ജനത കര്‍ഫ്യുവുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ മോഹന്‍ലാല്‍ നടത്തിയ പരാമര്‍ശത്തിനെതിരെ നോവലിസ്റ്റ് ബെന്യാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. വൈകിട്ട് അഞ്ചുമണിക്ക് ജനത കര്‍ഫ്യുവിന്‍റെ ഭാഗമായി പാത്രങ്ങള്‍ അടിച്ച് ശബ്ദം പുറപ്പെടുവിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം എല്ലാവരും പാലിക്കണമെന്നും ആ ശബ്ദത്തില്‍ ബാക്ടീരിയകളും വൈറസുകളും ഇല്ലാതാകുമെന്നുമായിരുന്നു നടന്‍ മോഹന്‍ലാല്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ഇത് സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും ഇത് സംബന്ധിച്ച് നിരവധി ട്രോളുകള്‍ ഇറങ്ങുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടത് മോഹന്‍ലാല്‍ പോലും മനസിലാക്കിയത് ഈ വിധത്തിലാണെങ്കില്‍ നമ്മുടെ കാര്യം കഷ്ടം തന്നെയെന്നാണ് ബെന്യാമിന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
പ്രധാനമന്ത്രി എന്താണ് ഉദ്ദേശിച്ചതെന്ന് മോഹന്‍ലാലിന് മനസിലായില്ല: ബെന്യാമിന്‍ - ജനത കര്‍ഫ്യു
പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടത് മോഹന്‍ലാല്‍ പോലും മനസിലാക്കിയത് ഈ വിധത്തിലാണെങ്കില്‍ നമ്മുടെ കാര്യം കഷ്ടം തന്നെയെന്നാണ് ബെന്യാമിന്‍ ഫേസ്ബുക്കില്‍ കുറിച്ചത്
'അതികാലത്തെ എഴുന്നേറ്റ് ടിവി കാണുന്ന പതിവൊന്നും ഇല്ല. എന്നാല്‍ ചില പ്രത്യേക ദിനങ്ങളില്‍ ഉണ്ട് താനും. ഇന്ന് കാലത്ത് ടിവി കണ്ടു. ഇന്നലെ മനോരമ ചാനലില്‍ നിന്ന് വിളിച്ച് ജനത കര്‍ഫ്യു സംബന്ധിച്ച് ഒരു സന്ദേശം നല്‍കണം എന്ന് ആവശ്യപ്പെട്ടിരുന്നു. മറ്റുള്ളവര്‍ പറയുന്നത് എന്തൊക്കെ എന്നറിയാനാണ് ടിവി കണ്ടത്. എത്ര ലളിതവും മനോഹരവുമായ ഭാഷയിലാണ് ഇന്ദ്രന്‍സ് അത് പറഞ്ഞത്. അത് കഴിഞ്ഞ് വിളി പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് അവര്‍ മോഹന്‍ ലാലിനെ കണക്‌ട് ചെയ്യുന്നത്. എന്തുകൊണ്ടും ഈ ആശയം ജനങ്ങളില്‍ എത്തിക്കാന്‍ എന്നേക്കാള്‍ ആയിരം മടങ്ങ് യോഗ്യനാണ് അദ്ദേഹം. കൂടുതല്‍ പ്രശസ്തരും ജനപ്രിയരും പറയുമ്പോഴാണ് ജനം കൂടുതല്‍ ശ്രദ്ധിക്കുക. ( സമയ ദൗര്‍ലഭ്യം കാരണം പിന്നെ എന്നെ വിളിച്ചതുമില്ല )
പക്ഷേ അദ്ദേഹത്തിന്‍റെ വാക്കുകള്‍ കേട്ട് അക്ഷരാര്‍ത്ഥത്തില്‍ തരിച്ചിരുന്നുപോയി. പാത്രങ്ങള്‍ കൊട്ടുന്ന ശബ്ദത്തില്‍ വൈറസ് ഇല്ലാതെ ആവുമെന്ന്.... നമ്മുടെ നാട്ടിലെ ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍ കയ്യടിക്കുകയോ പാത്രങ്ങള്‍ കൊട്ടുകയോ മണി അടിക്കുകയോ ചെയ്യാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടത് മോഹന്‍ലാല്‍ പോലും മനസിലാക്കിയത് ഈ വിധത്തില്‍ ആണെങ്കില്‍ നമ്മുടെ കാര്യം കഷ്ടം തന്നെ. ഇന്നത്തെ കര്‍ഫ്യുവോടെ വൈറസ് മുഴുവന്‍ നശിച്ചു പോകും എന്ന് ധരിച്ചിരിക്കുന്ന ബഹുഭുരിപക്ഷം ഉണ്ടെന്ന് ഞാന്‍ മനസിലാക്കുന്നു. എങ്കില്‍ നാം അപകടത്തിലേക്കാണ് നീങ്ങുന്നത് നിശ്ചയം. ശാസ്ത്രജ്ഞരും ആരോഗ്യ പ്രവര്‍ത്തകരും പറയുന്നത് ഇത്തിരി കൂടെ ശ്രദ്ധയോടെ കേള്‍ക്കാന്‍ നാം തയ്യാറാവണം. വാട്‌സ് ആപ്പ് യൂണിവേഴ്‌സ്സിറ്റികളില്‍ വിശ്വസിക്കാതെ ഇരിക്കുക. അണു വ്യാപനം ഒരു ദിവസം കൊണ്ട് പിടിച്ചുനിര്‍ത്തുവാന്‍ ആവില്ല. പാത്രം കൊട്ടുന്നത് അതിനുമല്ല. അടുത്ത രണ്ടാഴ്ച സുപ്രധാനമാണ്. വീട്ടിലിരിപ്പും സാമൂഹിക അകലവും പാലിക്കുക, സ്വയം രക്ഷിക്കുക, നാടിനെ രക്ഷിക്കുക....' ബെന്യാമിന്‍ കുറിച്ചു.