മധുരസപ്‌തതിയിൽ മമ്മൂട്ടിക്ക് ജന്മദിന ആശംസ അറിയിച്ചുകൊണ്ട് പ്രിയപ്പെട്ട മോഹൻലാൽ. 'പ്രിയപ്പെട്ട ഇച്ചാക്ക ജന്മദിനാശംസകൾ. ഈ ദിവസം എനിക്കും ആഘോഷിക്കാനുള്ളതാണ്. കാരണം ഇതെന്‍റെ കൂടി ജ്യേഷ്‌ഠസഹോദരന്‍റെ പിറന്നാളാണ്. സഹോദര നിർവിശേഷമായ വാത്സല്യം കൊണ്ട്, ജ്യേഷ്‌ഠതുല്യമായ കരുതൽ കൊണ്ട്, ജീവിതത്തിലെയും പ്രൊഫഷണൽ ജീവിതത്തിലെയും എല്ലാ ഉയർച്ച-താഴ്‌ചകളിലും സങ്കടത്തിലും സന്തോഷത്തിലും താങ്ങായി ഒപ്പം നിൽക്കുന്ന ആളാണ് മമ്മൂക്ക.
അദ്ദേഹത്തിന്‍റെ ജന്മനാൾ ഞാനുമെന്‍റെ കുടുംബവും ഒപ്പം ആഘോഷിക്കും. ഇതുപോലൊരു പ്രതിഭക്കൊപ്പം ജീവിക്കാനാവുന്നു എന്നത് തന്നെ സുകൃതം. അഭിനയത്തിൽ തന്‍റേതായ ശൈലി കൊണ്ട് വേറിട്ട വ്യക്തിമുദ്ര പതിപ്പിച്ച ഇച്ചാക്കക്കൊപ്പം എന്‍റെയും പേര് വായിക്കപ്പെടുന്നു എന്നത് ഏറെ സന്തോഷം.
നാല് പതിറ്റാണ്ടിനിടെ ഞങ്ങൾ ഒന്നിച്ചത് 53 സിനിമകളിൽ, ഒന്നിച്ച് നിർമിച്ചത് അഞ്ച് സിനിമകളിൽ. ഇതൊക്കെ വിസ്‌മയമെന്നേ കരുതാനാവൂ. ലോകത്തൊരു സിനിമയിലും ഇത്തരമൊരു ചലച്ചിത്രക്കൂട്ടായ്‌മ ഉണ്ടായിക്കാണില്ല. ചെയ്യാനിരിക്കുന്ന വേഷങ്ങൾ ചെയ്‌തവയേക്കാൾ മനോഹരം.
ഇച്ചാക്കയിൽ നിന്നും ഇനിയും മലയാളസിനിമയ്ക്കും ഇന്ത്യൻ സിനിമയ്‌ക്ക് തന്നെയും കൂടുതൽ നല്ല കഥാപാത്രങ്ങളും മികച്ച സിനിമകളും ലഭിക്കട്ടെയെന്ന് ആശംസിക്കുന്നു. ബഹുമതികളുടെ ആകാശങ്ങളിൽ ഇനിയും ഏറെ ഇടം കിട്ടട്ടെയെന്നും ഇനിയും ഞങ്ങൾക്കൊന്നിക്കാവുന്ന സിനിമകൾ ഉണ്ടാകട്ടെ എന്നും ആഗ്രഹിക്കുന്നു....' സ്‌നേഹത്തിന്‍റെ മധുരം ചാലിച്ച് പിറന്നാൾ ഉമ്മ പകർന്നുകൊണ്ട് മോഹൻലാൽ ആശംസ വീഡിയോയിൽ പറഞ്ഞു.
മോഹൻലാൽ മമ്മൂട്ടിയോടൊപ്പമുള്ള ജീവിതാനുഭവങ്ങൾ പങ്കുവക്കുന്നു
മമ്മൂട്ടിയുടെ സിനിമ ജീവിതത്തെയും കുടുംബത്തിനോടുള്ള അദ്ദേഹത്തിന്‍റെ അതിരില്ലാത്ത സ്‌നേഹത്തിനെയും അടുത്തറിഞ്ഞ് നിന്ന് മനസിലാക്കിയ ലാലേട്ടൻ. ഓരോ നിമിഷവും കഠിനാധ്വാനം ചെയ്‌ത് സിനിമയ്ക്കായി ജീവിക്കുന്ന മനുഷ്യൻ, കോംപ്രമൈസ് ചെയ്‌തത് കുടുംബത്തിന് വേണ്ടി മാത്രമാണ്... മമ്മൂട്ടിയുടെ പിറന്നാളോടനുബന്ധിച്ച് മോഹൻലാൽ പറഞ്ഞ വാക്കുകൾ.
