ഭീഷ്‌മയിൽ നിന്നും 'പുഴു' എന്ന ചിത്രത്തിലേക്ക് മടങ്ങുമ്പോൾ, തന്‍റെ ലുക്കിലും കാര്യമായ മാറ്റം വരുത്തിയിരിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. നീട്ടി വളർത്തിയ മുടി വെട്ടി, താടിയെടുത്ത് പുതിയ ഗെറ്റപ്പിലുള്ള മമ്മൂട്ടി ചിത്രം നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്.
മുടിവെട്ടി, താടിയെടുത്താലും വർഷങ്ങൾക്ക് മുൻപ് കണ്ട അതേ രൂപത്തിലുള്ള ചുള്ളൻ ലുക്കാണ് മമ്മൂക്കക്കെന്നാണ് നിർമാതാവ് ആന്‍റോ ജോസഫും പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയും പങ്കുവച്ച പുത്തൻ ചിത്രത്തിന് ആരാധകർ നൽകുന്ന പ്രതികരണം.
More Read: പുതുവർഷദിനത്തിൽ മമ്മൂട്ടിയുടെയും പാർവതിയുടെയും 'പുഴു' തുടങ്ങി
പ്രതിപക്ഷ നേതാവ് വി.ഡി സതീശനൊപ്പം തൃശൂരിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് മമ്മൂട്ടിയുടെ ഏറ്റവും പുതിയ ലുക്ക് കാമറക്ക് മുന്നിലെത്തിയത്. നവാഗത സംവിധായിക റത്തീന ഷർഷാദ് സംവിധാനം ചെയ്യുന്ന പുഴു എന്ന ചിത്രത്തിലേക്ക് വെള്ളിയാഴ്‌ച മമ്മൂട്ടി എത്തും. സിനിമയ്‌ക്കായുള്ള ഒരുക്കത്തിന്‍റെ ഭാഗമായാണ് മമ്മൂട്ടി ഗെറ്റപ്പിൽ മാറ്റം വരുത്തിയതെന്ന് ബാദുഷയുടെ ഫേസ്ബുക്ക് പോസ്റ്റ് വ്യക്തമാക്കുന്നു.
പാർവ്വതി തിരുവോത്താണ് 'പുഴു'വിലെ നായിക. ഹര്‍ഷദ്, ഷറഫ്, സുഹാസ് എന്നിവരാണ് തിരക്കഥ തയ്യാറാക്കുന്നത്. സിൻ സിൽ സെല്ലുലോയ്‌ഡിന്‍റെ ബാനറിൽ എസ്. ജോർജ്ജ് ചിത്രം നിർമിക്കുന്നു. ദുൽഖറിന്‍റെ വേ ഫെറർ ഫിലിംസ് സഹനിർമാണവും വിതരണവും നിർവഹിക്കുന്നു.