പോപ് ഇതിഹാസം അരങ്ങൊഴിഞ്ഞിട്ട് ഇന്ന് 11വർഷം. മൂൺവാക്കും റോബോട്ടുമായി പതിറ്റാണ്ടുകൾക്കിപ്പുറവും നൂറ്റാണ്ടിന്‍റെ കലാകാരൻ ആസ്വാദകരെ ത്രസിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഗായകനായും സംഗീത സംവിധായകനായും നർത്തകനായും അഭിനേതാവായും അമേരിക്കൻ സംഗീത ലോകത്തും ലോകമെമ്പാടുമുള്ള കലാപ്രേമികളിലും എന്നും അവിസ്‌മരണീയനായ പ്രതീകം. 1958 ഓഗസ്റ്റ് 29ന് മൈക്കിൾ ജാക്‌സൺ കുടുംബത്തിലെ എട്ടാമനായി ജനിച്ചു. 1960കളുടെ പകുതിയിൽ തന്നെ തന്‍റെ സഹോദരങ്ങളോടൊപ്പം സംഗീത ജീവിതത്തിന് തുടക്കം കുറിച്ചു. ദി ജാക്‌സൺ 5 എന്നായിരുന്നു ബാന്‍റിന്‍റെ പേര്. ട്രൂപ്പിന്‍റെ മുന്നേറ്റത്തിൽ മുഖ്യനായിരുന്നതും കുഞ്ഞു മൈക്കിളും അദ്ദേഹത്തിന്‍റെ അതുല്യ പ്രകടനവുമായിരുന്നു.
70കളുടെ തുടക്കത്തോടെ എംജെ ഒറ്റക്ക് പാടാൻ തുടങ്ങി. പിന്നീട്, സംഗീത ലോകത്തെ ഒരു ഇതിഹാസമായി വളർന്ന ജാക്‌സണിനിൽ നിന്നും ലഭിച്ച ഗാനങ്ങളാണ് ബീറ്റ് ഇറ്റ്, ബില്ലി ജീൻ, ത്രില്ലർ, ബ്ലാക്ക് ആന്‍റ് വൈറ്റ് എന്നിവ. സംഗീത ആസ്വാദനത്തിൽ മാത്രമായി ഒതുങ്ങാതെ, വർണ വിവേചനത്തിന്‍റെ അതിർ വരമ്പുകൾ തകർക്കാൻ മൈക്കിൾ ജാക്‌സൺ സംഗീതത്തെ ഉപയോഗപ്പെടുത്തി.
ലോകത്ത് ഏറ്റവും കൂടുതലാളുകളെ വിനോദിപ്പിച്ച വ്യക്തി എന്ന പേരിൽ ഗിന്നസ് പുസ്തകത്തിൽ ഇടം നേടിയ ജാക്‌സണിന്‍റെ 'ത്രില്ലർ' ആൽബം ആഗോളതലത്തിൽ വിറ്റഴിച്ചത് 10 കോടി കോപ്പികളാണ്. ഇതിനു പുറമെ, പോപ് രാജാവിന്‍റെ ഓഫ് ദ വാൾ(1979), ബാഡ് (1987), ഡെയ്ഞ്ചൊറസ്(1991)ഹിസ്റ്ററി(1995) സോളോ സ്റ്റുഡിയോ ആൽബങ്ങളും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടു.
ലോകത്ത് ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ നേടിയ സംഗീതജ്ഞൻ കൂടിയാണ് മൈക്കിൾ ജാക്‌സൺ. ഇന്ത്യാന ഗാരിയിലെ ഒരു തൊഴിലാളി കുടുംബത്തിൽ നിന്നും വളർന്ന്, ഗിന്നസ് വേൾഡ് റോക്കോർഡും 13 ഗ്രാമി പുരസ്‌കാരങ്ങളും 26 അമേരിക്കൻ മ്യൂസിക്ക് പുരസ്കാരങ്ങളും 13 നമ്പർ വൺ സിംഗിൾസ് ഇൻ ദ യുണൈറ്റഡ് സ്റ്റേറ്റ്സ് പുരസ്‌കാരങ്ങളും സ്വന്തം പേരിൽ എഴുതിച്ചേർത്തു. പോപ്പിന്‍റെയും റോക്ക് ആൻഡ് റോളിന്‍റെയും ലോകത്തുനിന്ന് ഡാൻസ് ഹോൾ ഓഫ് ഫെയിമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തേയും ഏകവ്യക്തിയും എംജെയാണ്.