'ദുൽഖർ സൽമാൻ ജനിച്ച കാലത്ത് മമ്മൂക്കയ്ക്ക് ചെന്നൈയിൽ നിന്നുതിരിയാൻ സമയമില്ലാത്തത്ര തിരക്കാണ്. സെറ്റിൽ നിന്നു സെറ്റിലേക്കുള്ള യാത്രകൾ. ഇന്നത്തെപ്പോലെയല്ല അന്നു സിനിമ. പലപ്പോഴും മാസത്തിലൊരിക്കൽ നാട്ടിലെത്തുകതന്നെ പ്രയാസം. ഒരിക്കൽ രാത്രി കൊച്ചിയിലെ വീട്ടിലെത്തി രാവിലെ ചെന്നൈയിലേക്കു തിരിച്ചുപോയി. അത്തവണ വന്നപ്പോൾ ചെമ്പിൽ പോയി ബാപ്പയെ കണ്ടില്ല. കുറച്ചു ദിവസത്തിനു ശേഷം ബാപ്പ വിളിച്ചപ്പോൾ എന്താണു വരാതിരുന്നതെന്നു ചോദിച്ചു. മമ്മൂക്ക പറഞ്ഞു, 'മോനെ കാണാൻ വല്ലാത്ത തിടുക്കമായി. അതുകൊണ്ട് ഓടിവന്നു കണ്ടു തിരിച്ചുപോന്നതാണ്. ഉടനെ വീണ്ടും വരാം.' ബാപ്പ തിരിച്ചു ചോദിച്ചു: 'ചെമ്പിലുള്ള ഉമ്മയ്ക്കും ബാപ്പയ്ക്കും ഇതുപോലെ മോനെ കാണാൻ തിടുക്കം കാണില്ലേ?'
ഇതു മമ്മൂക്ക തന്നെ പറഞ്ഞതാണ്. വല്ലാത്തൊരു വാത്സല്യമാണിത്. അതനുഭവിക്കാനും അതേ അർഥത്തിൽ ജീവിതത്തിൽ പകർത്താനും കഴിയുന്നത് അതിലും വലിയ ഭാഗ്യം. ബാപ്പയുടെ അതേ വാത്സല്യം ജീവിതത്തിൽ പകർത്തിയ മകനാണു മമ്മൂക്ക. ഏതു തിരക്കിനിടയിലും അദ്ദേഹം കുടുംബവുമായി ചേർന്നുനിന്നു. സിനിമയിൽ അദ്ദേഹം കോംപ്രമൈസ് ചെയ്‌തത് ഇതിനു വേണ്ടി മാത്രമാണ്. പലപ്പോഴും ഈ വാത്സല്യം അടുത്തുനിന്നു കണ്ട ആളാണു ഞാൻ. അതിൽ കുറച്ചു വാത്സല്യം എനിക്കും കുടുംബത്തിനും കിട്ടിയിട്ടുണ്ട്.
എന്‍റെ മകളുടെ പുസ്‌തകം വായിച്ച ശേഷം ദുൽഖർ സൽമാൻ എഴുതിയ കുറിപ്പിന്‍റെ അവസാനം കുറിച്ചത് സ്വന്തം ചാലു ചേട്ടൻ എന്നാണ്. എന്‍റെ മകളെ സ്വന്തം അനിയത്തിയായി ഇപ്പോഴും അവർക്കു തോന്നുന്നു എന്നത് മമ്മൂക്ക പകർന്നു നൽകിയ വാത്സല്യത്തിന്‍റെ തുടർച്ചയാണ്. പ്രണവും ദുൽഖറുമെല്ലാം അടുത്തറിയുന്നു എന്നതിലും വലിയ സന്തോഷം!
More Read: പുസ്‌തകത്തിന്‍റെ സക്‌സസ് പാർട്ടിയിൽ ഉറങ്ങിപ്പോവരുത്; മായക്ക് ആശംസകൾ കുറിച്ച് ചാലു ചേട്ടൻ
ഞാൻ മമ്മൂക്കയെ പണ്ടേ വിളിക്കാറ് ഇച്ചാക്ക എന്നാണ്. അദ്ദേഹത്തിന്‍റെ സഹോദരങ്ങൾ വിളിക്കുന്ന പേരു തന്നെ ഞാനും വിളിച്ചു. കല്യാണം കഴിഞ്ഞപ്പോൾ ചേച്ചിയെ ‘ബാബി’ എന്നും. പലപ്പോഴും ഞാൻ ജീവിതം കണ്ടത് ഈ ഇച്ചാക്കയിലൂടെയാണ്. ഒരുപാട് അച്ചടക്കവും ചിട്ടയുമുള്ള ഒരു ജ്യേഷ്‌ഠനും അതൊന്നുമില്ലാത്ത അനിയനുമാണ് ഞങ്ങളെന്നു പറയാം.