കണ്ണൂർ: മെഗാസ്റ്റാറിന്‍റെ വര്‍ക്ക് ഔട്ട് ചിത്രത്തെ പ്രശംസിച്ച് മന്ത്രി ഇ.പി ജയരാജൻ. കൊവിഡ് കാലത്ത് സുരക്ഷിതമായിരിക്കുന്നതിനൊപ്പം ആരോഗ്യവാനായിരിക്കുക എന്നതും പ്രധാനമാണെന്നാണ് ഇ.പി ജയരാജൻ ഫേസ്‌ബുക്കിൽ പറഞ്ഞത്. രണ്ട് ദിവസം മുൻപ് സൂപ്പർതാരം മമ്മൂട്ടി പങ്കുവെച്ച ഫോട്ടോയും മന്ത്രി തന്‍റെ ഫേസ്‌ബുക്ക് പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കരുതലിനൊപ്പം ആരോഗ്യവും; മമ്മൂട്ടിയെ അഭിനന്ദിച്ച് മന്ത്രി ഇ.പി ജയരാജൻ - Mammootty in his new makeover
കൊവിഡ് കാലത്തെ വിശ്രമജീവിതം ആരോഗ്യ സംരക്ഷണത്തിന് ഉപയോഗപ്പെടുത്തി മമ്മൂട്ടി മികച്ച മാതൃകയാവുകയാണെന്ന് മന്ത്രി ഇ.പി ജയരാജൻ ഫേസ്‌ബുക്കിലൂടെ അറിയിച്ചു.
"കൊവിഡ് കാലത്ത് വിശ്രമജീവിതം ആരോഗ്യ സംരക്ഷണത്തിന് ഉപയോഗപ്പെടുത്തി മികച്ച മാതൃകയാവുകയാണ് സിനിമാതാരം മമ്മൂട്ടി. ഇന്നലെ താരം പുറത്ത് വിട്ട ചിത്രം അതിന് തെളിവാണ്. കരുതലിനൊപ്പം ആരോഗ്യവാനായിരിക്കുക എന്നതാണ് രോഗത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗം. ഈ പ്രായത്തിലും നല്ല ശാരീരിക ആരോഗ്യം കാത്ത് സൂക്ഷിക്കാനാവുക എന്നത് ആശ്ചര്യപ്പെടുത്തുന്നു. കഠിനപ്രയത്‌നത്തിലൂടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്ന മമ്മൂട്ടി മുഴുവന്‍ ആളുകള്‍ക്കും മാതൃകയാണ്. കൊവിഡ് കാലം മാറി മികവുറ്റ കഥാപാത്രങ്ങളുമായി സജീവമാകാന്‍ മമ്മൂട്ടിക്ക് കഴിയും. എല്ലാ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു," മന്ത്രി ഇ.പി ജയരാജൻ കുറിച്ചു.
"വര്‍ക്ക് അറ്റ് ഹോം, വര്‍ക്ക് ഫ്രം ഹോം, ഹോം വര്‍ക്ക്, നോ അതര്‍ വര്‍ക്ക്, സോ വര്‍ക്ക് ഔട്ട്" എന്ന അടിക്കുറിപ്പോടെ മെഗാസ്റ്റാർ പങ്കുവെച്ച കിടിലൻ മേക്കോവർ എല്ലാവരെയും ഞെട്ടിച്ചു. ഒട്ടുമിക്ക സിനിമാതാരങ്ങളും താരത്തിന്‍റെ പുതിയ മേക്കോവർ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്‌തു. പ്രായത്തെ തോൽപിക്കുന്ന മമ്മൂട്ടി ചിത്രത്തിനെ ട്രോളന്മാരും മികച്ച രീതിയിൽ പ്രയോജനപ്പെടുത്തിയതോടെ ചിത്രം വൈറലാകുകയാണ്.