കൺമറഞ്ഞ് 11 വർഷം പിന്നിടുമ്പോഴും ജാക്‌സൺ ലോകത്തിന് ഹൃദ്യമാകുന്നതിന് അദ്ദേഹത്തിന്‍റെ സംഗീതസംഭാവനകൾക്ക് മാത്രമല്ല, സഹജീവികളെ സഹായിക്കുന്നതിലും ഒന്നാമനായിരുന്നു താരം. ഏറ്റവും കുടുതൽ കാരുണ്യ സ്ഥാപനങ്ങളെ സഹായിച്ച പോപ് താരമെന്ന പേരിൽ ഗിന്നസ് ബുക്കിലിടം പിടിച്ച മൈക്കിൾ ജാക്‌സൺ മുപ്പത്തിയൊമ്പത് ജീവകാരുണ്യ സംഘടനകൾക്ക് താങ്ങായി. ലയണൽ റിച്ചിക്കൊപ്പം 1985ൽ വീ ആർ ദി വേൾഡ് എന്ന ഗാനം സൃഷ്‌ടിച്ചുകൊണ്ട് ധനം സമാഹരിച്ച് ആഫ്രിക്കൻ ജനതയുടെ ഉന്നമനത്തിനായി പ്രവർത്തിച്ചു.
പോപ് രാജാവിന്‍റെ രൂപമാറ്റം, വ്യക്തിഗത ബന്ധങ്ങൾ, പെരുമാറ്റങ്ങൾ എന്നിങ്ങനെ പല സ്വകാര്യ ജീവിത വിഷയങ്ങളും വിവാദങ്ങൾക്ക് കാരണമായി. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്‌തുവെന്ന തരത്തിലുള്ള ആരോപണങ്ങളും അദ്ദേഹത്തിന് നേരെ ഉയർന്നിട്ടുണ്ട്. തുടർന്നും ജാക്‌സണ് എതിരെ ലൈംഗികാരോപണങ്ങൾ ഉയർന്നുവെങ്കിലും കുറ്റക്കാരനല്ലെന്നു കണ്ടെത്തി കോടതി അദ്ദേഹത്തെ വെറുതെ വിട്ടു. മൈക്കിള്‍ മയക്കുമരുന്നു ഉപയോഗിച്ചിരുന്നതായും വാർത്തകൾ പ്രചരിച്ചു. ഇതിന്‍റെ പേരിലും ഒരുപാട് ആരോപണങ്ങൾ താരം നേരിട്ടു. 2009 ജൂൺ 25നാണ് ലോകത്തെ നടുക്കി പോപ് ഇതിഹാസം വിടപറഞ്ഞത്. അതായത് പ്രശസ്തിയുടെയും പ്രതിസന്ധികളുടെയും നടുവില്‍ നിന്ന് തന്‍റെ അമ്പതാം വയസില്‍ ജാക്‌സൺ അരങ്ങൊഴിഞ്ഞു.
പ്രൊപ്പഫോൾ, ലോറാസെപാം മുതലായ മയക്കുമരുന്നുകളുടെ അമിതമായ ഉപയോഗം മൂലമുണ്ടായ ഹൃദയാഘാതമാണ് അദ്ദേഹത്തിന്‍റെ മരണത്തിലേക്ക് വഴിവച്ചത്. ദിസ് ഈസ് ഇറ്റ് എന്ന സംഗീത പര്യടനത്തിനുള്ള തയ്യാറെടുപ്പിനിടെയാണ് അദ്ദേഹം അന്തരിച്ചത്. ലോകമെമ്പാടുമായി കോടിക്കണക്കിന് ആളുകളാണ് പ്രിയകലാകാരന്‍റെ അന്ത്യകർമ ചടങ്ങുകൾ തത്സമയ സംപ്രേക്ഷണത്തിലൂടെ കണ്ടത്. മരണശേഷവും കോടികളോളം ആൽബങ്ങൾ വിറ്റുപോയിട്ടുണ്ട്. എന്തിനേറെ, ജാക്‌സണിന്‍റെ ഒരു പഴയ ആൽബം ആ വാരത്തിലെ പുതിയ ആൽബത്തിനേക്കാൾ കൂടുതൽ വിൽക്കപ്പെട്ടതോടെ ചരിത്രം സൃഷ്‌ടിച്ചു. സംഗീതവും കലയും പുതിയ കലാകാരന്മാരിലൂടെ വളർന്നുകൊണ്ടേയിരിക്കുമ്പോഴും, എംജെ അഥവാ മൈക്കിൾ ജാക്‌സൺ അടയാളപ്പെടുത്തിയ റെക്കോഡുകൾ ഇന്നും തിരുത്തി എഴുതിപ്പെട്ടിട്ടില്ല .