മിന്നൽ മുരളിയാണ് ഇപ്പോൾ തരംഗം. ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നൽ മുരളിയുടെ ടീസറിന് ലഭിച്ചത് ഗംഭീരപ്രതികരണമായിരുന്നു. മലയാളത്തിന് പുറമെ, തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി ഭാഷകളിലായി റിലീസിനൊരുങ്ങുന്ന ചിത്രത്തെ മലയാളത്തിന്‍റെ ആദ്യ സൂപ്പർഹീറോ സിനിമയായും വിശേഷിപ്പിക്കുന്നു.
അഞ്ച് ഭാഷകളിലായാണ് ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങിയത്. അതിവേഗം കുതിച്ചുനീങ്ങുന്ന മുരളിക്കും ടീസറിനുമാകട്ടെ ഹോളിവുഡിൽ നിന്ന് വരെ പ്രശംസ ലഭിച്ചു. ഹോളിവുഡ് ചിത്രം എക്‌സ്‌ട്രാക്ഷന്‍റെ സംവിധായകൻ സാം ഹാര്‍ഗ്രേവ് ചിത്രത്തിന്‍റെ ട്രെയിലർ പങ്കുവെച്ചുകൊണ്ടാണ് പ്രശംസയറിയിച്ചത്. എന്‍റെ ബഡ്ഡി വ്ളാഡ് റിംബർഗിനെ പിന്തുണക്കൂ. ഈ ടീസർ കാണൂ!” എന്ന് കുറിച്ചുകൊണ്ട് സാം ഹാര്‍ഗ്രേവ് ഇൻസ്റ്റഗ്രാമിലൂടെ ടീസർ പങ്കുവെച്ചു. ഹോളിവുഡ് സിനിമകളിലെ നിറസാന്നിധ്യമായ വ്ളാഡ് റിംബർഗാണ് മിന്നൽ മുരളിയുടെ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. ക്രിസ് ഹെമ്‌സ്‌വെർത്ത് നായകനായ ആക്ഷൻ- ത്രില്ലർ എക്‌സ്‌ട്രാക്ഷൻ നെറ്റ്ഫ്ലിക്‌സ് ഹിറ്റായിരുന്നു. സംവിധായകൻ ഹാര്‍ഗ്രേവ് മിന്നൽ മുരളിയെ പ്രശംസിച്ച് രംഗത്തെത്തിയതോടെ, ചിത്രത്തിന്‍റെ നിർമാതാവ് സോഫിയ പോൾ, നടൻ അജു വർഗീസ് തുടങ്ങിയവർ അദ്ദേഹത്തോട് നന്ദി പറഞ്ഞു.