മലയാളസിനിമയുടെ ഉമ്മറപ്പടിയിൽ ചാരുകസേരയും വലിച്ചിട്ട് ഇരിക്കുന്ന ആ മൂർത്തീഭാവത്തിന് ഇന്ന് അറുപത് വയസ്. ഇന്ദുചൂഡനും നീലകണ്ഠനും പുലിക്കോട്ടിൽ ചാർലിയും വിഷ്‌ണുവും ഉണ്ണികൃഷ്‌ണനും ആടുതോമയും പിന്നെ സാക്ഷാൽ ആറാം തമ്പുരാനായും വിസ്‌മയിപ്പിച്ച താരം. കഥയും കഥാപാത്രവും മാത്രമല്ല സിനിമ കണ്ടിറങ്ങുമ്പോൾ പ്രേക്ഷകരിലേക്ക് അറിയാതെ ആവാഹിച്ചിരിക്കും അദ്ദേഹത്തിന്‍റെ ഡയലോഗുകളും. അതാണ് മോഹൻലാൽ എന്ന നടനെ വിസ്മയമാക്കുന്നതും. കഥാപാത്രങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയല്ല, മറിച്ച് കഥാപാത്രങ്ങളെ തന്നിലേക്ക് ആവാഹിക്കുകയാണ് ഈ കലാകാരൻ ചെയ്യുന്നത്. അതിനാൽ തന്നെ, അഭിനയത്തിൽ ഒരു അത്ഭുതമായി മാറിയ ലാലേട്ടന്‍റെ ഡയലോഗുകളും പ്രയോഗങ്ങളും എങ്ങനെ മറക്കാനാണ്. മാസ് പ്രകടനങ്ങളില കൊഴുപ്പു നല്കിയ പഞ്ച് ഡയലോഗുകൾ മുതൽ നിസ്സഹായതയും സഹാനുഭൂതിയും നർമവും കാണികളിലേക്ക് പകർത്തി അദ്ദേഹം അവതരിപ്പിച്ച സംഭാഷണങ്ങളുമെല്ലാം വെറുതെ തിരശീലയിൽ ഒതുങ്ങുന്നില്ല. അവയിൽ ഭൂരിഭാഗവും മലയാളികൾ അന്നും ഇന്നും ഹൃദയത്തിൽ സൂക്ഷിച്ച് വക്കുകയും പലപ്പോഴും എടുത്ത് പെരുമാറുകയും ചെയ്യുന്നുണ്ട്.
നാട്ടുരാജാവ് - നിനക്കൊന്നുമറിയില്ല, കാരണം നീ കുട്ടിയാണ്
മുണ്ടും മടക്കിക്കുത്തി, മീശ പിരിച്ചിറങ്ങുന്ന ലാലേട്ടന്‍റെ രംഗമെത്തുമ്പോൾ ഒരു ക്ലാസ് ഡയലോഗും ആരാധകർ പ്രതീക്ഷിച്ചിരിക്കും. 2004ൽ ഷാജി കൈലാസ് ഒരുക്കിയ നാട്ടുരാജാവിലെ "നിനക്കൊന്നുമറിയില്ല, കാരണം നീ കുട്ടിയാണ്," എന്ന ഡയലോഗ് മകനോട് തമാശക്കും എതിരാളികളോട് ഒരു പഞ്ചിനും മോഹൻലാൽ പ്രയോഗിച്ച് സന്ദർഭോചിതമാക്കുന്നുണ്ട്.
ദേവാസുരം-എന്‍റെ ഭീഷണി എന്ന് പറഞ്ഞാൽ ചില ഊച്ചാളി രാഷ്ട്രീയക്കാരെ പോലെ സ്ഥലം മാറ്റി കളയും എന്നല്ല....
"എന്‍റെ ഭീഷണി എന്ന് പറഞ്ഞാൽ ചില ഊച്ചാളി രാഷ്ട്രീയക്കാരെ പോലെ സ്ഥലം മാറ്റി കളയും എന്നല്ല, കൊന്നുകളയും ഞാൻ.... പുതിയ ആൾ ആയതു കൊണ്ടാ, ഇവിടെ ചോദിച്ചാൽ മതി." ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠൻ പൊലീസുകാരന് നൽകുന്ന ഭീഷണി. മനുഷ്യൻ എപ്പോഴും എല്ലാ കോണുകളിലും ഉത്തമനാകണമെന്നില്ല. അവനു പലപ്പോഴും വീഴ്ചകളും ദൗർബല്യങ്ങളും പിടിവാശിയുമൊക്കെ പിണഞ്ഞെന്നും വരാം. എന്നാൽ തെറ്റുകളിൽ നിന്ന് പലതും പുതുതായി ഉൾകൊള്ളുമ്പോൾ മലയാളി ഇടക്കൊക്കെ പറഞ്ഞു കാണും "എന്താടോ വാര്യരെ ഞാൻ നന്നാവത്തെ," എന്ന കുറ്റബോധം നിറഞ്ഞ വാക്കുകൾ.
