"നിയമം പാലിക്കുന്നത് നല്ലതാണ്, പക്ഷെ അത് എല്ലാവർക്കും ഒരു പോലെ ബാധകമാക്കണം." വാഹനത്തില്‍ വച്ച നാടകത്തിന്‍റെ ബോര്‍ഡിന് അൽപം വലിപ്പം കൂടിയെന്ന പേരിൽ വലിയ തുക പിഴ ചുമത്തിയ മോട്ടോര്‍ വാഹന വകുപ്പിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. സംവിധായകന്‍ ബിജു ദാമോദരനും ഈ നടപടിക്കെതിരെ രൂക്ഷ വിമർശനം നടത്തി. അവരുടെ ഒരു ദിവസത്തെ നാടകത്തിൽ നിന്നുള്ള വരുമാനം മുഴുവൻ കൂട്ടിവച്ചാലും പിഴ അടയ്‌ക്കാൻ തികയില്ലയെന്ന് അദ്ദേഹം പോസ്റ്റ് ചെയ്‌ത ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു. സർക്കാർ വാഹനങ്ങൾ സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഉദ്യോഗസ്ഥരെയും ഇങ്ങനെ നിയമത്തിന് വിധേയമാക്കണമെന്ന് ദേശീയ അവാർഡ് ജേതാവ് കൂടിയായ സംവിധായകൻ വ്യക്തമാക്കി. വണ്ടിയുടെ ബോര്‍ഡ് അളക്കാന്‍ കാണിക്കുന്ന ഉദ്യോഗസ്ഥരുടെ ഉത്സാഹം പാവങ്ങളെ നിയമത്തിന്‍റെ പേരിൽ ദ്രോഹിക്കുന്നതിന് ഉദാഹരണമാണെന്നും അദ്ദേഹം പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടുന്നു.
നാടക കലാകാരന്മാർക്ക് നൽകിയ പിഴ; വിമർശിച്ച് സംവിധായകൻ ബിജു ദാമോദരൻ - ഡോ. ബിജു
പാവപ്പെട്ടവന് മേൽ മാത്രം നിയമം പ്രയോഗിക്കുന്ന ഉദ്യോഗസ്ഥർ സർക്കാർ വാഹനങ്ങൾ സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ വാഹനങ്ങളും പരിശോധിക്കണമെന്നും എല്ലാവർക്കും തുല്യ നിയമമാണ് വേണ്ടതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.
"ആലുവ അശ്വതി തിയറ്റേഴ്‌സിന്‍റെ നാടക വണ്ടി മോട്ടോർ വാഹന വകുപ്പ് റോഡിൽ പരിശോധിക്കുന്നതിന്‍റെ ഒരു ദൃശ്യം കണ്ടു. വാഹനത്തിൽ വെച്ചിരിക്കുന്ന നാടക സമിതിയുടെ ബോർഡ് അൽപം വലുപ്പം കൂടുതൽ ആണത്രേ..ടേപ്പുമായി വണ്ടിയിൽ വലിഞ്ഞു കയറി ബോർഡിന്‍റെ അളവെടുക്കുന്ന ഉദ്യോഗസ്ഥരെയും ദൃശ്യത്തിൽ കാണാം. നാടക വണ്ടിയിൽ നാടക സമിതിയുടെ ബോർഡ് വെച്ചത് ഏതാനും സെന്‍റീമീറ്റർ കൂടിപ്പോയി എന്ന ഭൂലോക ക്രിമിനൽ കുറ്റത്തിന് ആ നാടക കലാകാരന്മാർക്ക് വലിയ ഒരു തുക പിഴ അടിച്ചു കൊടുക്കുകയും ചെയ്‌തു. അവരുടെ ഒരു ദിവസത്തെ നാടകത്തിന്‍റെ മുഴുവൻ കാശും കൂട്ടിയാലും വീണ്ടും പിഴ തുകയ്ക്കായി കാശ് കണ്ടെത്തേണ്ടി വരും ആ നാടക കലാകാരന്മാർക്ക്.."
പാവപ്പെട്ടവന് മേൽ മാത്രം നിയമം പ്രയോഗിക്കുന്ന ഉദ്യോഗസ്ഥർ നമ്മുടെ സാമൂഹിക- രാഷ്ട്രീയ- സാംസ്കാരിക രംഗത്ത് നാടകത്തിനുള്ള മൂല്യം അറിയാത്തവർ കൂടിയാണെന്ന് ബിജു ദാമോദരൻ കൂട്ടിച്ചേർക്കുന്നുണ്ട്. "നിയമം ഒക്കെ പാലിക്കുന്നത് കൊള്ളാം പക്ഷെ അത് എല്ലാവർക്കും ഒരു പോലെ ആകണം. സർക്കാർ വാഹനത്തിൽ പച്ചക്കറി മേടിക്കാനും മക്കളെ സ്‌കൂളിൽ വിടാനും വീട്ടുകാർക്ക് ഷോപ്പിംഗിനും ബാഡ്മിന്‍റണും ഗോൾഫും കളിക്കാനും പോകുന്ന ഉദ്യോഗസ്ഥരെകൂടി പിടിച്ചു പിഴ ചുമത്തണം, പാവം നാടക കലാകാരന്മാരുടെ വണ്ടിയുടെ ബോർഡ് അളക്കാൻ കാണിക്കുന്ന ഈ ഉത്സാഹം സിനിമാ താരങ്ങളുടെയും, രാഷ്ട്രീയ നേതാക്കളുടെയും സമൂഹത്തിലെ മറ്റ് ഉയർന്ന ആളുകളുടെയും വാഹനങ്ങൾ കൂടി പരിശോധിക്കാൻ ഉണ്ടാകണം. പറഞ്ഞാൽ ഒത്തിരി കാര്യങ്ങൾ പറയേണ്ടി വരും..നിയമം നടപ്പിലാക്കേണ്ടത് സാധാരണക്കാരന്‍റെ മാത്രം നെഞ്ചത്തു കയറിയില്ല..മലയാളിയുടെ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക രംഗത്തു നാടകത്തിനുള്ള സ്ഥാനം ഈ ഉദ്യോഗസ്ഥർക്ക് അറിയാൻ യാതൊരു സാധ്യതയും ഇല്ലല്ലോ..സാമൂഹ്യ ബോധവും സാംസ്‌കാരിക ബോധവും എല്ലാവർക്കും ഉണ്ടായിക്കൊള്ളണം എന്നില്ലല്ലോ..." അദ്ദേഹം കുറിച്ചു.