കേരളം

kerala

ETV Bharat / sitara

രണ്ടാമൂഴം സിനിമയാക്കരുത്; എം.ടി വാസുദേവന്‍ നായര്‍ സുപ്രീംകോടതിയില്‍ - MT Vasudevan Nair

മധ്യസ്ഥതക്ക് ഇല്ലെന്നും തിരക്കഥ തിരിച്ചുതരണമെന്നുമാണ് എം.ടി വാസുദേവന്‍ നായരുടെ ആവശ്യം

MT Vasudevan Nair on the Supreme Court  എം.ടി വാസുദേവന്‍ നായര്‍  രണ്ടാമൂഴം സിനിമയാക്കരുത്  സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന്‍  MT Vasudevan Nair  Supreme Court
രണ്ടാമൂഴം സിനിമയാക്കരുത്; എം.ടി വാസുദേവന്‍ നായര്‍ സുപ്രീംകോടതിയില്‍

By

Published : Dec 2, 2019, 7:11 PM IST

രണ്ടാമൂഴം സിനിമയാക്കുന്നതില്‍ നിന്ന് സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോനെ തടയണമെന്നാവശ്യപ്പെട്ട് എം.ടി വാസുദേവന്‍ നായര്‍ സുപ്രീംകോടതിയില്‍ തടസഹര്‍ജി ഫയല്‍ ചെയ്‌തു. തര്‍ക്കം മധ്യസ്ഥ ചര്‍ച്ചക്ക് വിടണമെന്ന ശ്രീകുമാറിന്‍റെ ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതിന് എതിരെ ശ്രീകുമാർ സുപ്രീം കോടതിയിൽ ഹർജി നൽകിയാൽ തന്‍റെ വാദം കേൾക്കാതെ നടപടികൾ സ്വീകരിക്കരുതെന്നും എം.ടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട് മുൻസിഫ് കോടതിയിലാണ് ആദ്യം എം.ടി ഹർജി നൽകിയത്. ഇതേത്തുടർന്ന് മധ്യസ്ഥത വേണമെന്നാവശ്യപ്പെട്ട് വി.എ ശ്രീകുമാർ അപ്പീൽ കോടതിയായ കോഴിക്കോട് ജില്ലാ ഫാസ്റ്റ് ട്രാക്ക് കോടതിയെ സമീപിച്ചു. ഫാസ്റ്റ് ട്രാക്ക് കോടതി ഇത് തള്ളി. തുടര്‍ന്ന് ശ്രീകുമാർ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയും ഈ ആവശ്യം തള്ളി. കേസ് മുൻസിഫ് കോടതിയിൽ ഇപ്പോള്‍ തുടരുകയാണ്. ഈ സാഹചര്യത്തിൽ വി.എ ശ്രീകുമാർ സുപ്രീംകോടതിയെ സമീപിക്കാൻ സാധ്യതയുണ്ടെന്നതിനാലാണ് എം.ടി സുപ്രീംകോടതിയില്‍ തടസഹര്‍ജി നല്‍കിയത്.

മധ്യസ്ഥതക്ക് ഇല്ലെന്നും തിരക്കഥ തിരിച്ചുതരണമെന്നുമാണ് തുടക്കം മുതല്‍ എം.ടി ആവശ്യപ്പെടുന്നത്. വാഴ്‍ത്തപ്പെടാത്ത നായകനായ ഭീമന്‍റെ കഥ പറയുന്ന രണ്ടാമൂഴത്തിന്‍റെ തിരക്കഥ നാലര കൊല്ലം മുമ്പാണ് സിനിമയാക്കാനായി എം.ടി വി.എ ശ്രീകുമാറിന് നൽകിയത്. പിന്നീട് മോഹൻലാൽ ഭീമനായി അഭിനയിക്കുമെന്ന് വാർത്തകൾ വന്നു. ആയിരം കോടി ചിത്രത്തിനായി മുടക്കുമെന്ന് പറഞ്ഞ് വ്യവസായി ബി.ആർ ഷെട്ടിയും രംഗത്തെത്തിയിരുന്നു. എം.ടിയും വി.എ ശ്രീകുമാറുമായുള്ള കരാർ പ്രകരാം മൂന്ന് വർഷത്തിനകം ചിത്രീകരണം തുടങ്ങണമായിരുന്നു. നാല് വർഷം പിന്നിട്ടിട്ടും ഒന്നും നടക്കാതെ വന്നതോടെയാണ് എം.ടി സംവിധായകനും നിർമാണകമ്പനിക്കും എതിരെ കോടതിയെ സമീപിച്ചത്. ഇതിന് ശേഷമാണ് വി.എ ശ്രീകുമാർ മധ്യസ്ഥതക്ക് ശ്രമം തുടങ്ങിയത്. മധ്യസ്ഥശ്രമം പരാജയപ്പെട്ടതോടെ ബി.ആർ ഷെട്ടി പ്രോജക്ടിൽ നിന്ന് പിന്മാറി. ഇപ്പോൾ ഈ സിനിമ എങ്ങുമെത്താതെ തുടരുകയാണ്. മഹാഭാരതം സിനിമയാക്കുമെന്ന് ആദ്യം പറഞ്ഞ വി.എ ശ്രീകുമാർ പിന്നീട് മറ്റൊരു വൻ പ്രോജക്ട് തുടങ്ങാനിരിക്കുകയാണെന്നാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ABOUT THE AUTHOR

...view details