മരണവാര്‍ത്ത സഹിക്കാനാവുന്നില്ല, സച്ചിയുടെ വിയോഗത്തില്‍ കരഞ്ഞ് നഞ്ചിയമ്മ - സച്ചി അനുശോചനം
തന്നെ നാട്ടില്‍ അറിയപ്പെടുന്ന ആളാക്കി മാറ്റിയത് സച്ചി സാറാണെന്ന് നഞ്ചിയമ്മ പറയുന്നു

സച്ചിയുടെ സംവിധാനത്തില്‍ അവസാനമായി പുറത്തിറങ്ങിയ ചിത്രമാണ് 2020ലെ ആദ്യ ഹിറ്റുകളിലൊന്നായ അയ്യപ്പനും കോശിയും. ചിത്രത്തിലെ 'കലക്കാത്ത', 'ദൈവമകളെ' എന്നീ ഗാനങ്ങള്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ഈ ഗാനങ്ങള്‍ ആലപിച്ചത് അട്ടപ്പാടി സ്വദേശിനിയായ നഞ്ചിയമ്മയായിരുന്നു. ഇപ്പോള്‍ ചിത്രത്തിന്‍റെ സംവിധായകന്‍ സച്ചിയുടെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ വിങ്ങിപ്പൊട്ടുകയാണ് നഞ്ചിയമ്മ. തന്നെ നാട്ടില്‍ അറിയപ്പെടുന്ന ആളാക്കി മാറ്റിയത് സച്ചി സാറാണെന്ന് നഞ്ചിയമ്മ പറയുന്നു. 'ആട് മാട് മേച്ച് നടന്ന എന്നെ സച്ചി സാറാണ് നാട്ടില്‍ അറിയുന്ന ആളാക്കി മാറ്റിയത്. എനിക്കറിയില്ല എന്ത് പറയണമെന്ന്... കുറച്ച് ദിവസം മുമ്പ് കാണാന്‍ വരുമെന്ന് പറഞ്ഞിരുന്നു. ഈ മരണം സഹിക്കാനാവുന്നില്ല' നഞ്ചിയമ്മ മാധ്യമങ്ങളോട് പറഞ്ഞു. സച്ചിക്ക് നഞ്ചമ്മയുടെ എല്ലാ പാട്ടുകളും ഇഷ്ടമായിരുന്നുവെങ്കിലും ദൈവമകളെയിരുന്നു ഏറെ പ്രിയപ്പെട്ടത്. പാട്ടുകാരി ആയിരുന്നുവെങ്കിലും നഞ്ചിയമ്മ ലോകം അറിയപ്പെടുന്ന ഒരു ഗായികയായി മാറിയത് അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെയായിരുന്നു. സിനിമക്ക് ശേഷവും നഞ്ചിയമ്മയുടെ വിശേഷങ്ങള്‍ ചോദിച്ചറിയാന്‍ സച്ചി മടിച്ചിരുന്നില്ലെന്നും നഞ്ചിയമ്മ പറയുന്നു.