ബിലാലും പിള്ളേരും, മലയാളി പ്രേക്ഷകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അമൽ നീരദിന്‍റെ ബിഗ് ബിയുടെ രണ്ടാം ഭാഗം. ഡയലോഗും സ്‌ലോ മോഷൻ ആക്ഷൻ രംഗങ്ങളും ഫ്രെയിമുകളും പശ്ചാത്തല സംഗീതവും അങ്ങനെ മലയാളിക്ക് ബിലാലിനെയും പിള്ളേരെയും ഇഷ്‌ടപ്പെടാൻ കാരണങ്ങളേറെയായിരുന്നു. ചിത്രത്തിന്‍റെ രണ്ടാം പതിപ്പ് എത്തുമെന്ന് സ്ഥിരീകരിച്ചതോടെ ആരാധകരും കാത്തിരിപ്പിലാണ്. പ്രേക്ഷകർക്ക് പ്രതീക്ഷയായി മനോജ് കെ. ജയൻ, ബിലാലിനെ കുറിച്ചുള്ള പുതിയ വിവരം ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചു. മാർച്ച് 26ന് ചിത്രീകരണം ആരംഭിക്കാൻ നിശ്ചയിച്ച ബിലാലിന് വിനയായത് ലോക്ക് ഡൗൺ ആണെന്നും അതിനെയെല്ലാം അതിജീവിച്ച് ബിലാലും പിള്ളേരും ശക്തിയോടെ തിരിച്ചെത്തുമെന്നും മനോജ് കെ. ജയൻ അറിയിച്ചു.
ബിലാലും പിള്ളേരും എത്തും; പ്രതീക്ഷയേകി മനോജ് കെ. ജയന്‍റെ പോസ്റ്റ് - fahad fazil
ലോക്ക് ഡൗൺ കാരണം ബിലാൽ ചിത്രത്തിന്‍റെ ഷൂട്ടിങ് മുടങ്ങിയെന്നും എന്നാൽ, പ്രേക്ഷകർക്ക് പ്രതീക്ഷയായി ബിലാലും പിള്ളേരും ശക്തിയോടെ എത്തുമെന്നും നടൻ മനോജ് കെ. ജയൻ പറഞ്ഞു
"മാർച്ച് 26ന് 'ബിലാൽ' ഷൂട്ട് തുടങ്ങാൻ ഇരുന്നതായിരുന്നു. അപ്പോഴാണ് കൊറോണ വിഷയവും അപ്രതീക്ഷിത ലോക്ക് ഡൗണും. ബിഗ് ബി ആരാധകർ നിരാശരായി... പൂർവ്വാധികം ശക്തിയായി ബിലാലും പിള്ളേരും വരും കേട്ടോ തീർച്ച," എന്നാണ് മനോജ് കെ. ജയൻ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞത്. ബിലാൽ ചിത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണെന്ന് നേരത്തെ നടൻ ബാല അറിയിച്ചിരുന്നു. സംഗീതജ്ഞൻ ഗോപി സുന്ദറും ചിത്രത്തിന്‍റെ സംഗീത സംവിധാനം ആരംഭിച്ച കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അമൽ നീരദ് സംവിധാനം ചെയ്യുന്ന ബിലാലിന്‍റെ തിരക്കഥ ഒരുക്കുന്നത് ഉണ്ണി ആർ. ആണ്. ചിത്രത്തിൽ യുവനടൻ ഫഹദ് ഫാസിൽ ഭാഗമാകുമെന്നും സൂചനകൾ ഉണ്ട്.