ദേശീയ അവാർഡ് ജേതാവും പ്രശസ്ത സംഗീത സംവിധായകനുമായ ഐസക് തോമസ് കൊട്ടുകപ്പള്ളി അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. പാലാ സ്വദേശിയായ കൊട്ടുകപ്പള്ളി തിരക്കഥാകൃത്തായും പ്രശസ്‌തനാണ്. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സംവിധാനത്തിലും തിരക്കഥയിലും പിജി ഡിപ്ലോമ നേടി. കൊടൈക്കനാല്‍ സ്കൂളിലെ അമേരിക്കന്‍ ടീച്ചേഴ്സില്‍ നിന്ന് രണ്ടുവര്‍ഷത്തെ പഠനത്തിനു ശേഷം ലണ്ടൻ ട്രിനിറ്റി കോളജ് ഓഫ് മ്യൂസിക്കിൽ നിന്നും പിയാനോയില്‍ ആറാം ഗ്രേഡ് നേടി. അരവിന്ദൻ, അടൂർ ഗോപാലകൃഷ്‌ണൻ, ടിവി ചന്ദ്രൻ, ജാനകി വിശ്വനാഥൻ തുടങ്ങിയ ലോകപ്രശസ്‌തരായ സംവിധായകർക്കൊപ്പം പ്രവർത്തിച്ചു.
ആദാമിന്‍റെ മകന്‍ അബു ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിലൂടെ മികച്ച സംഗീത സംവിധാനത്തിനുള്ള ദേശീയ പുരസ്‌കാരവും കേരളമണ്ണിലെത്തിച്ചു. തുടർച്ചയായ മൂന്ന് വർഷം മികച്ച പശ്ചാത്തലസംഗീതത്തിന് സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കി. ഭവം, മാർഗം, സഞ്ചാരം, ഒരിടം എന്നീ ചിത്രങ്ങളിലൂടെയായിരുന്നു പുരസ്‌കാര നേട്ടം. 2010ൽ ആദാമിന്‍റെ മകൻ അബു ചിത്രത്തിനും സംസ്ഥാന പുരസ്‌കാരം ലഭിച്ചു.
പ്രശസ്ത സംവിധായകന്‍ കെ.ജി ജോര്‍ജിന്‍റെ മണ്ണിലൂടെയാണ് ഐസക് തോമസ് കൊട്ടുകപ്പള്ളിയുടെ സിനിമാപ്രവേശം. ജി അരവിന്ദനൊപ്പം തമ്പ്, എസ്തപ്പാൻ, കുമ്മാട്ടി ചിത്രങ്ങളിൽ തിരക്കഥയിൽ പ്രവർത്തിച്ചു. എസ്‌തപ്പാനിലെ പശ്ചാത്തലസംഗീതമൊരുക്കി ആദ്യമായി സംഗീത സംവിധായകനായി. അരവിന്ദന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, ടി.വി ചന്ദ്രന്‍, ഷാജി എന്‍.കരുണ്‍, ഗിരീഷ് കാസറവള്ളി, കവിത ലങ്കേഷ്, ജാനകി വിശ്വനാഥന്‍ തുടങ്ങിയ പ്രമുഖ സംവിധായകർക്കൊപ്പവും പ്രവർത്തിച്ചു. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, ഹിന്ദി സിനിമകളിലും സംഗീത സംവിധായകനായി ശ്രദ്ധേയനായി.
സിനിമയും സംഗീതവും വായനയും ഫോട്ടോഗ്രാഫിയുമാണ് തനിക്കേറെ പ്രിയപ്പെട്ട വിനോദങ്ങൾ എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. വലിയ ജനപ്രിയത കൊട്ടുകപ്പള്ളിക്ക് അനിവാര്യമല്ലായിരുന്നു. എന്നാൽ, ഇതിഹാസ സംവിധായകർക്കൊപ്പം പ്രവർത്തിച്ച കലാകാരന്‍റെ സംഗീതത്തിലും തിരക്കഥയിലും പ്രതിഫലിച്ച പാണ്ഡിത്യം അദ്ദേഹത്തെ ദേശീയ അംഗീകാരങ്ങൾക്കും അർഹനാക്കി. എന്നാൽ, ചലച്ചിത്രമേഖല കലാകാരനെ എത്രത്തോളം വിനിയോഗിച്ചുവെന്നതും അസംതൃപ്‌തിയുള്ള മറുപടി തരുന്നു.
ഇന്ത്യൻ ചലച്ചിത്ര സംഗീതത്തിലെയും ഉൽപ്പന്ന സംഗീതത്തിലെയും പേര് കേട്ട നാമമാണ് ഐസക് തോമസ് കൊട്ടുകപ്പള്ളി. സംഗീതത്തിലെ അഗാധമായ പാണ്ഡിത്യം, തിരക്കഥ രചനയിലുള്ള ആഴം, പരസ്യചിത്രങ്ങൾക്ക് സംഗീതം പകരുമ്പോഴുള്ള അവബോധം, കൊട്ടുകപ്പള്ളിയുടെ സാന്നിധ്യമറിഞ്ഞ സിനിമയുടെ ഓരോ ഭാഗവും അതിന്‍റെ തെളിച്ചം വ്യക്തമാക്കിയിട്ടുണ്ട്.