കൊവിഡ് മഹാമാരിയുടെ ഘട്ടത്തിൽ ഓരോ ജീവനും വേണ്ടി അഹോരാത്രം പ്രയത്‌നിക്കുന്ന ഡോക്‌ടർമാരെ ആദരിക്കുന്ന ദിവസമാണ് ഇന്ന്.
അമൂല്യമായ അറിവുകൾ കൊണ്ട് അസുഖം ഭേദമാക്കുന്നവർക്കായി ഡോക്‌ടേഴ്‌സ് ഡേയിൽ ഒരു വീഡിയോ പങ്കുവച്ച് ആശംസ അറിയിക്കുകയാണ് മലയാളത്തിന്‍റെ സൂപ്പർതാരം മോഹൻലാൽ.
രോഗത്തിൽ നിന്ന് ജീവിതത്തിലേക്ക് കൈത്താങ്ങാകുന്ന ഡോക്‌ടർമാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും മനുഷ്യരാണെന്നും അവരെ ഒരു സാഹചര്യത്തിലും ഉപദ്രവിക്കാതിരിക്കണമെന്നും മോഹൻലാൽ വീഡിയോയിൽ ഓർമിപ്പിച്ചു.
ഡോക്‌ടേഴ്‌സ് ഡേയിൽ മോഹൻലാലിന്‍റെ ആശംസകുറിപ്പ്
'ഈ മഹാമാരിക്കാലത്ത് നാടിൻ്റെ രക്ഷയ്ക്കായി വിശ്രമമില്ലാതെ ജോലി ചെയ്യുന്നവരാണ് നമ്മുടെ പ്രിയപ്പെട്ട ഡോക്ടർമാർ. അവർ ജനങ്ങളുടെ ആരോഗ്യത്തിനായി അഹോരാത്രം പ്രയത്നിക്കുന്നവരാണ്.
അമൂല്യമായ അറിവുകൾകൊണ്ട്, അസുഖങ്ങൾ ഭേദമാക്കുന്നവരാണ്. അവർ കുറിപ്പടികളിൽ ചുരുക്കിയെഴുതുന്നത്, ചുരുക്കി വിവരിക്കാനാവാത്ത നമ്മുടെ പ്രതീക്ഷകളാണ്,ആശ്വാസങ്ങളാണ്, നമ്മുടെ ഭാവി തന്നെയാണ്.
More Read: നിശ്ചയദാര്‍ഢ്യത്താല്‍ വിജയമെന്ന് ലാല്‍, ചിറകറ്റിട്ടും ഉയരെ പറന്നവളെന്ന് ഷെയ്ന്‍ ; ആനി ശിവയ്ക്ക് അഭിനന്ദനമറിയിച്ച് താരങ്ങള്‍
'ഒന്ന് കണ്ടാൽ തന്നെ പാതി അസുഖം മാറും' എന്ന് അവരെക്കുറിച്ച് പലപ്പോഴും നമ്മൾ പറയാറുണ്ട്. പക്ഷേ,ഒരു കാര്യം മറക്കരുത്, അവരും മനുഷ്യരാണ്. അതുകൊണ്ട്, ഒരു കാരണവശാലും, ഒരു സാഹചര്യത്തിലും നമ്മുടെ ഡോക്ടർമാർക്കെതിരെ പ്രകോപനം കൈക്കൊള്ളാതിരിക്കുക.
അവരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തം കൂടിയാണ്. ഇന്ന് ഈ ഡോക്ടേഴ്സ് ഡേയില്‍ നമുക്ക് നമ്മുടെ പ്രിയപ്പെട്ട ഡോക്ടർമാരെ ഓർക്കാം. അവരെ മനസ്സിലാക്കാം. നന്ദിയോടെ അവരുടെ സേവനങ്ങളെ വിലമതിക്കാം,' മോഹൻലാൽ വീഡിയോയ്‌ക്കൊപ്പം കുറിച്ചു.
ഡോക്ടർമാരുടെ പ്രയത്‌നങ്ങള്‍ ഫലവത്താക്കാന്‍ എല്ലാവരോടും സാമൂഹ്യ അകലം പാലിക്കാനും വാക്‌സിന്‍ സ്വീകരിക്കാനും മോഹൻലാൽ ആവശ്യപ്പെട്ടു. കൊവിഡിനെതിരെയുള്ള എല്ലാ മാനദണ്ഡങ്ങളും സുരക്ഷാനിർദേശങ്ങളും പാലിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.