സമാന്തര സിനിമകളിലും എന്‍റർടയ്ൻമെന്‍റ്, സോഷ്യൽ ഡ്രാമ, കോമഡി, ത്രില്ലർ സിനിമ മേഖലകളിലെല്ലാം തന്‍റേതായ കയ്യൊപ്പ് പതിപ്പിച്ച, ഇന്ത്യൻ ചലച്ചിത്ര മേഖലയുടെ സ്വകാര്യ അഹങ്കാരമായ നസറുദ്ദീൻ ഷായ്ക്ക് ഇന്ന് 71-ാം ജന്മദിനം. പദ്‌മശ്രീ, പദ്‌മഭൂഷൺ എന്നിവയുൾപ്പെടെ നിരവധി ദേശീയ-അന്തർദേശീയ ബഹുമതികൾ സ്വന്തമാക്കാൻ നസറുദ്ദീൻ ഷായ്ക്ക് 47 വർഷത്തെ അഭിനയ ജീവിതം കൊണ്ട് സാധിച്ചിട്ടുണ്ട്.
ഹിന്ദിയ്ക്ക് പുറമെ ഉർദു, മലയാളം ഭാഷകളിലും ഷാ സുപരിചിതനാണ്. 100ലധികം ചിത്രങ്ങളിൽ അഭിനയം കൊണ്ട് ആരാധകരെ വിസ്മയിപ്പിച്ച നസറുദ്ദീൻ ഷാ, തന്‍റെ ഓരോ ചിത്രങ്ങളും അഭിനയം പഠിക്കുന്നവർക്ക് ഓരോ പാഠപുസ്തകങ്ങളാവുന്ന തരത്തിലാണ് പ്രേക്ഷകരിലേക്ക് സമർപ്പിച്ചിരിക്കുന്നത്. ഉത്തര്‍ പ്രദേശിലെ ബാരബാങ്കി ജില്ലയില്‍ 1950ന് ജനിച്ച നസറുദ്ദീൻ ഷാ തന്‍റെ 25-ാം വയസിലാണ് വെള്ളിത്തിരയിലെ ജീവിതം ആരംഭിക്കുന്നത്. അതും ശ്യാം ബെനഗൽ ചിത്രമായ നിഷാന്തിലൂടെ. 1980കൾ കണ്ടത് നസറുദ്ദീൻ ഷാ ബോളിവുഡിന്‍റെ മുഖമായി മാറുന്ന കാഴ്ചയായിരുന്നു.
സ്പാർഷ് സിനിമയിൽ അന്ധൻ കഥാപാത്രത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച നസറുദ്ദീൻ ഷായെ കാത്തിരുന്നത് 1979ലെ മികച്ച നടനുള്ള ദേശീയ പുരസ്കാരം ആയിരുന്നു. മൊഹ്‌റ, ചാഹത്, സർഫരോഷ്, ക്രിഷ് സിനിമകളിലെ പ്രതിനായകൻ പ്രേക്ഷകരിൽ അത്ഭുതമുണർത്തി എന്ന് മാത്രമല്ല, മികച്ച വില്ലനുള്ള ഫിലിം ഫെയറും ഈ ചിത്രങ്ങളിലൂടെ അദ്ദേഹം സ്വന്തമാക്കി. 1993ൽ പ്രദർശനത്തിനെത്തിയ പൊന്തൻമാട എന്ന മലയാള ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം ഷാ അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പൊന്തൻമാട എന്ന അടിമയായി മമ്മൂട്ടി അരങ്ങുതകർത്തപ്പോൾ, ഐറിഷ് റിപബ്ലിക് ആര്‍മിയെ പിന്തുണച്ചതിന് ഇംഗ്ലണ്ടിൽ നിന്നും ബ്രിട്ടീഷ് ഇന്ത്യയിലേക്ക് പുറംതള്ളപ്പെട്ട ശീമ തമ്പുരാനായി ഷാ വിസ്മയിപ്പിച്ചു.