ആലപ്പുഴ: വസ്‌ത്രാലങ്കാരത്തിൽ നിന്നും അഭിനേതാവായി ശ്രദ്ധയനായ താരമാണ് അന്താരാഷ്ട്ര ചലച്ചിത്ര പുരസ്‌കാര ജേതാവ് കൂടിയായ ഇന്ദ്രൻസ്. കൊവിഡിനെതിരെയുള്ള പ്രതിരോധ നടപടികളിലൊന്നായ മാസ്‌ക് നിർമാണം ഇനി സ്വന്തം വീടുകളിൽ നിന്ന് തയ്യാറാക്കാനാകുമെന്ന സന്ദേശം പങ്കുവക്കുകയാണ് താരമിപ്പോൾ. കേരള സർക്കാരിന്‍റെ 'ബ്രേക്ക് ദി ചെയിൻ' ക്യാമ്പെയിനിന്‍റെ ഭാഗമായി പൂജപ്പുര സെന്‍ട്രല്‍ ജയിലിന്‍റെ ടൈലറിംഗ് യൂണിറ്റില്‍ ചിത്രീകരിച്ചിരിക്കുന്ന വീഡിയോയിൽ ഇന്ദ്രൻസ് മാസ്‌ക് എങ്ങനെ നിർമിക്കാമെന്ന് വളരെ ലളിതവും വ്യക്തവുമായി വിവരിക്കുന്നു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയുടെ ഫേസ്‌ബുക്ക് പേജിലൂടെ പുറത്തുവിട്ട വീഡിയോയിൽ സംസ്ഥാനം നേരിടുന്ന മാസ്‌ക് ക്ഷാമത്തിനുള്ള പരിഹാരം കൂടിയാണ് വിശദീകരിക്കുന്നത്.
മാസ്‌ക് വീട്ടിലിരുന്ന് നിർമിക്കാം; മാസ്‌ക് നിർമാണരീതി വിശദീകരിച്ച് നടൻ ഇന്ദ്രൻസ് - covid mask
കേരള സർക്കാരിന്‍റെ 'ബ്രേക്ക് ദി ചെയിൻ' ക്യാമ്പെയിനിന്‍റെ ഭാഗമായി പൂജപ്പുര സെന്‍ട്രല്‍ ജയിലിന്‍റെ ടൈലറിംഗ് യൂണിറ്റില്‍ ചിത്രീകരിച്ചിരിക്കുന്ന വീഡിയോയിൽ ഇന്ദ്രൻസ് മാസ്‌ക് എങ്ങനെ നിർമിക്കാമെന്ന് വളരെ ലളിതവും വ്യക്തവുമായി വിവരിക്കുന്നു
നമുക്ക് ആവശ്യമുള്ള മാസ്‍ക് നമുക്ക് ഉണ്ടാക്കാവുന്നതേയുള്ളു... കുറച്ച് തയ്യല്‍ അറിയാവുന്ന ആര്‍ക്കും വീട്ടിലിരുന്നുകൊണ്ട് ആവശ്യമുള്ള മാസ്‍ക് ഉണ്ടാക്കാമെന്ന ആമുഖത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ഇന്ദ്രൻസ് കാണിച്ചുതന്ന മാസ്‌ക് നിർമാണത്തിന്‍റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങളും ഏറ്റെടുത്തുകഴിഞ്ഞു. കൂടാതെ, മമ്മൂട്ടിയടക്കമുള്ള താരങ്ങള്‍ വീഡിയോ പങ്കുവച്ചിട്ടുണ്ട്.
ഇന്ദ്രൻസ് എന്ന പേരിൽ ഒരു ടെയിലറിംഗ് ഷോപ്പ് തുറന്ന അദ്ദേഹം സിനിമകളിൽ അഭിനയിക്കാൻ തുടങ്ങിയപ്പോഴാണ് തന്‍റെ സ്റ്റേജ് നാമത്തിനായി ആ പേര് തെരഞ്ഞെടുത്തത്. ഇതിനകം 300ഓളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഇന്ദ്രൻസ്, 'ഞാൻ ഗന്ധർവ്വൻ', 'സ്ഫടികം' ഉൾപ്പടെയുള്ള ചിത്രങ്ങൾക്ക് വസ്ത്രാലങ്കാരവും നിർവഹിച്ചിട്ടുണ്ട്.