വിടർന്ന കണ്ണുകൾ... വശ്യമാർന്ന ചിരി... മാദക സൗന്ദര്യത്തിന്‍റെ അമൂർത്തിരൂപം.... ഒരു സിനിമാക്കഥയേക്കാൾ വലിയ ഏടുകളാണ് ആന്ധ്രാപ്രദേശിലെ ഏലൂരിനടുത്തുള്ള തേവാലിയിൽ നിന്നുള്ള വിജയലക്ഷ്‌മിയിൽ നിന്നും, സിനിമാകൊട്ടകകളെ ഉന്മാദത്തിലാക്കിയ സിൽക്ക് സ്‌മിതയായുള്ള യാത്ര.
അച്ഛൻ ഉപേക്ഷിക്കപ്പെട്ട, അമ്മയും അനുജനും മാത്രമടങ്ങുന്ന നിർധന കുടുംബം... വീട്ടിലെ പരാധീനത നാലാം ക്ലാസിൽ തന്നെ പഠനം ഉപേക്ഷിക്കാൻ കാരണമായി. വളരെ ചെറുപ്പം മുതൽ വിജയലക്ഷ്‌മിക്ക് സിനിമ സ്വപ്‌നമായിരുന്നു. അവിടേക്ക് എത്തുന്നതിന് മുൻപ് കൗമാരത്തിലേ ഒരു കാളവണ്ടിക്കാരനുമായി വിവാഹിതയായി. ഭർതൃവീട്ടിലെ പീഢനങ്ങൾ കാരണം ആ ബന്ധം വിട്ടു, ശേഷം മദിരാശിയിലേക്ക്. മദ്രാസിൽ അപർണ എന്ന ബി ഗ്രേഡ് നടിയുടെ ടച്ച് അപ്പ് ഗേളായിരുന്നപ്പോഴും വിജയലക്ഷ്‌മിയിലെ അഭിനയമോഹങ്ങൾ തുടർന്നുകൊണ്ടേയിരുന്നു.
ഒടുവിൽ 1979ൽ ആന്‍റണി ഈസ്റ്റ്മാൻ എന്ന മലയാളി സംവിധായകന്‍റെ ഇണയെത്തേടി എന്ന ചിത്രത്തിലൂടെ തിരശ്ശീലയിലേക്ക്. അന്ന് വിജയലക്ഷ്‌മിക്ക് പത്തൊമ്പത് വയസായിരുന്നു. ഇണയെത്തേടി എന്ന ചിത്രത്തിലൂടെയാണ് വിജയലക്ഷ്‌മി സ്‌മിതയിലേക്ക് മാറുന്നത്. സംവിധായകൻ ആന്‍റണി നിർദേശിച്ച ആ പേരുമായി താരം വിനു ചക്രവർത്തിയുടെ 'വണ്ടി ചക്ര'ത്തിൽ എത്തി. നടൻ സൂര്യയുടെ അച്ഛൻ ശിവകുമാർ നായകനായ ചിത്രത്തിൽ ഒരു ബാർ ഡാൻസറിന്‍റെ വേഷമായിരുന്നു സ്‌മിതക്ക്. വണ്ടിചക്രം ഹിറ്റായതിനൊപ്പം നടി അഭിനയിച്ച ഗാനരംഗവും സിൽക്കെന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. അങ്ങനെ സ്‌മിതയിൽ നിന്നും സിൽക്ക് സ്‌മിതയിലേക്ക് പേരെടുത്തുതുടങ്ങി.
സിൽക്ക് ഒരിക്കലും ഒരു പ്രൊഫഷണൽ ഡാൻസറായിരുന്നില്ല. എന്നാൽ, സ്‌ക്രീനിൽ തെളിയുന്ന ആ മാസ്‌മരിക നിമിഷങ്ങളും ഗാനരംഗങ്ങളിലെ ചടുലതയും വശ്യതയാർന്ന സൗന്ദര്യവും ഭാഷാ-ദേശാന്തരമില്ലാതെ കാണികളെ കീഴടക്കി. വണ്ടിചക്രത്തിന് ശേഷമുള്ള അടുത്ത മൂന്ന് വർഷങ്ങൾ സിൽക്കിന് നൽകിയത് 200ലേറെ ചിത്രങ്ങൾ... ഒരൊറ്റ ചിത്രത്തിൽ തന്നെ സിൽക്ക് സിൽക്ക് സിൽക്ക് എന്ന് മൂന്ന് റോളുകൾ...
സൂപ്പർതാരപരിവേഷമുള്ള നടിമാർക്ക് പോലും ലഭിക്കാത്ത ഉയർന്ന പ്രതിഫലമായിരുന്നു മാദകറാണിക്ക് ലഭിച്ചിരുന്നത്. കൂടാതെ, ശിവാജി ഗണേശൻ, കമൽ ഹാസൻ, ചിരഞ്ജീവി, രജനികാന്ത് തുടങ്ങിയ സൂപ്പർസ്റ്റാറുകളുടെ ചിത്രങ്ങളും സിൽക്കിന്‍റെ ഡേറ്റിനായി കാത്തുനിന്നിട്ടുണ്ട്.