നടന്നുതീര്‍ത്ത അറുപത് വര്‍ഷങ്ങളെ കുറിച്ച് അയാള്‍ പിറന്നാള്‍ ദിനത്തില്‍ എഴുതിയിരിക്കുന്നു.... ഹൃയത്തില്‍ നിന്ന് വന്ന വാക്കുകള്‍ അയാള്‍ എല്ലാവര്‍ക്കുമായി പങ്കുവെച്ചു.... അറുപതാം പിറന്നാളിനോടുനബന്ധിച്ച് തന്നിലെ നടനെ സ്വയം വിശകലനം ചെയ്തു ആ മഹാനടന്‍. പിറകിലേക്ക് നോക്കുമ്പോള്‍ ഇതെല്ലാം എങ്ങനെ സംഭവിച്ചുവെന്ന് തനിക്ക് മനസിലാകുന്നിലെന്നാണ് നടന്‍ മോഹന്‍ലാല്‍ ബ്ലോഗില്‍ കുറിച്ചത്. നീ ഉണ്‍മയാ പൊയ്യാ? എന്ന തലക്കെട്ടോടെയാണ് ബ്ലോഗ് എഴുതിയിരിക്കുന്നത്. ഒ.വി വിജയന്‍റെ വിഖ്യാതമായ നോവല്‍ ഖസാക്കിലെ ഇതിഹാസത്തിലെ അള്ളാപ്പിച്ച മൊല്ലാക്ക ചോദിക്കുന്ന ചോദ്യമാണ്, തലക്കെട്ടിനായി താരം തെരഞ്ഞെടുത്തത്.
ബ്ലോഗിന്‍റെ പൂര്‍ണരൂപം:
നീ ഉണ്‍മയാ പൊയ്യാ...?
ലോകം അതിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ഒരു ദശാസന്ധിയില്‍ നില്‍ക്കുമ്പോള്‍ ഞാനും ഒരു വഴിത്തിരവില്‍ വന്ന് നില്‍ക്കുകയാണ്. ഇന്ന് മെയ് 21. എന്‍റെ ജീവിതത്തില്‍ എനിക്ക് ഒരു വയസ് കൂടി കൂടുന്നു. എനിക്ക് അറുപത് വയസ് തികയുന്നു. ലോകത്തിന്‍റെയും എന്‍റെയും വഴിത്തിരിവുകളിലെ ഈ വന്ന് നില്‍പ്പ് ഒരേ സമയത്തായത് തീര്‍ച്ചയായും യാദൃശ്ചികമാവാം. അല്ലെങ്കിലും ജീവിതത്തിലെ അത്ഭുതകരമായ യാദൃശ്ചികതകളാണല്ലോ എന്നെ ഇങ്ങനെ ഈ രൂപത്തില്‍, ഭാവത്തില്‍ ഇവിടെ വരെ എത്തിച്ചത്. ഇവിടെ നിന്ന് തിരിഞ്ഞ് നോക്കുമ്പോള്‍ എനിക്ക് വിശ്വസിക്കാന്‍ ആവുന്നില്ല... എത്രദൂരം! എത്രമാത്രം അധ്വാനം! എത്ര മനുഷ്യരുടെ, പ്രതിഭകളുടെ സഹായം! എത്രയെത്ര പരാജയങ്ങള്‍! കൂട്ടായ്മയുടെ വിജയങ്ങള്‍! ആരൊക്കെയോ ചൊരിഞ്ഞ സ്നേഹങ്ങള്‍, ആരുടെയൊക്കെയോ കരുതലുകള്‍! തിരിഞ്ഞു നില്‍ക്കുമ്പോള്‍ എന്‍റെ ശിരസ് കുനിഞ്ഞ് പോകുന്നു... നന്ദിയോടെ എന്‍റെ കണ്ണുകള്‍ നനഞ്ഞ് പോകുന്നു.... കടപ്പാടോടെ....