങ്കിലും അവസാന ഡ്രാഫ്‌റ്റ് എഴുതാനുള്ള തയ്യാറെടുപ്പിലായിരുന്നു തിരക്കഥാകൃത്ത്. എന്നാൽ അദ്ദേഹത്തിന്‍റെ അപ്രതീക്ഷിത വിയോഗത്തിൽ, അതിന് സാധിക്കാത്ത പശ്ചാത്തലത്തിൽ അവസാന മിനുക്കുപണികൾ ഉദയകൃഷ്‌ണനും ഉണ്ണികൃഷ്‌ണനും ചേർന്ന് പൂർത്തിയാക്കും.
ബാബു ആന്‍റണിയുടെ ചിത്രത്തിനായി ന്യൂഡൽഹിയും ആകാശദൂതും രാജാവിന്‍റെ മകനും പോലുള്ള ഹിറ്റ് ചിത്രങ്ങളുടെ രചയിതാവ് ഒന്നിക്കുന്നുവെന്നതിനാൽ തന്നെ പ്രേക്ഷകരും പവർസ്റ്റാറിനായി അതിയായ ആകാംക്ഷയിലാണ്. എന്നാൽ, തിയേറ്റർ തുറന്ന ശേഷമേ ചിത്രീകരണം ആരംഭിക്കൂ എന്നാണ് സംവിധായകൻ ഒമർ ലുലു അറിയിക്കുന്നത്.
More Read: ഡെന്നിസ് ജോസഫ് ബാക്കിവച്ച പവർസ്റ്റാർ ; തിരക്കഥയുടെ അവസാന മിനുക്ക് പണിക്ക് ഉദയകൃഷ്ണനും ഉണ്ണികൃഷ്ണനും
ഇത് തന്‍റെ ആദ്യ ചിത്രം പോലെയാണെന്നും ഡെന്നിസ് ജോസഫിന്‍റെയും ആക്ഷൻ ഹീറോയായി ബാബു ആന്‍റണിയുടെയും പേര് വലിയ സ്‌ക്രീനിൽ എഴുതിക്കാണിക്കുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണെന്നും സംവിധായകൻ പറഞ്ഞു. 'ആൻ ഒമർ മാസ്' എന്ന ടാഗ് ലൈൻ തിയേറ്ററുകളിൽ തന്നെ കാണാനാണ് ആഗ്രഹമെന്നും ഒമർ ലുലു വ്യക്തമാക്കി.