രാവണപ്രഭു- സവാരിഗിരിഗിരി
ദേവാസുരത്തിന്‍റെ രണ്ടാം ഭാഗമായിരുന്നു 2001ൽ റിലീസിനെത്തിയ രാവണപ്രഭു. ചിത്രത്തിൽ ഇരട്ടവേഷമായിരുന്നു സൂപ്പർതാരത്തിന്. മംഗലശ്ശേരി നീലകണ്ഠന്‍റെ മകൻ കാർത്തികേയന്‍റെ ദിശയിലൂടെയാണ് കഥ പറഞ്ഞുപോയത്. ഈ ചിത്രത്തിലെ 'സവാരിഗിരിഗിരി' രണ്ടായിരത്തിനും അതിന് മുമ്പുള്ളവരിലും ഒതുങ്ങുന്നില്ല. പകരം, അത് ഇന്നത്തെ കൊച്ചുകുട്ടികൾക്കിടയിലും സുപരിചിതമാണ്.
നരസിംഹം- നീ പോ മോനെ ദിനേശാ
ഷാജി കൈലാസിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ നരസിംഹം സൂപ്പർ പഞ്ച് ഡയലോഗുകളിലൂടെ തിയേറ്ററുകളെ ഹരം കൊള്ളിച്ചു. ചിത്രത്തിൽ ലാലേട്ടൻ ഇടക്കിടക്ക് പറയുന്ന 'നീ പോ മോനെ ദിനേശാ' മലയാളികൾ അവരുടെ ഒട്ടുമിക്ക സന്ദർഭങ്ങളിലേക്കും എടുത്തു പ്രയോഗിച്ചു.
ആറാം തമ്പുരാൻ- സബറോം കി സിന്ദഗി ജോ കഭി നഹി ഖതം ഹോ ജാത്തേ ഹേ
"സംഗീതം പഠിക്കണമെന്ന മോഹവുമായി ചെന്ന് കയറിയത് ഒരു സിംഹത്തിന്‍റെ മടയില്‍, ഉസ്താദ് ബാദുഷ ഖാന്‍. ആഗ്രഹം അറിയിച്ചപ്പോള്‍ ദക്ഷിണ വെക്കാന്‍ പറഞ്ഞു. ഊരുതെണ്ടിയുടെ ഓട്ടകീശയില്‍ എന്തുണ്ട്?? സംഗീതത്തിന്‍റെ ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ച അമ്മയെ മനസില്‍ ധ്യാനിച്ച് ദര്‍ബാര്‍ രാഗത്തില്‍ ഒരു കീര്‍ത്തനം പാടി. പാടി മുഴുമിപ്പിക്കും മുമ്പേ വിറയാര്‍ന്ന കൈകള്‍ കൊണ്ട് അദ്ദേഹം വാരിപുണര്‍ന്നു.......... സബറോം കി സിന്ദഗി ജോ കഭി നഹി ഖതം ഹോ ജാത്തേ ഹേ." ഒരുപക്ഷെ വൈകാരികമായ ഒരു സന്ദർഭമായി മാത്രം ഒതുങ്ങിപ്പോകേണ്ടയിരുന്ന സംഭാഷണം. പക്ഷെ മോഹൻലാലിനെ നടൻ ഭാവ വ്യത്യാസങ്ങളിലൂടെയും ശബ്‌ദക്രമീകരണം നടത്തിയും ജഗന്നാഥന്‍റെ ഓർമകളെ പ്രേക്ഷകനിൽ ഒരു അനുഭവമാക്കി.
ഈ ചിത്രത്തിലെ തന്നെ 'ശംഭോ മഹാദേവ' എന്ന മാസ്റ്റർ പീസ് ഡയലോഗും ഇന്നും അതേ ശോഭയുടെ പ്രേക്ഷകന്‍റെ മനസിലുണ്ട്.
ലാൽ സലാം- നെട്ടുരാനോടാണോടോ നിന്‍റെ കളി
ചങ്കുറപ്പുള്ള നെട്ടൂര്‍ സ്റ്റീഫനെയാണ് രാഷ്‌ട്രീയത്തിന്‍റെ പശ്ചാത്തലത്തിലൂടെ സഞ്ചരിച്ച ലാൽസലാം പരിചയപ്പെടുത്തിയത്. ഈ ചിത്രത്തിൽ മോഹൻലാൽ പറഞ്ഞ "നെട്ടുരാനോടാണോടോ നിന്‍റെ കളി" എന്ന ആത്മധൈര്യത്തിന്‍റെ വാക്കുകളും മലയാളിക്ക് ഏറെ ഇഷ്‌ടപ്പെട്ട ഡയലോഗാണ്.
