നഞ്ചമ്മയും ചിരിയും ഒപ്പം അവരുടെ പാട്ടുകളും വിശേഷങ്ങളുമെല്ലാം അറിയാൻ പ്രേക്ഷകന് ഇനി പുതിയ സിനിമ റിലീസ് ആകുന്നത് വരെ കാത്തിരിക്കേണ്ട. അയ്യപ്പനും കോശിയിലൂടെ ഗായികയായും അഭിനേതാവായും മലയാള സിനിമയിലെത്തിയ നഞ്ചമ്മ സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചിരിക്കുകയാണ്. അട്ടപ്പാടിയുടെ പാട്ടുകളും തനത് കൃഷി രീതികളും പാചക രീതികളും അട്ടപ്പാടിയിലെ മറ്റ് സവിശേഷതകളും തന്‍റെ അനുഭവങ്ങളുമായൊക്കെ നവമാധ്യമത്തിലൂടെ നഞ്ചമ്മ ഇനി ഇടക്കിടക്ക് എത്തും. കാലവും പ്രകൃതിയും നൽകിയ ഗോത്രസംഗീതത്തിലൂടെ മലയാളിക്ക് വീണ്ടും സംഗീത വിരുന്നൊരുക്കുന്നതിന് താൻ യൂട്യൂബ് ചാനൽ ആരംഭിച്ചെന്ന വിശേഷം നഞ്ചമ്മ തന്നെയാണ് ആരാധകരുമായി പങ്കുവച്ചതും.
പാട്ടുകളും വിശേഷങ്ങളുമായി നഞ്ചമ്മ ഇനി യൂട്യൂബിലും - biju menon
അട്ടപ്പാടിയുടെ പാട്ടുകളും തനത് കൃഷി രീതികളും പാചക രീതികളും അട്ടപ്പാടിയിലെ മറ്റ് സവിശേഷതകളും തന്‍റെ അനുഭവങ്ങളുമൊക്കെ ഇനിമുതൽ നഞ്ചമ്മ യൂട്യൂബ് ചാനലിലൂടെ അവതരിപ്പിക്കും
നഞ്ചമ്മ
സച്ചി സംവിധാനം ചെയ്‌ത 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിലെ "കലക്കാത്ത...", "ദൈവമകൾ..." എന്നീ രണ്ട് ഗാനങ്ങളും ആലപിച്ചത് അട്ടപ്പാടി സ്വദേശിയായ നഞ്ചമ്മയായിരുന്നു. കൂടാതെ, ചിത്രത്തിൽ അയ്യപ്പൻ നായരുടെ ഭാര്യ കണ്ണമ്മയുടെ അമ്മയായും ഇവർ വേഷമിട്ടിരുന്നു. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച പൃഥ്വിയെയും ബിജു മേനോനെയും അറിയില്ല എന്ന നഞ്ചമ്മയുടെ നിഷ്‌കളങ്കമായ മറുപടിയും ചിരിയും നഞ്ചമ്മ എന്ന കലാകാരിയിലേക്ക് പ്രേക്ഷകനെ കൂടുതൽ ആകർഷിച്ചതുമാണ്.