തന്‍റെ മക്കൾക്കൊപ്പം നിൽക്കുന്ന ഫോട്ടോ പങ്കുവെച്ച നടിയും നിർമാതാവുമായ സാന്ദ്രാ തോമസിന് ലഭിച്ച അശ്ലീല കമന്‍റിന് മറുപടി നൽകി സംഗീത സംവിധായകൻ കൈലാസ് മേനോൻ. നടിക്ക് നേരെ അശ്ലീല കമന്‍റിട്ടയാളുടെ സ്ക്രീൻഷോട്ട് സഹിതം പങ്കുവെച്ചാണ് കൈലാസ് ഈ വിഷയത്തിൽ പ്രതികരിച്ചത്. ഒപ്പം, കമന്‍റിനെതിരെ സാന്ദ്ര പ്രതികരിച്ച രീതിയെയും അദ്ദേഹം പ്രശംസിക്കുന്നുണ്ട്.
സൈബർ ബുള്ളിയിങ്ങിനെതിരെ സാന്ദ്ര; ബഹുമാനം തോന്നിയെന്ന് കൈലാസ് മേനോൻ - kailas and sandra
നടിക്ക് നേരെ അശ്ലീല കമന്‍റിട്ടയാളുടെ കുടുംബത്തെ കൂടി പരിഗണിച്ച് അയാൾക്ക് പേഴ്‌സണൽ മെസേജ് അയച്ച നടി സാന്ദ്രയെ അഭിനന്ദിക്കുന്നതിനൊപ്പം സൈബർ ബുള്ളിങ്ങിനെതിരെ രൂക്ഷ വിമർശനവും സംഗീത സംവിധായകൻ കൈലാസ് മേനോൻ തന്‍റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
രണ്ട് വയസ്സുള്ള ഇരട്ടക്കുട്ടികളെ കിണറ്റിൻ കരയിൽ നിർത്തി തലയിൽ വെള്ളമൊഴിക്കുന്ന വീഡിയോക്ക് ലഭിച്ച കമന്‍റ് "ആ പിള്ളേരേ വെറുതെ വിട്, എന്നിട്ട് നീ തുണി ഊരി കുറച്ചു വെള്ളം അടിച്ചു കെറ്റൂ" എന്നായിരുന്നു. എന്നാൽ, ഇത്തരമൊരു കമന്‍റിട്ടയാളെ പൊതുസമൂഹത്തിൽ കൊണ്ടുവന്ന് അപമാനിക്കാതെ അയാളുടെ കുടുംബത്തെയും മക്കളെയുമോർത്ത് സാന്ദ്ര തോമസ് പേഴ്‌സണൽ മെസേജ് അയച്ചാണ് പ്രതികരിച്ചത്. ശരിക്കും സ്ത്രീകളോട് ഇത്ര മോശമായി പെരുമാറുന്ന ആളുകളുടെ പേരും ഫോട്ടോയും മറച്ചുവെക്കാതെ അത് മറ്റുള്ളവരുടെ ശ്രദ്ധയിൽ കൊണ്ടുവരണമെന്നാണ് താൻ ആഗ്രഹിച്ചിരുന്നതെന്ന് പറഞ്ഞ കൈലാസ് മേനോൻ, ഫേസ്‌ബുക്ക് കമന്‍റിട്ടയാളുടെ കുടുംബത്തെ കൂടി പരിഗണിച്ച് സാന്ദ്ര നടത്തിയ പ്രതികരണത്തിൽ അഭിമാനമുണ്ടെന്നും വ്യക്തമാക്കുന്നു. പക്ഷേ, സാന്ദ്രയെ അഭിനന്ദിക്കുന്നതിനൊപ്പം അശ്ലീലമായി കമന്‍റിട്ടയാളുടെ സ്ക്രീൻഷോട്ട് ഉൾപ്പെടുത്തുന്നത് സൈബർ ബുള്ളിങ്ങ് മറ്റൊരു തലത്തിലേക്ക് പോകുകയാണെന്നും ഇനിയെങ്കിലും ഇത്തരം പ്രവണതകൾ ഉള്ളവർ അതിൽ നിന്നും പിന്മാറാണമെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വിശദീകരിച്ചു. സാക്ഷരതയും സാമാന്യ വിവേകവും തമ്മിൽ വലിയ അന്തരമുണ്ടെന്നതാണ് സ്‌ത്രീകളോട് അപമര്യാദയായി പെരുമാറുന്ന സംഭവങ്ങൾ വ്യക്തമാക്കുന്നതെന്നും കൈലാസ് മേനോൻ കുറിപ്പിൽ പരാമർശിക്കുന്നുണ്ട്.