ന്യൂഡല്‍ഹി: ദേശീയതലത്തില്‍ തിളങ്ങി മലയാള സിനിമ. 2019ലെ ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച ചിത്രമടക്കം മലയാളത്തിന് പത്ത് പുരസ്കാരങ്ങള്‍. മരക്കാർ അറബിക്കടലിന്‍റെ സിംഹം ദേശീയ തലത്തില്‍ മികച്ച സിനിമയായി. ശരണ്‍ വേണുഗോപാല്‍ സംവിധാനം ചെയ്ത ഒരു പാതിരാ സ്വപ്‌നം പോലെ മികച്ച കുടുംബ ചിത്രവും ബിരിയാണി പ്രത്യേക ജൂറി പരാമർശവും നേടി.
മികച്ച നടനുള്ള അവാർഡ് മനോജ് ബാജ്പേയിയും (ഭോസ്‌ലെ), ധനുഷും (അസുരൻ) പങ്കിട്ടു. മികച്ച നടി മണികർണികയിലൂടെ കങ്കണ റണൗട്ടിന് ലഭിച്ചു. മികച്ച സഹനടി പല്ലവി ജോഷി. മികച്ച സഹനടൻ വിജയ് സേതുപതി (സൂപ്പർ ഡീലക്സ്).
മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരവും മേക്കപ്പ് ആർട്ടിസ്റ്റിനുള്ള പുരസ്‌കാരവും ഹെലൻ ചിത്രത്തിന് ലഭിച്ചു. സംവിധായകൻ മാത്തുക്കുട്ടി സേവ്യറും മേക്കപ്പ് മാൻ രഞ്ജിത് അമ്പാടിയുമാണ് അവാർഡ് ജേതാക്കളായത്. കോളാമ്പിയിലൂടെ "ആരോടും പറയാതെ വയ്യ" എന്ന ഗാനത്തിന് മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരത്തിന് പ്രഭ വർമ അർഹയായി. വിശ്വാസം എന്ന തമിഴ് ചിത്രത്തിലൂടെ ഡി. ഇമ്മൻ മികച്ച സംഗീത സംവിധായകനായി. മികച്ച ശബ്‌ദലേഖനത്തിന് റസൂൽ പൂക്കുട്ടി പുരസ്‌കാരാർഹനായി. മികച്ച നൃത്ത സംവിധായകൻ രാജു സുന്ദരം.