കുഞ്ചാക്കോ ബോബനും നയന്‍താരയും ആദ്യമായി ഒന്നിക്കുന്ന ഏറ്റവും പുതിയ മലയാള ചിത്രം നിഴലിലെ പുതിയ പോസ്റ്റര്‍ കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ചു. ചിത്രത്തിലെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന കുട്ടിത്താരത്തെ പരിചയപ്പെടുത്തിക്കൊണ്ടാണ് കുഞ്ചാക്കോ ബോബന്‍ പോസ്റ്റര്‍ പങ്കുവെച്ചത്. ദുബായിലെ അന്താരാഷ്ട്ര പരസ്യമോഡലും മലയാളിയുമായ ഐസിന്‍ ഹാഷാണ് കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ച പോസ്റ്ററിലുള്ളത്. ഐസിനും ചിത്രത്തില്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എസ്.സഞ്ജീവ് തിരക്കഥയെഴുതിയ ഈ ത്രില്ലര്‍ സിനിമയുടെ സംവിധാനം നിര്‍വഹിക്കുന്നത് രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയ സിനിമകളുടെയും നിരവധി ഹിറ്റ് സിനിമകളുടെയും എഡിറ്ററായിരുന്ന അപ്പു ഭട്ടതിരിയാണ്.
60ല്‍ അധികം ഇംഗ്ലീഷ് അറബിക് പരസ്യങ്ങളില്‍ അഭിനയിക്കുകയും മോഡലാകുകയും ചെയ്‌ത ഐസിന്‍ ഹാഷ് ആദ്യമായി അഭിനയിക്കുന്ന സിനിമ കൂടിയാണ് നിഴല്‍. കിന്‍ഡര്‍ ജോയ്, ഫോക്‌സ്-വാഗണ്‍, നിഡോ, വാര്‍ണര്‍ ബ്രോസ്, ലൈഫ്ബോയ്, ഹുവായ് തുടങ്ങിയ അന്താരാഷ്‌ട്ര ബ്രാന്‍ഡുകളുടെ പരസ്യങ്ങളില്‍ അഭിനയിച്ച ഐസിന്‍ അറബിക് പരസ്യങ്ങളിലെ ‘എമിറാത്തി ബോയ്’ എന്ന പേരിലും പ്രശസ്തനാണ്.