കോട്ടയം: കേരളത്തില്‍ കഴിഞ്ഞ കുറച്ച് നാളുകള്‍ക്കിടെ നടന്ന ദുരഭിമാനക്കൊലകളുടെ പശ്ചാത്തലത്തില്‍ മലയാളത്തില്‍ സിനിമ ഒരുങ്ങുന്നു.'ഒരു ദുരഭിമാനക്കൊല' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരുക്കുന്നത് പുതുമുഖ സംവിധായകൻ മജോ മാത്യുവാണ്. ചിത്രത്തിന്‍റെ ടൈറ്റിൽ ലോഞ്ച് കോട്ടയത്ത് നടന്നു. കെവിൻ വധം അടക്കമുള്ളവയാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. കോട്ടയം ജില്ല കേന്ദ്രീകരിച്ചാണ് സിനിമയുടെ ചിത്രീകരണം.
ദുരഭിമാനക്കൊലയെ ആസ്പദമാക്കി മലയാള ചിത്രം ഒരുങ്ങുന്നു - ടെെറ്റില്‍ ലോഞ്ച്
പുതുമുഖ സംവിധായകൻ മജോ മാത്യു സംവിധാനം ചെയ്യുന്ന 'ഒരു ദുരഭിമാനക്കൊല' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ടൈറ്റിൽ ലോഞ്ച് കോട്ടയത്ത് നടന്നു.
ഇൻസ്പെയർ സിനിമ കമ്പനിയുടെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. പുതുമുഖ താരങ്ങളായ നന്ദു വിവേക്, നിവേദിത എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജാതി, മതം, കുടുംബ പാരമ്പര്യം എന്നിവ നോക്കാതെയുള്ള മക്കളുടെ തീരുമാനത്തിന് എതിര് മാതാപിതാക്കൾക്ക് വേണ്ടിയുള്ള ഒരു സന്ദേശമാണ് 'ദുരഭിമാനക്കൊല' എന്ന ചിത്രമെന്ന് സംവിധായകൻ മജോ മാത്യു പറഞ്ഞു. നടന്‍ അശോകൻ ആദ്യമായി സംഗീത സംവിധാനം നിർവഹിക്കുന്ന സിനിമ എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ഇന്ദ്രൻസ്, അശോകൻ, കിച്ചു, അംബിക മോഹൻ, സബിത തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.