കൊവിഡിനെപ്പോലെ തൊഴിലില്ലായ്മയും ജീവനെടുക്കുന്ന വൈറസെന്ന് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. കൊറോണയുടെ മുന്നേറ്റം തടയേണ്ടെത് തന്നെയാണ്. അതുപോലെ തൊഴിലില്ലായ്‌മയെയും ഭയക്കണമെന്ന് മുരളി ഗോപി ആശങ്ക പങ്കുവച്ചു.
'കൊറോണയുടെ മുന്നേറ്റത്തെ തടയേണ്ടത് തന്നെയാണ്. പക്ഷെ.., കൊറോണയെ മാത്രമല്ല നാം ഭയക്കേണ്ടത്. തൊഴിലില്ലായ്മ, ജീവനെടുക്കുന്ന ഒരു വൈറസ്സാണ്. അത് തൊഴിലാളികളിൽ ഉണ്ടാക്കുന്ന മാനസികവ്യഥ, മൃത്യുദാതാവായ മറ്റൊരു വൈറസ്സാണ്. സാമ്പത്തിക അരക്ഷിതാവസ്‌ഥ ഉണ്ടാക്കുന്ന ഭ്രാന്തും അതിതീവ്ര വ്യാപനമുള്ള ഒരു വൈറസ്സാണ്. കരുതൽ ഉണ്ടാകട്ടെ. കാവലും,' എന്ന് മുരളി ഗോപി ഫേസ്ബുക്കിൽ പറഞ്ഞു.
ലോക്ക് ഡൗണും തൊഴിലില്ലായ്‌മയും
കൊവിഡ് ഒന്നാം തരംഗത്തിലും, ഇക്കഴിഞ്ഞ ഫെബ്രുവരി അവസാനം പുറപ്പെട്ട രണ്ടാം തരംഗത്തിലും നിരവധി കുടുംബങ്ങളാണ് ദുരിതത്തിലായത്. സാർവത്രമേഖലയിലും കൊവിഡിനെ തുടർന്നുണ്ടായ അടച്ചുപൂട്ടൽ സാരമായി ബാധിച്ചിട്ടുണ്ട്. രാജ്യത്ത് ഒരു കോടി ജനങ്ങൾക്ക് തൊഴിൽ നഷ്‌ടമായെന്നാണ് സെന്‍റര്‍ ഫോര്‍ മോണിറ്ററിങ്ങ് ഇന്ത്യന്‍ എക്കോണമി നടത്തിയ പഠനറിപ്പോർട്ട് വ്യക്തമാക്കുന്നത്.
കൂടാതെ, 97 ശതമാനം കുടുംബങ്ങളുടെ വരുമാനത്തിലും ലോക്ക് ഡൗൺ ഇടിവുണ്ടാക്കി. ഏപ്രില്‍ മാസത്തില്‍ എട്ട് ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്കെങ്കിൽ മെയ് മാസത്തില്‍ ഇത് 12 ശതമാനത്തിലേക്ക് വർധിക്കുകയായിരുന്നു.
Also Read: മിമിക്രി 'കൊലകാരന്മാർ'ക്കെതിരെ ഷമ്മി തിലകൻ
2020ൽ രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക് ഡൗണിലുണ്ടായ സാമ്പത്തിക ആഘാതത്തിൽ നിന്ന് കരകയറുമ്പോഴായിരുന്നു, ഇന്ത്യയിൽ കൊവിഡ് അതിരൂക്ഷമായതും എല്ലാ സംസ്ഥാനങ്ങളും വീണ്ടും അടച്ചുപൂട്ടലിലേക്ക് നീങ്ങിയതും.