കൈതി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ലോകേഷ് കനകരാജുമായി വീണ്ടും ഒരുമിക്കുകയാണ് മലയാളിതാരം നരേന്‍. കമൽ ഹാസൻ നായകനാകുന്ന 'വിക്രം' എന്ന ചിത്രത്തിലാണ് നടന്‍ നിർണായക കഥാപാത്രമായി എത്തുന്നത്.
സിനിമയുടെ ചിത്രീകരണത്തിന് എത്തിയ വിശേഷം പങ്കിട്ട് തന്‍റെ ജീവിതത്തിലെ ഏറെ സന്തോഷകരമായ നിമിഷത്തെക്കുറിച്ച് വാചാലനാവുകയാണ് നരേന്‍.
കമൽ ഹാസനൊപ്പം ചേര്‍ന്നുനിൽക്കുന്ന ലൊക്കേഷൻ ചിത്രം ട്വീറ്റ് ചെയ്‌തുകൊണ്ടാണ് നരേന്‍ വിക്രത്തിന്‍റെ ഭാഗമായ വിവരം ആരാധകരെ അറിയിച്ചത്. ചിത്രത്തിൽ ഉലകനായകൻ, നരേന്‍റെ തോളിൽ കൈയിട്ട് നിൽക്കുന്നതും കാണാം.
ഫാൻ ബോയിയുടെ സ്വപ്‌നസാക്ഷാത്ക്കാരം
'ഒരു നടനാകുന്നതിൽ തനിക്ക് വളരെ പ്രചോദനമായ ഇതിഹാസത്തിനൊപ്പം സ്‌ക്രീൻ പങ്കിടുന്നു, ഒരു ഫാൻ ബോയിയുടെ സ്വപ്‌നം യാഥാർഥ്യമാകുന്നു,' - നരേന്‍ കുറിച്ചു.
ഫഹദ് ഫാസിൽ, കാളിദാസ് ജയറാം തുടങ്ങി മലയാളത്തിലെ പ്രശസ്‌ത താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. വിജയ് സേതുപതിയാണ് മറ്റൊരു പ്രധാന താരം.
ബിഗ് ബോസ് തമിഴ് സീസൺ 4 മത്സരാർഥി ശിവാനി നാരായണനാണ് വിജയ് സേതുപതിയുടെ ജോഡിയായി അഭിനയിക്കുന്നത്.
More Read: സിംഹം എന്നും സിംഹം തന്നെ: ഉലകനായകന്‍റെ 62 സിനിമാവർഷങ്ങൾക്ക് ആശംസ അറിയിച്ച് വിക്രം ടീം
ജല്ലിക്കട്ട്, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്നീ ചിത്രങ്ങളുടെ കാമറാമാൻ ഗിരീഷ് ഗംഗാധരൻ വിക്രത്തിന് ഫ്രെയിമുകൾ ഒരുക്കുന്നു. അനിരുദ്ധ് രവിചന്ദർ, പൊളിറ്റിക്കൽ ത്രില്ലർ ചിത്രത്തിന് സംഗീതമൊരുക്കുന്നു.