കൊച്ചിയിൽ നടക്കുന്ന ഐഎഫ്എഫ്കെയുടെ രണ്ടാം ഭാഗത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് സലിം കുമാറിനെ ഒഴിവാക്കിയെന്ന വാർത്ത വിവാദമായിരുന്നു. നടനെ ഒഴിവാക്കിയതല്ലെന്നും അദ്ദേഹത്തെ ക്ഷണിക്കാൻ വൈകിയതാണെന്നും സംഭവത്തിൽ താരത്തിന് ബുദ്ധിമുട്ടുണ്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കാൻ തയ്യാറാണെന്നും വിശദമാക്കി ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ പിന്നീട് രംഗത്തെത്തുകയും ചെയ്‌തു.
സലിം കുമാർ ഒരു കോൺഗ്രസുകാരനായതിനാലാണ് മേളയിൽ ക്ഷണം ലഭിക്കാത്തതെന്നായിരുന്നു ആരോപണം ഉയർന്നിരുന്നത്. എന്നാൽ, ഇടതുപക്ഷ വിശ്വാസിയായി ആയതുകൊണ്ട് മാത്രം കാര്യമില്ലെന്നും ചെയർമാന്‍റെ ഇഷ്ടക്കാരനായ ഇടതുപക്ഷക്കാരനായാലേ പ്രയോജനമുള്ളുവെന്നും പറയുകയാണ് ദേശീയ അവാര്‍ഡ് ജേതാവും സംവിധായകനുമായ വി.സി അഭിലാഷ്. "ദദ്ദായത് ഒന്നുകിൽ നീ ചെയർമാന്‍റെ ശിഷ്യനാവണം. അല്ലെങ്കിൽ കുറഞ്ഞപക്ഷം ചെയർമാന്‍റെ ജീവചരിത്ര പുസ്തകമെങ്കിലും എഴുതി അദ്ദേഹത്തിന്‍റെ ആത്മാവിൻ പുസ്തകത്താളിൽ ഇടം പിടിക്കണം." എങ്കിൽ മാത്രമേ തങ്ങളുടെ സിനിമകൾ മേളയിലേക്ക് തെരഞ്ഞെടുക്കപ്പെടുള്ളൂ എന്ന് സംവിധായകൻ തന്‍റെ ഫേസ്‌ബുക്ക് പേജിലെഴുതി. സലീമേട്ടനോട് പറയാനുള്ളത് എന്ന് കുറിച്ചു കൊണ്ടാണ് അഭിലാഷ് കുറിപ്പ് തുടങ്ങുന്നത്.
"ഈ അക്കാദമിയ്ക്ക് രാഷ്ടീയ താൽപര്യമുണ്ട് എന്ന പറഞ്ഞാ ഞാൻ സമ്മതിക്കൂല. ഞാൻ തിരുത്തും. കടുത്ത ഇടതുപക്ഷ വിശ്വാസിയായ എന്‍റെ സിനിമ (ആളൊരുക്കം) അവർ 'നിഷ്ക്കരുണം' തള്ളിയിട്ടുണ്ട്. അന്ന് എന്‍റെ അന്തഃകരണം എന്നോട് മന്ത്രിച്ചു, ''മോനേ.. നീ വെറും ഇടതുപക്ഷമായാൽപ്പോരാ.. ചെയർമാന്‍റെ ഇഷ്ടക്കാരനായ ഇടതുപക്ഷമാവണം. ദദ്ദായത് ഒന്നുകിൽ നീ ചെയർമാന്‍റെ ശിഷ്യനാവണം. അല്ലെങ്കിൽ കുറഞ്ഞപക്ഷം ചെയർമാന്‍റെ ജീവചരിത്ര പുസ്തകമെങ്കിലും എഴുതി അദ്ദേഹത്തിന്‍റെ ആത്മാവിൻ പുസ്തകത്താളിൽ ഇടം പിടിക്കണം. എന്നിട്ട് നീ സിനിമയുമായി ചെല്ല്. നിന്‍റെ സിനിമ ചെയർമാനും അങ്ങനെ അക്കാദമിയുടെ ഏത് ജൂറിക്കും പ്രിയപ്പെട്ടതാവും. ദദ്ദാണ് ദദ്ദിന്‍റെ ഒരു ദിത്. എന്ന് മറ്റൊരു പാവം നാഷണൽ അവാർഡ് ജേതാവ്- വി.സി.അഭിലാഷ്," ചലച്ചിത്രമേളയിലെ വ്യക്തിതാൽപര്യങ്ങളെ സംവിധായകൻ വിമർശിച്ചു.
വി.സി അഭിലാഷ് രചനയും സംവിധാനവും നിർവഹിച്ച് 2018ൽ പുറത്തിറങ്ങിയ ആളൊരുക്കം അദ്ദേഹത്തിന്‍റെ ആദ്യ സിനിമ കൂടിയാണ്. 65-ാമത് ദേശീയ അവാർഡ് നേടിയ ചിത്രമാണിത്. ആളൊരുക്കത്തിന് പുറമെ, ഒരു സുപ്രധാന കാര്യം എന്ന ചിത്രവും അദ്ദേഹം സംവിധാനം ചെയ്‌തിട്ടുണ്ട്.