തിരുവനന്തപുരം:ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ പ്രതി മോൻസൺ മാവുങ്കലിനൊപ്പമുള്ള ചിത്രം മോർഫ് ചെയ്‌തതാണെന്ന് ചൂണ്ടിക്കാട്ടി പൊതുവിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഡിജിപിയ്ക്ക് പരാതി നൽകി. മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചതാണ് ഇക്കാര്യം.
ചിത്രങ്ങൾ സഹിതമാണ് മന്ത്രി പരാതി നൽകിയത്. സിനിമാ താരം ബൈജുവിനൊപ്പമുള്ള ചിത്രത്തെയാണ് മോന്‍സൺ മാവുങ്കലിനൊപ്പം നിൽക്കുന്നു എന്ന തരത്തിൽ പ്രചരിച്ചത്.
മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ പ്രതി മോൻസൺ മാവുങ്കലിനൊപ്പം എന്ന രീതിയിൽ എന്നെയും ചേർത്ത് ഒരു ഫോട്ടോ നിക്ഷിപ്‌ത താൽപര്യക്കാർ പ്രചരിപ്പിക്കുന്നുണ്ട്. തെരഞ്ഞെടുപ്പുകാലത്ത് നടൻ ബൈജു വീട്ടിൽ എത്തിയപ്പോൾ ഞങ്ങൾ രണ്ടുപേരുമുള്ള ഫോട്ടോ എടുത്തിരുന്നു. ഈ ഫോട്ടോ മോർഫ് ചെയ്‌ത് മോൻസൺ മാവുങ്കലിനൊപ്പം നിൽക്കുന്നു എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്.
More Read: പുരാവസ്‌തു തട്ടിപ്പ്; മോൻസൺ മാവുങ്കലിന്‍റെ വീട്ടിൽ ക്രൈംബ്രാഞ്ചിന്‍റെ മിന്നൽ പരിശോധന
ഷീബ രാമചന്ദ്രൻ എന്ന പേരിലുള്ള അക്കൗണ്ടിൽ നിന്നും കൊണ്ടോട്ടി പച്ചപ്പട എന്ന പേരിലും ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടത്താൻ ഞാൻ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. വെറുതെ ഒരു പോസ്റ്റ് ഉണ്ടായതല്ല എന്ന് ഉറപ്പാണ്. പോസ്റ്റിന് പിന്നിൽ ചില രാഷ്ട്രീയ താൽപര്യങ്ങൾ ഉണ്ട് എന്ന് ഞാൻ സംശയിക്കുന്നു.