മലയാള സിനിമയുടെ ഉയരങ്ങള്‍ താണ്ടാന്‍ ശേഷിയുള്ളത് എന്ന വിശേഷണത്തോടെയെത്തുന്ന പ്രിയദര്‍ശന്‍റെ ബ്രഹ്മാണ്ഡചിത്രം മരക്കാര്‍ അറബിക്കടലിന്‍റെ സിംഹത്തിനായി കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള മലയാള സിനിമാപ്രേമികള്‍. മോഹന്‍ലാല്‍ ടൈറ്റില്‍ റോളിലെത്തുന്ന ചിത്രം എന്ന് കൂടിയാകുമ്പോള്‍ ആകാംഷ വാനോളമായിരിക്കും. മാര്‍ച്ച് 26ന് പ്രദര്‍ശനത്തിന് എത്തേണ്ടതായിരുന്നു മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം. എന്നാല്‍ കൊവിഡും ലോക്ക്‌ഡൗണും പ്രതിസന്ധിയായി. ഇപ്പോഴും പ്രതിസന്ധി തുടരുകയാണ്. ചിത്രം എന്ന് പ്രദര്‍ശനത്തിന് എത്തിക്കാന്‍ കഴിയുമെന്നത് അണിയറപ്രവര്‍ത്തകര്‍ക്ക് പോലും പ്രവചനാതീതം.
മരക്കാര്‍ റിലീസ് വൈകുന്നു, ഒരേസമയം സന്തോഷത്തിലും ദു:ഖത്തിലുമെന്ന് നിര്‍മാതാവ് റോയ് സി.ജെ - co-producer roy c.j facebook post
ചിത്രത്തിന്‍റെ റിലീസ് മുടങ്ങിയതിനെ ഭാഗ്യമെന്നാണോ നിര്‍ഭാഗ്യമെന്നാണോ വിശേഷിപ്പിക്കണ്ടതെന്ന് അറിയില്ലെന്നാണ് റോയ് കുറിപ്പിലൂടെ പറയുന്നത്
ഇപ്പോള്‍ ചിത്രത്തിന്‍റെ നിര്‍മാതാക്കളില്‍ ഒരാളായ റോയ് സി.ജെ ചിത്രത്തെ കുറിച്ച് ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്. ചിത്രത്തിന്‍റെ റിലീസ് മുടങ്ങിയതിനെ ഭാഗ്യമെന്നാണോ നിര്‍ഭാഗ്യമെന്നാണോ വിശേഷിപ്പിക്കണ്ടതെന്ന് അറിയില്ലെന്നാണ് റോയ് കുറിപ്പിലൂടെ പറയുന്നത്. 'ഇതിനെ ഭാഗ്യമെന്നോ യാദൃശ്ചികതയെന്നോ വിളിക്കാം. മോഹന്‍ലാലിന്‍റെ ബിഗ് ബജറ്റ് ചിത്രത്തിന്‍റെ നിര്‍മാണത്തില്‍ ആന്‍റണി പെരുമ്പാവൂരിനൊപ്പം ഞാന്‍ കൂടി ഭാഗഭാക്കാണ്. ജോലികളെല്ലാം പൂര്‍ത്തിയായിരുന്ന ചിത്രം നിശ്ചയിച്ചത് പ്രകാരം മാര്‍ച്ച് 26ന് റിലീസ് ചെയ്യാന്‍ കഴിയാതെ വന്നതില്‍ എനിക്ക് ദു:ഖമുണ്ട്. അതേസമയം സന്തോഷവുമുണ്ട്. കാരണം കൊവിഡ് പശ്ചാത്തലത്തില്‍ തിയേറ്ററുകള്‍ വൈകാതെ പൂട്ടിയിരുന്നു. ഇതിനെയാണ് ഒരേസമയം സന്തോഷത്തിലും ദു:ഖത്തിലുമെന്ന് പറയുക' റോയ് സി.ജെ ഫേസ്ബുക്കില്‍ കുറിച്ചു.
ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മിച്ച ചിത്രത്തിന്‍റെ സഹനിര്‍മാതാവാണ് കോണ്‍ഫിഡന്‍ഡ് ഗ്രൂപ്പ് ഉടമ റോയ് സി.ജെ. മലയാളത്തില്‍ ഇതുവരെയുള്ള ഏറ്റവുമുയര്‍ന്ന ബജറ്റ് ആയ 100 കോടിയിലാണ് മരക്കാര്‍ പൂര്‍ത്തിയായത്. മലയാളമുള്‍പ്പെടെ അഞ്ച് ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ചിത്രത്തിന്‍റെ ഓവര്‍സീസ് റൈറ്റ്സ് റെക്കോര്‍ഡ് തുകക്കാണ് നേരത്തെ വിറ്റുപോയത്. പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്‍റ് തുടങ്ങി വലിയ താരനിരയും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.