Minnal Murali Netflix release : മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമെന്ന വിശേഷണത്തോടെ പുറത്തിറങ്ങുന്ന 'മിന്നല്‍ മുരളി'ക്കായുള്ള കാത്തിരിപ്പിലാണ് നാളേറെയായി ആരാധകര്‍. ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ക്രിസ്‌തുസ് റിലീസായി ഡിസംബര്‍ 24ന് നെറ്റ്‌ഫ്ലിക്‌സിലൂടെയാണ് പുറത്തിറങ്ങുന്നത്.
റിലീസിനൊരുങ്ങുന്ന ചിത്രത്തിന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് പുതിയൊരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 'മിന്നല്‍ മുരളി'യിലെ രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ നെറ്റ്‌ഫ്ലിക്‌സിലൂടെ പുറത്തുവിട്ടിരിക്കുന്നത്.
അടുത്ത ദിവസം നടക്കുന്ന സൂപ്പര്‍ ഹീറോ ടെസ്‌റ്റില്‍ പാസാകുമോ എന്ന് ടെന്‍ഷനടിച്ചിരിക്കുന്ന ടൊവിനോയും താരത്തിന് പ്രചോദനം നല്‍കുന്ന കുട്ടിത്താരവുമാണ് വീഡിയോയില്‍. സ്‌ട്രെങ്ത്ത് ടെസ്‌റ്റ് ചെയ്യാന്‍ ഗ്രേറ്റ് ഖാളിയും, സ്‌പീഡ് ടെസ്‌റ്റ് ചെയ്യാന്‍ യുവരാജ് സിങുമാണ് ഉണ്ടാകുന്നതെന്ന് ടൊവിനോയുടെ കഥാപാത്രത്തോട് കുട്ടിത്താരം പറയുന്ന രംഗവും വീഡിയോയിലുണ്ട്.
ഇന്ന് പുറത്തിറങ്ങിയ വീഡിയോ ഇതിനോടകം തന്നെ 3,05,249 പേര്‍ കണ്ടുകഴിഞ്ഞു. ചിത്രത്തെയും താരത്തെയും പിന്തുണച്ച് കൊണ്ടുള്ള നിരവധി കമന്‍റുകളാണ് വീഡിയോയ്‌ക്ക് താഴെ വന്നിരിക്കുന്നത്.
Minnal Murali world premiere show : നെറ്റ്‌ഫ്ലിക്‌സില്‍ എത്തുംമുമ്പേ ചിത്രത്തിന്‍റെ ഗ്ലോബല്‍ പ്രീമിയര്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു. ജിയോ മാമി മുംബൈ ഫിലിം ഫെസ്‌റ്റിവലിലാണ് ചിത്രത്തിന്‍റെ പ്രീമിയര്‍ നടന്നത്. പ്രീമിയര്‍ ഷോയ്‌ക്ക് ശേഷം പ്രേക്ഷകരുടെ ഭാഗത്ത് നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
Priyanka Chopra about Minnal Murali : 'മിന്നല്‍ മുരളി' ഇഷ്‌ടപ്പെട്ടതായി ജിയോ മാമി മുംബൈ ഫിലിം ഫെസ്‌റ്റിവലിന്‍റെ ചെയര്‍പേഴ്‌സണും പ്രമുഖ ബോളിവുഡ് താരവുമായ പ്രിയങ്ക ചോപ്ര നേരത്തെ തന്നെ പറഞ്ഞിരുന്നു.
Minnal Murali songs : ചിത്രത്തിന്‍റെ ട്രെയ്‌ലറുകളും ഗാനങ്ങളും ഇതിനോടകം തന്നെ ശ്രദ്ധേയമായിട്ടുണ്ട്. ഏറ്റവും ഒടുവിലായി 'ആരോമല്‍' എന്ന ഗാനമാണ് പുറത്തിറങ്ങിയത്. മനു മഞ്‌ജിത്തിന്‍റെ വരികള്‍ക്ക് ഷാന്‍ റഹ്‌മാന്‍റെ സംഗീതത്തില്‍ നിത്യ മാമന്‍, സൂരജ് സന്തോഷ് എന്നിവരാണ് ഗാനാലാപനം. നേരത്തെ ചിത്രത്തിലെ 'തീ മിന്നല്‍ തിളങ്ങി' എന്ന ടൈറ്റില്‍ ഗാനവും 'ഉയിരേ ഒരു ജന്മം നിന്നെ' എന്ന ലിറിക്കല്‍ വീഡിയോ ഗാനവും 'കുഗ്രാമമെ', 'എടുക്ക് കാശായ്' എന്നിങ്ങനെ തുടങ്ങുന്ന ഗാനങ്ങളും പുറത്തിറങ്ങിയിരുന്നു. ചിത്രത്തിലെ ഇതുവരെ പുറത്തിറങ്ങിയ എല്ലാ ഗാനങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.