സ്ഫടികം- ഊതരുതേ ഊതിയാൽ തീപ്പൊരി പറക്കും
തോമാച്ചായനെ, കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ റേയ്‌ബാനും വച്ച്, ചെകുത്താനിൽ വന്നിറങ്ങുന്ന ആട് തോമയെ മലയാളിക്ക് മറക്കാനാവില്ല. ഒപ്പം സ്ഫടികത്തിൽ അദ്ദേഹം പറഞ്ഞു മാസ്സാക്കിയ ഡയലോഗുകളും. "ഊതരുതേ ഊതിയാൽ തീപ്പൊരി പറക്കും", "ഇതെന്‍റെ പുത്തൻ റേയ്‌ബാൻ ഗ്ലാസാ... ഇത് ചവിട്ടി പൊട്ടിച്ചാൽ തീപ്പൊരി പറക്കും," ഈ രണ്ടു താക്കീതുകളും പ്രേക്ഷകരെയും ഏറെ ആകർഷിച്ചവയാണ്.
ഉദയനാണ് താരം- മേക്കപ്പിനൊക്കെ ഒരു പരിധിയില്ലേ!!
ഉദയനാണ് താരം എന്ന സിനിമയിൽ മോഹൻലാലിന്‍റെ കഥാപാത്രം ശ്രീനീവാസന്‍റെ രാജപ്പൻ കഥാപാത്രത്തോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, "മേക്കപ്പിനൊക്കെ ഒരു പരിധിയില്ലേ!!". ഒരാളുടെ സൗന്ദര്യമല്ല, മറിച്ചു അയാളുടെ കഴിവാണ് മുഖ്യമെന്ന് പറയാൻ മിക്കപ്പോഴും നാം നിത്യജീവിതത്തിലും ഇത് കടമെടുക്കാറുണ്ട്.
മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു- അമേരിക്കൻ ജംഗ്ഷൻ
തന്‍റെ സ്ഥാനം ഒരു ഡ്രൈവർ കയ്യടക്കിയപ്പോൾ, സത്യം തെളിയിക്കാൻ ശ്രീനിവാസൻ മോഹൻലാലിനെ ചോദ്യം ചെയ്യുന്ന ഒരു സീൻ ഉണ്ട്. "നീ അമേരിക്കയിൽ പോയിട്ടുണ്ടെങ്കിൽ ധൈര്യമായി പറയെടാ, നീ അമേരിക്കയിൽ എവിടെയായിരുന്നു?"
ഇതിന് മോഹൻലാൽ തട്ടിക്കൂട്ടി ഒപ്പിക്കുന്ന ഉത്തരം മലയാളിക്ക് വളരെ ഇഷ്ടപ്പെട്ട പ്രയോഗമാണ്. 'അമേരിക്കൻ ജംഗ്ഷൻ'. ഹൗ മെനി കിലോമീറ്റെഴ്‌സ് ഫ്രം വാഷിംഗ്‌ടൺ ഡിസി ടു മിയമി ബീച്ച് എന്ന് ശ്രീനിവാസൻ ചോദിക്കുമ്പോഴും മോഹൻലാൽ 'കിലോമീറ്റെഴ്‌സ് ആന്‍റ് കിലോമീറ്റെഴ്‌സ്' എന്ന് പറയുന്നു. മറുപടി തെറ്റാണെങ്കിലും ഇതിനെ രസകരമായി അവതരിപ്പിച്ചതിനാലാണ് കാണികൾക്കിടയിൽ അത്രയേറെ സ്വീകാര്യത ലഭിക്കാൻ കാരണമായതെന്ന് പറയാം.
തൂവാനത്തുമ്പികൾ- ഇമ്മക്കൊരോ നാരങ്ങാവെള്ളം അങ്ങട് കാച്ചിയാലോ?
മഴനീർത്തുള്ളികള്‍ പോലെ മനസിലേക്ക് പെയ്തിറങ്ങിയ ജയകൃഷ്ണനും ക്ലാരയും രാധയും. പത്മരാജന്‍റെ തൂവാനത്തുമ്പികളിലെ പല ഡയലോഗുകളെയും ഒരു കവിത പോലെ ആസ്വാദകനിലേക്ക് പകർന്നു നൽകാൻ പത്മരാജനും ചിത്രത്തിലെ അഭിനേതാക്കൾക്കും സാധിച്ചു. നായകനായ മണ്ണാറത്തൊടി ജയകൃഷ്ണൻ ബാറിൽ വച്ച് "ഇമ്മക്കൊരോ നാരങ്ങാവെള്ളം അങ്ങട് കാച്ചിയാലോ?" എന്ന് പറയുന്നുണ്ട്. ജയകൃഷ്ണനെ നെഞ്ചിലേറ്റിയ സിനിമാപ്രേമികൾ ഈ ഡയലോഗും ദൈനം ദിന ജീവിതത്തിന്‍റെ ഭാഗമാക്കി.