"രാജുമോൻ ഒരിക്കൽ എന്നോട് ചോദിച്ചു. അങ്കിളിന്‍റെ ഫാദർ ആരാണെന്ന്. ഞാൻ പറഞ്ഞു ഒരു രാജാവാണെന്ന്, കിരീടവും ചെങ്കോലും സിംഹാസനവുമുള്ള ഒരു രാജാവ്. പിന്നീട് എന്നെ കാണുമ്പോൾ അവൻ കളിയാക്കി വിളിക്കുമായിരുന്നു. പ്രിൻസ്, രാജകുമാരൻ, രാജാവിന്‍റെ മകൻ." 1986 ജൂലൈ 17ന് ചിത്രം തിയേറ്ററുകളിലേക്കെത്തുമ്പോൾ ഒരുപക്ഷേ സംവിധായകനും തിരക്കഥാകൃത്തും എന്തിനേറെ നായകനും പ്രതീക്ഷിച്ചുകാണില്ല അത് ബോക്സ് ഓഫിസ് ചരിത്രത്തിൽ പുതിയൊരു അധ്യായമാകുമെന്ന്.
മൈ ഫോൺ നമ്പർ ഈസ് 2255... കൊച്ചുകുട്ടികൾ പോലും പറഞ്ഞുനടക്കുന്ന ഡയലോഗുകൾ.. അധോലോക നായകൻ വിൻസെന്‍റ് ഗോമസിനെ കവച്ചുവക്കാൻ പാകത്തിന് പുതിയ കഥാപാത്രങ്ങളൊന്നും പിന്നീട് മലയാള സിനിമയിൽ പിറന്നിട്ടില്ല. മമ്മൂട്ടി വേണ്ടെന്ന് വച്ച രാജാവിന്‍റെ മകൻ... അയൽപക്കത്തെ പയ്യനിൽ നിന്നും സൂപ്പർതാരപദവിയിലേക്ക് മോഹൻലാലിനെ കൈപിടിച്ചുയർത്തുകയായിരുന്നു ഡെന്നിസ് ജോസഫിന്‍റെ തിരക്കഥയിൽ പിറന്ന വിൻസെന്‍റ് ഗോമസ്.
തിരക്കഥ എഴുതുമ്പോൾ രചയിതാവിന്‍റെ ഉള്ളിലും സിനിമയെക്കുറിച്ച് ചിന്തിച്ചപ്പോൾ സംവിധായകന്‍റെ മനസിലും മമ്മൂട്ടിയായെയിരുന്നു വിൻസെന്‍റ് ഗോമസായി കണക്കുകൂട്ടിയിരുന്നത്. എന്നാൽ, മുമ്പ് ഒരുമിച്ച് ചെയ്ത സിനിമകൾ പരാജയപ്പെട്ടതോടെ തമ്പി കണ്ണന്താനത്തിന്‍റെ ചിത്രത്തിന് മമ്മൂട്ടി വിസമ്മതിച്ചു. ഡെന്നിസ് വിൻസെന്‍റിന്‍റേയും തമ്പിയുടെയും അടുത്ത സുഹൃത്തായിരുന്നു മമ്മൂട്ടി. ഇരുവരും നിർബന്ധിച്ചിട്ടും രാജാവിന്‍റെ മകൻ ചിത്രത്തിന് അദ്ദേഹം തയ്യാറായില്ല.
സൂപ്പർതാരമായിട്ടില്ലെങ്കിലും മലയാളത്തിൽ തിരക്കുള്ള നടനായി സജീവമായിരുന്ന മോഹൻലാലായിരുന്നു പിന്നീട് തമ്പിയുടെ പ്രതീക്ഷ. ഡെന്നിസും തമ്പി കണ്ണന്താനവും സിനിമയുമായി ചെല്ലുമ്പോൾ കഥ കേൾക്കണ്ടെന്ന് മോഹൻലാൽ പറഞ്ഞു... "എനിക്ക് കഥയൊന്നും കേൾക്കണ്ട, നിങ്ങൾക്കൊക്കെ അറിയാലോ... ഞാൻ റെഡി." തന്നെ ഞെട്ടിക്കുന്ന മറുപടിയായിരുന്നു മോഹൻലാലിൽ നിന്നുമുണ്ടായതെന്ന് ഡെന്നിസ് ജോസഫ് ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.
അങ്ങനെ രാജാവിന്‍റെ മകൻ തുടങ്ങി. സംവിധായകൻ തന്നെയാണ് സിനിമയുടെ നിർമാതാവുമായത്. ഒപ്പം, രാജാവിന്‍റെ മകനായുള്ള തമ്പിയുടെ വാശിയും. തന്‍റെ കാറ് വിറ്റും വസ്തുക്കൾ പണയപ്പെടുത്തിയും സംവിധായകൻ പടംപിടിച്ചു.