സിനിമാറ്റോഗ്രാഫ് നിയമം ഭേദഗതി ചെയ്യുന്ന കേന്ദ്രസർക്കാർ നയത്തെ വിമർശിച്ച് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. 'ബലേ ഭേഷ്! ഇനി ഇതും കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂ' എന്ന് കുറിച്ചുകൊണ്ടാണ് മുരളി ഗോപി കേന്ദ്രത്തിന്‍റെ പുതിയ സിനിമ നിയമ കരടിനെതിരെ പ്രതികരിച്ചത്. 'സേ നോ ടു സെന്‍സര്‍ഷിപ്പ്' എന്ന ഹാഷ് ടാഗും മുരളി ഗോപി ഫേസ്‌ബുക്ക് പോസ്റ്റിനൊപ്പം എഴുതിയിട്ടുണ്ട്.
സെൻസർ ബോർഡ് പ്രദർശന അംഗീകാരം നൽകുന്ന സിനിമകൾ ആവശ്യമെങ്കിൽ തിരിച്ചുവിളിച്ച് വീണ്ടും പരിശോധിക്കാൻ കേന്ദ്രത്തിന് അധികാരം നൽകിക്കൊണ്ട് സിനിമാറ്റോഗ്രാഫ് നിയമം ഭേദഗതി ചെയ്യുന്നു. നിലവിലെ നിയമത്തിലുണ്ടായിരുന്ന ഈ വ്യവസ്ഥ 2000ത്തിൽ കോടതി റദ്ദാക്കിയിരുന്നു. ഭേദഗതി നിയമത്തിലൂടെ വ്യവസ്‌ഥ പുനഃസ്ഥാപിക്കുകയാണ് ലക്ഷ്യം എന്ന കേന്ദ്രസർക്കാരിന്‍റെ ഉത്തരവും മുരളി ഗോപി ഫേസ്ബുക്കിൽ പങ്കുവച്ചു.
Also Read: നിലപാട് പ്രഖ്യാപിച്ച യാത്ര; കേരളത്തിലെ ആരാധകർ ഒരുക്കിയ പിറന്നാൾ ഡിപി
അമേരിക്കന്‍ അഭിഭാഷകനായ ജസ്റ്റിസ് പോട്ടര്‍ സ്റ്റുവാര്‍ട്ടിന്‍റെ സെന്‍സര്‍ഷിപ്പിനെ കുറിച്ചുള്ള വാക്കുകളും താരത്തിന്‍റെ വിമർശന പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു സമൂഹത്തിന്‍റെ ആത്മവിശ്വാസമില്ലായ്മയാണ് സെന്‍സര്‍ഷിപ്പിലൂടെ പ്രതിഫലിക്കുന്നത് എന്ന ജസ്റ്റിസ് പോട്ടര്‍ സ്റ്റുവാര്‍ട്ടിന്‍റെ പരാമർശമാണ് മുരളി ഗോപി പങ്കുവെച്ചത്.
കേന്ദ്രത്തിന്‍റെ നിയമഭേദഗതി
1952ലെ നിയമപ്രകാരം യു പൊതുപ്രദര്‍ശനത്തിന് യോഗ്യമായത്, എ –പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം എന്നിങ്ങനെ രണ്ട് കാറ്റഗറികള്‍ മാത്രമായിരുന്നു സിനിമ സർട്ടിഫിക്കേഷനിൽ ഉണ്ടായിരുന്നത്. 1982ൽ പുതിയ രണ്ട് കാറ്റഗറികള്‍ കൂടി ഉള്‍പ്പെടുത്തി. 1952ലെ സിനിമാറ്റോഗ്രാഫ് നിയമത്തിൽ മാറ്റം വരുത്തി, പ്രായമനുസരിച്ച് മൂന്ന് കാറ്റഗറികളായി തിരിച്ച് സിനിമകള്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ നടത്താനാണ് കേന്ദ്രസർക്കാരിന്‍റെ പുതിയ തീരുമാനം.
സർട്ടിഫിക്കേഷനിലൂടെ പ്രദർശന അംഗീകാരം നേടിയ സിനിമകൾ ആവശ്യമെങ്കിൽ തിരിച്ചുവിളിച്ച് വീണ്ടും പരിശോധിക്കാനും കേന്ദ്രത്തിന് അധികാരമുണ്ടെന്നും ഭേദഗതിയിൽ പറയുന്നു. ഇതു സംബന്ധിച്ച കരടുരേഖ അഭിപ്രായം തേടുന്നതിനായി പൊതുജനത്തിന് മുന്‍പില്‍ വക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു.