ഗോദയുടെ വന്‍ വിജയത്തിന് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളിയുടെ ഫസ്റ്റ്ലുക്ക് 25ന് പുറത്തിറങ്ങും. ടൊവിനോയാണ് ടൈറ്റില്‍ റോളിലെത്തുന്നത്. ചിത്രത്തില്‍ ഒരു നാടന്‍ സൂപ്പര്‍ ഹീറോയായിരിക്കും ടൊവിനോ. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്‍റെ ബാനറില്‍ സോഫിയ പോളാണ് മിന്നല്‍ മുരളി നിര്‍മിക്കുന്നത്. ബാംഗ്ലൂര്‍ ഡേയ്സ്, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പടയോട്ടം എന്നീ ചിത്രങ്ങളാണ് മുമ്പ് വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്‍റെ ബാനറില്‍ പുറത്തിറങ്ങിയിട്ടുള്ളത്. അടുത്തിടെ സിനിമയുടെ ചിത്രീകരണത്തിനായി ഒരുക്കിയ ക്രിസ്ത്യന്‍ ദേവാലയത്തിന്‍റെ സെറ്റ് ഒരു സംഘം ആളുകള്‍ ലോക്ക് ഡൗണ്‍ സമയത്ത് തകര്‍ത്തത് വലിയ വാര്‍ത്തയായിരുന്നു.
മിന്നല്‍ മുരളിയുടെ ഫസ്റ്റ്ലുക്ക് 25ന് എത്തും - ബേസില്‍ ജോസഫ്
ടൊവിനോയാണ് ടൈറ്റില്‍ റോളിലെത്തുന്നത്. ഗോദയുടെ വന്‍ വിജയത്തിന് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മിന്നല്‍ മുരളി
ഗോദയിലും ടൊവിനോയായിരുന്നു നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും. ജിഗര്‍ത്തണ്ട, ജോക്കര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതനായ തമിഴ് നടന്‍ ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രത്തിലെ രണ്ടു സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്യുന്നത് ബാറ്റ്മാന്‍, ബാഹുബലി, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വ്ളാഡ് റിംബര്‍ഗാണ്. ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.