മാര്‍ച്ച് നാലിന് റിലീസിനെത്തുമെന്ന് പ്രഖ്യാപിച്ച ദി പ്രീസ്റ്റിനായി കാത്തിരിക്കുകയായിരുന്നു ആരാധകർ. മെഗാസ്റ്റാറും ലേഡി സൂപ്പർസ്റ്റാറും ആദ്യമായി ഒന്നിക്കുന്ന മലയാളചിത്രത്തിനായി അത്രയേറെ ആകാംക്ഷയിലുമാണ് പ്രേക്ഷകർ. എന്നാൽ, സിനിമ മാർച്ച് നാലിന് തിയേറ്ററുകളിലെത്തില്ലെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
തിയേറ്ററുകളില്‍ സെക്കന്‍റ് ഷോയ്ക്കുള്ള അനുമതി സര്‍ക്കാര്‍ നിഷേധിച്ചതോടെ ചിത്രത്തിന്‍റെ റിലീസ് മാറ്റിവെക്കുകയാണെന്ന് ദി പ്രീസ്റ്റ് ടീം വ്യക്തമാക്കി. മറ്റു രാജ്യങ്ങളിൽ തിയേറ്ററുകൾ അടഞ്ഞുകിടക്കുകയും കേരളത്തിൽ നാല് പ്രദർശനങ്ങൾ നടത്താൻ അനുമതിയില്ലാത്തതിനാലും സിനിമയുടെ റിലീസ് മാറ്റിവയ്ക്കാൻ നിർബന്ധിതരായെന്ന് അണിയറപ്രവർത്തകർ പറഞ്ഞു.
നവാഗതനായ ജോഫിന്‍.ടി.ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിക്കും മഞ്ജു വാര്യര്‍ക്കുമൊപ്പം നിഖില വിമല്‍, ബേബി മോണിക്ക, രമേശ് പിഷാരടി, ശിവദാസ് കണ്ണൂര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദീപു പ്രദീപ്, ശ്യാം മേനോന്‍ എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. അഖില്‍ ജോര്‍ജ് ഛായാഗ്രഹണം നിർവഹിക്കുന്ന മെഗാസ്റ്റാർ ചിത്രത്തിന്‍റെ എഡിറ്റർ ഷമീർ മുഹമ്മദാണ്.