മലയൻ കുഞ്ഞ് സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റ ഫഹദ് ഫാസിൽ സുഖം പ്രാപിക്കുന്നു. താരമിപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്. ഫഹദ് സുഖം പ്രാപിക്കുന്നുവെന്ന വിവരം ഭാര്യയും നടിയുമായ നസ്രിയ നസീമാണ് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. ഒപ്പം, വിശ്രമത്തിൽ കഴിയുന്ന ഫഹദിന്‍റെ ചിത്രങ്ങളും നസ്രിയ പോസ്റ്റിൽ ചേർത്തിട്ടുണ്ട്. "എല്ലാം ശരിയാകുന്നു" എന്നാണ് നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
ദുൽഖർ സൽമാൻ, സൗബിൻ ഷാഹിർ, വിനയ് ഫോർട്ട്, അന്ന ബൈൻ തുടങ്ങിയാ താരങ്ങൾ നസ്രിയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന് കമന്‍റ് നൽകി പ്രതികരിച്ചു.
കഴിഞ്ഞ ബുധനാഴ്‌ചയാണ് ഷൂട്ടിങ്ങിനിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടുമ്പോൾ ഫഹദിന്‍റെ മൂക്കിന് പരിക്കേറ്റത്. തുടർന്ന്, താരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെറിയ പരിക്കുകളായതിനാൽ ആശുപത്രി വിട്ട ശേഷം ഫഹദ് വീട്ടിൽ വിശ്രമത്തിൽ കഴിയുകയാണ്. എന്നാൽ, മലയൻ കുഞ്ഞിന്‍റെ ചിത്രീകരണം നിർത്തിവെച്ചിരിക്കുകയാണ്.
സർവൈവൽ ത്രില്ലറായി ഒരുക്കുന്ന മലയൻകുഞ്ഞ് സംവിധാനം ചെയ്യുന്നത് സജിമോൻ പ്രഭാകരനാണ്. സംവിധായകനും എഡിറ്ററുമായ മഹേഷ് നാരായണനാണ് ചിത്രത്തിന്‍റെ തിരക്കഥ തയ്യാറാക്കുന്നത്. ഫഹദ് ഫാസിലിന്‍റെ അച്ഛൻ ഫാസിൽ ചിത്രം നിർമിക്കുന്നു.