കാത്തിരിപ്പിന് വിരാമമിട്ട് ഒടുവില്‍ രാജ്യത്തെമ്പാടുമുള്ള 3800ല്‍ അധികം വരുന്ന തിയേറ്ററുകളില്‍ മാസ്റ്റര്‍ പ്രദര്‍ശനത്തിനെത്തി. പൊങ്കല്‍ റിലീസായി എത്തിയ ചിത്രത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ കഴിഞ്ഞ ദിവസം തന്നെ ആരംഭിച്ചിരുന്നു. മാസ്റ്ററിന്‍റെ റിലീസോടെയാണ് കേരളത്തില്‍ തിയേറ്ററുകള്‍ പത്ത് മാസങ്ങള്‍ക്ക് ശേഷം പ്രവര്‍ത്തനം ആരംഭിച്ചത്. ആവേശത്തിന് ഒട്ടും കുറവുവരുത്താതെ കേരളത്തിലെ തിയേറ്ററുകളിലേക്ക് രാവിലെ മുതല്‍ സിനിമാസ്വാദകരുടെ ഒഴുക്കാണ്.
മാസ്റ്ററിന്‍റെ ആദ്യ ഷോ കാണാനെത്തിയവരില്‍ അണിയറപ്രവര്‍ത്തകരും തെന്നിന്ത്യന്‍ താരങ്ങളും - master movie d cinemas
മാസ്റ്റര്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ചെന്നൈയില്‍ വെച്ചാണ് ആദ്യ പ്രദര്‍ശനം കണ്ടത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് മാസ്റ്റര്‍ റിലീസ് ചെയ്‌തത്.
സിനിമാ പ്രേമികള്‍ക്കും വിജയ് ആരാധകര്‍ക്കുമൊപ്പം മാസ്റ്റര്‍ സിനിമാ അണിയറപ്രവര്‍ത്തകരും കീര്‍ത്തി സുരേഷ്, ദിലീപ് അടക്കമുള്ള താരങ്ങളും വിവിധ ഇടങ്ങളിലെ ആദ്യ ഷോകള്‍ ആസ്വദിക്കാന്‍ എത്തിയിരുന്നു. സംവിധായകന്‍ ലോകേഷ് കനഗരാജ്, സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍, നായിക മാളവിക മോഹന്‍, നടന്‍ ശാന്ത്നു എന്നിവര്‍ ചെന്നൈയിലെ തിയേറ്ററിലെത്തിയാണ് മാസ്റ്ററിന്‍റെ ആദ്യ പ്രദര്‍ശനത്തില്‍ പങ്കെടുത്തത്. പ്രദര്‍ശനത്തിന് ശേഷം ആരാധകരോട് കുറച്ച് സമയം ചിലവഴിച്ച ശേഷമാണ് മാസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ മടങ്ങിയത്.
റിലീസ് ദിവസം തന്നെ മാസ്റ്റര്‍ കാണാന്‍ നടന്‍ ദിലീപും എത്തിയിരുന്നു. ചാലക്കുടിയിലെ അദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസിലെത്തിയാണ് ദിലീപ് സിനിമ കണ്ടത്. ഓള്‍ ഇന്ത്യ ദളപതി വിജയ് മക്കള്‍ ഇയക്കം സംഘടനയുടെ അംഗങ്ങള്‍ക്കൊപ്പമാണ് ദിലീപ് സ്‌ക്രീനിങ്ങിനെത്തിയത്. ഈ സങ്കടകാലത്ത് തിയേറ്റര്‍ വ്യവസായത്തെ രക്ഷപ്പെടുത്താനെത്തിയ സിനിമയാണ് മാസ്റ്റര്‍ എന്ന് സിനിമാ സംഘടന ഫിയോക്കിന്‍റെ ചെയര്‍മാന്‍ കൂടിയായ ദിലീപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തിയേറ്ററില്‍ ചിത്രം കാണാനെത്തിയ ഫോട്ടോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചുകൊണ്ടാണ് മാസ്റ്റര്‍ സിനിമ കാണാനെത്തിയ ആവേശം നടി കീര്‍ത്തി സുരേഷ് ആരാധകരുമായി പങ്കുവെച്ചത്. 'വിവരിക്കാന്‍ പോലും കഴിയില്ല' എന്നാണ് മാസ്റ്റര്‍ സിനിമയെ കുറിച്ച് കീര്‍ത്തി സുരേഷ് എഴുതിയത്.