റിലീസ് നീണ്ടുനീണ്ട് പോകുന്ന ദളപതി വിജയിയുടെ സിനിമ 'മാസ്റ്റര്‍' ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുമെന്ന വാര്‍ത്ത നിഷേധിച്ച് നിര്‍മാതാവ് രംഗത്ത്. ഒരു ഒടിടി ഓഫര്‍ ലഭിച്ചിട്ടുണ്ടെങ്കിലും മാസ്റ്റര്‍ തിയേറ്ററില്‍ റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് നിര്‍മാതാവ് സേവ്യര്‍ ബ്രിട്ടോ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ മാസ്റ്റര്‍ ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇതോടെയാണ് ഔദ്യോഗിക വാര്‍ത്താകുറിപ്പിലൂടെ മാസ്റ്ററിന് ഒടിടി റിലീസില്ലെന്ന് സേവ്യര്‍ ബ്രിട്ടോ അറിയിച്ചത്.
നെറ്റ്ഫ്‌ളിക്സ് വലിയ തുകയ്‌ക്ക് മാസ്റ്റര്‍ സിനിമയുടെ റൈറ്റ്സ് വാങ്ങിയെന്നും ചിത്രം പൊങ്കലിനോടനുബന്ധിച്ച് സ്ട്രീം ചെയ്‌ത് തുടങ്ങുമെന്നുമായിരുന്നു സമൂഹമാധ്യമങ്ങളില്‍ അടക്കം പ്രചരിച്ച വാര്‍ത്തകള്‍. ഇതോടെയാണ് അണിയറപ്രവര്‍ത്തകര്‍ തന്നെ വ്യാജപ്രചരണത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയത്. 'പ്രമുഖ ഒടിടി സ്ട്രീമിങ് പ്ലാറ്റ്‌ഫോം തങ്ങളെ സമീപിച്ചിട്ടുണ്ട്. കൊവിഡ് പ്രതിസന്ധിയില്‍ തമിഴ് ഇന്‍ഡസ്ട്രി തകര്‍ന്നിരിക്കുന്ന ഘട്ടത്തില്‍ തിയേറ്റര്‍ റിലീസ് മാത്രമാണ് തങ്ങളുടെ ആലോചനയിലുള്ളത്. എത്രയും പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ അടുത്തേക്ക് സിനിമ എത്തും. തിയേറ്റര്‍ ഉടമകള്‍ തങ്ങളുടെ കൂടെ നില്‍ക്കണം.' അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.