കൊവിഡ്, ലോക്ക് ഡൗണ്‍ പ്രതിസന്ധികള്‍ നീങ്ങി 10 മാസങ്ങള്‍ക്ക് ശേഷം തിയേറ്ററുകള്‍ തുറന്നുവെങ്കിലും പ്രതീക്ഷയ്‌ക്ക് വകയായി ഒന്നും ലഭിച്ചിരുന്നില്ല. സെക്കന്‍റ് ഷോകള്‍ ഇല്ലാതിരുന്നതാണ് തിയേറ്റര്‍ ഉടമകള്‍ക്കും സിനിമാ മേഖലയ്‌ക്കും തിരിച്ചടി സൃഷ്ടിച്ചത്. ഏറെ നാളത്തെ ചര്‍ച്ചകള്‍ക്ക് ശേഷം സെക്കന്‍റ് ഷോകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി. ഇതോടെ റിലീസ് മാറ്റിവെച്ചിരുന്ന സിനിമകളെല്ലാം ഒന്നിന് പിന്നാലെ ഒന്നായി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ദി പ്രീസ്റ്റ്, വണ്‍, മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം എന്നീ സിനിമകള്‍ക്ക് പിന്നാലെ ഇപ്പോള്‍ റിലീസ് തിയ്യതി പുറത്തുവിട്ടിരിക്കുന്നത് കുഞ്ചാക്കോ ബോബന്‍റെ സിനിമകളാണ്. ജിസ് ജോയ് സിനിമ മോഹന്‍കുമാര്‍ ഫാന്‍സ്, മാര്‍ട്ടിന്‍ പ്രക്കാട്ട് സിനിമ നായാട്ട് എന്നിവയുടെ റിലീസ് തിയ്യതികളാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.
റിലീസ് പ്രഖ്യാപിച്ച് കൂടുതല്‍ മലയാള സിനിമകള്‍
ജിസ് ജോയ് സംവിധാനം ചെയ്‌ത മോഹന്‍കുമാര്‍ ഫാന്‍സ് മാര്‍ച്ച് 19നും മാര്‍ട്ടിന്‍ പ്രക്കാട്ട് സിനിമ നായാട്ട് ഏപ്രില്‍ എട്ടിനും തിയേറ്ററുകളിലെത്തും
മോഹന്‍കുമാര്‍ ഫാന്‍സ് മാര്‍ച്ച് 19ന് ആണ് തിയേറ്ററുകളിലെത്തുക. ജിസ് ജോയ് ചിത്രത്തിന്‍റെ എല്ലാ ചേരുവകളും ഈ സിനിമയിലും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഒരു സിനിമാ താരമായാണ് ചാക്കോച്ചന്‍ ചിത്രത്തില്‍ എത്തുന്നത്. ബോബി-സഞ്ജയ് ടീമിനൊപ്പം ജിസ് ജോയിയും ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത്. ശ്രീനിവാസന്‍, സൈജു കുറുപ്പ്, വിനയ് ഫോര്‍ട്ട്, ബേസില്‍ ജോസഫ്, രമേശ് പിഷാരടി, കൃഷ്ണകുമാര്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ സിനിമയില്‍ എത്തുന്നത്. ഏഴ് ഗാനങ്ങളാണ് സിനിമയിലുള്ളത്. പ്രിന്‍സ് ജോര്‍ജാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. വില്യം ഫ്രാന്‍സിസാണ് പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത്.
ചാർലിക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്‌ത സിനിമ 'നായാട്ട്' ഏപ്രിൽ എട്ടിന് സിനിമ റിലീസ് ചെയ്യും. കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷ സജയൻ എന്നിവരാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. റിലീസ് പ്രഖ്യാപിച്ചുള്ള പുതിയ പോസ്റ്ററില്‍ കുഞ്ചാക്കോ ബോബന്‍, ജോജു, നിമഷ എന്നിവരാണ് ഉള്ളത്. പൊലീസ് ഗെറ്റപ്പിലാണ് മൂവരും പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രത്തിന് ഷാഹി കബീറാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിനായി ഷൈജു ഖാലിദ് ഛായാഗ്രഹണവും മഹേഷ് നാരായണൻ എഡിറ്റിങും വിഷ്ണു വിജയ് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു.