കേരളം

kerala

ETV Bharat / sitara

മലയാളത്തിന്‍റെ മഞ്‌ജു സ്‌പർശത്തിന് ഇന്ന് പിറന്നാൾ മധുരം

ജീവിതത്തിന്‍റെ പുതിയൊരു വർഷത്തിലേക്ക് കടക്കുമ്പോൾ 42 ഒരു വലിയ വയസല്ലെന്ന് അവർ വിശ്വസിക്കുന്നു... ആ വിശ്വാസം മലയാളസിനിമയിലേക്ക് കൂട്ടിച്ചേർക്കുന്നതാകട്ടെ ഇനിയുമാർക്കും ചെയ്‌തുതീർക്കാനാവാത്ത കുറേ നല്ല അഭിനയമുഹൂർത്തങ്ങളെയും....

manju warrier's birthday special  malayalam actress birthday  manju  how old are you  42nd birthday  മലയാളത്തിന്‍റെ സ്വന്തം മഞ്‌ജു സ്‌പർശം  42 ഒരു വയസല്ലാതാകുമ്പോൾ  മഞ്‌ജു വാര്യർ ജന്മദിനം  പിറന്നാൾ  മലയാളനടി പിറന്നാൾ  ഹൗ ഓൾഡ് ആർ യൂ
മലയാളത്തിന്‍റെ സ്വന്തം മഞ്‌ജു സ്‌പർശം

By

Published : Sep 10, 2020, 6:58 AM IST

Updated : Sep 10, 2020, 9:31 AM IST

മലയാളത്തിൽ ഒരു നായികയുടെ പേരിൽ തിയേറ്ററുകളിലേക്ക് കാണികൾ കൂട്ടമായി എത്തുമെന്ന് പരിചയപ്പെടുത്തിയത് മഞ്‌ജു വാര്യരാണെന്നതിൽ സംശയമില്ല. സാധാരണക്കാർക്കിടയിൽ കണ്ടുമുട്ടാറുള്ള സ്‌ത്രീ വേഷങ്ങൾ... കൊച്ചു കൊച്ചു പരിഭവങ്ങളും കുശുമ്പും നിഷ്‌കളങ്കതയും അനായാസ അഭിനയത്തിലൂടെ മഞ്‌ജു തിരശ്ശീലയിൽ പകർത്തി. വിധിയെ പഴിച്ച് ചുമരുകൾക്കുള്ളിലേക്ക് ഒതുങ്ങാതെ കാരിരുമ്പിന്‍റെ കരുത്തോടെ അതിനെ നേരിടുന്ന പെൺകുട്ടിയായും എത്രയോവട്ടം മലയാളി മഞ്‌ജുവിന്‍റെ സിനിമകൾ ആവർത്തിച്ചാവർത്തിച്ച് കണ്ടു.

പതിനേഴാം വയസിലാണ് മഞ്‌ജു അഭിനയംരംഗത്ത് എത്തുന്നത്

ജീവിതത്തിന്‍റെ എതിർമുഖങ്ങളിൽ നിന്നും ഫീനിക്‌സ് പക്ഷിയെപ്പോലെ അവർ ഉയർത്തെഴുന്നേറ്റ് പിന്നെയും പറന്നു ചേക്കേറിയത് മലയാളസിനിമയിലെ കരുത്തുറ്റ പെൺകഥാപാത്രങ്ങളിലേക്കായിരുന്നു. കല്ലിന്‍റെ കരുത്തുള്ള ഭാനുവായും, ശൗര്യവും ചങ്കുറപ്പുമുള്ള ശേഖരന്‍റെ മകളായും, അച്ഛന്‍റെ ചോരയ്ക്ക് പ്രതികാരം മനസിലാവാഹിച്ച ഭദ്രയായും, പുറമെ കുറുമ്പ് കാണിച്ച്, ഉള്ളിൽ പൊള്ളുന്ന പ്രണയവുമായി കാത്തിരിക്കുന്ന നിരഞ്ജന്‍റെ അഭിരാമിയായും, കുടുംബപ്രാരാബ്‌ധങ്ങൾക്കിടയിലെ ചില്ലറപൈസയായും, പ്രണയത്തിനെ വരികളാക്കി ഉള്ളിൽ കാത്തുസൂക്ഷിച്ച വിനയചന്ദ്രന്‍റെ പ്രണയിനിയായും ഇരട്ടകുട്ടികളുടെ അമ്മയായുമൊക്കെ ഇരുപത് വർഷങ്ങൾക്ക് മുമ്പ് അവർ മലയാളികളെ വിസ്‌മയിപ്പിച്ചെങ്കിൽ തിരിച്ചുവരവ് അതിനേക്കാൾ ഗംഭീരമാക്കുകയായിരുന്നു.

മലയാളത്തിന്‍റെ ലേഡി സൂപ്പർസ്റ്റാർ

സ്വപ്‌നം കാണുവാൻ ഇടയ്‌ക്കെവിടെയോ വച്ച് മറന്നുപോയ ആളല്ല മഞ്ജു. പകരം തന്‍റെ സാന്നിധ്യമില്ലാതിരുന്ന നീണ്ട പതിനഞ്ച് വർഷങ്ങളുടെ നഷ്‌ടം 2014ന് ശേഷം ഹൗ ഓൾഡ് ആർ യു, ഉദാഹരണം സുജാത, വേട്ട, എന്നും എപ്പോഴും, ലൂസിഫർ, ആമി, തമിഴിൽ വെട്രിമാരന്‍റെ അസുരൻ ചിത്രങ്ങളിലൂടെ അവർ വീണ്ടെടുക്കുകയായിരുന്നു. മലയാളം അത്രയേറെ കാത്തിരുന്ന ആ തിരിച്ചു വരവിനെ പ്രേക്ഷകർ സ്വീകരിച്ചതും പൂർണമനസോടെയാണ്.

തൂവൽകൊട്ടാരത്തിലെ തമ്പുരാട്ടി കുട്ടി

1978 സെപ്റ്റംബർ 10ന് കന്യാകുമാരിയിൽ ജനിച്ചു. തന്‍റെ പതിനേഴാം വയസിലാണ് മഞ്‌ജു അഭിനയംരംഗത്ത് എത്തുന്നത്. സാക്ഷ്യം എന്ന ചിത്രത്തിലെ സഹതാരമായുള്ള അരങ്ങേറ്റത്തിന് ശേഷം സല്ലാപത്തിലെ നായികയായി. ലോഹിതദാസിന്‍റെ തൂലിക പിറവി നൽകിയ രാധയ്‌ക്ക് ആനിയേക്കാൾ മികച്ചത് മഞ്‌ജുവാണെന്ന കണ്ടെത്തൽ ശരിവക്കുന്നതായിരുന്നു പിന്നീടുള്ള മഞ്‌ജുവിന്‍റെ ഓരോ സിനിമകളും.

ഹൗ ഓൾഡ് ആർ യൂ രണ്ടാം വരവിലെ ആദ്യ ചിത്രം

1995ലെ സാക്ഷ്യത്തിന് ശേഷം പിന്നീടുള്ള നാല് വർഷങ്ങൾ മഞ്‌ജു മലയാളത്തിൽ അടയാളപ്പെടുത്തിയതെല്ലാം എവർഗ്രീൻ ഹിറ്റുകളായിരുന്നു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്‌ത തൂവൽകൊട്ടാരത്തിലെ തമ്പുരാട്ടി കുട്ടിയെയും കമലിന്‍റെ ബോക്‌സ് ഓഫീസ് ഹിറ്റ് ഈ പുഴയും കടന്ന് ചിത്രത്തിലെ അഞ്‌ജലിയെയും കൃഷ്‌ണഗുഡിയിൽ ഒരു പ്രണയകാലത്തിലെ മീനാക്ഷിയെയും കളിയാട്ടത്തിലെ താമരയെയും പ്രണയവർണങ്ങളിലെ ആരതിയെയും കളിവീടിലെ മൃദുലയെയും മഞ്‌ജുവിലൂടെ പ്രേക്ഷകർ പരിചയപ്പെട്ടു.

ലോഹിതദാസ് തിരക്കഥയെഴുതിയ സല്ലാപത്തിലൂടെ ആദ്യ നായിക വേഷം

പിടിവാശിക്കാരിയായും കുടുംബിനിയായുമൊക്കെ പലവട്ടം താരം പ്രത്യക്ഷപ്പെട്ടപ്പോൾ ആറാം തമ്പുരാനിലെ ഉണ്ണിമായയും ദില്ലിവാലാ രാജകുമാരന്‍റെ രാജകുമാരിയായും പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയായും കേരളക്കര മഞ്‌ജുവാര്യരെ സ്വീകരിച്ചു.

മലയാളത്തിന്‍റെ സൂര്യപുത്രി അമലക്കൊപ്പം

കന്മദത്തിലെ ഭാനു, അച്ഛന്‍റെ ഘാതകരോടുള്ള അടങ്ങാത്ത പകയുള്ള ഭദ്ര, വില്ലന്‍റെ ഭീഷണിക്ക് മുമ്പിൽ പതറാത്ത പത്രപ്രവർത്തക ദേവിക ശേഖർ, സമ്മർ ഇൻ ബത്‌ലഹേമിലെ അഭിരാമി... വിനയത്തിന്‍റെയും നിഷ്‌കളങ്കതയുടെയും മുഖം മാത്രമല്ല തനിക്കിണങ്ങുന്നതെന്ന് മഞ്‌ജുവിന്‍റെ ഈ കഥാപാത്രങ്ങൾ പറഞ്ഞു തരും. കണ്ണെഴുതി പൊട്ടും തൊട്ട് ചിത്രത്തിലെ പ്രകടനത്തിന് ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശവും നടി സ്വന്തമാക്കി. ചിത്രത്തിൽ മഞ്‌ജുവിന്‍റെ അഭിനയത്തെ അത്ഭുതത്തോടെ കണ്ട നടൻ തിലകൻ പറഞ്ഞത്, അഭിനയത്തിൽ മഞ്‌ജു വാര്യർക്കൊപ്പമെത്താൻ തന്‍റെ രംഗമില്ലാത്തപ്പോൾ പോലും സെറ്റിൽ പോയി ആ കുട്ടിയുടെ പ്രകടനം കണ്ടിരുന്നുവെന്നാണ്.

കളിയാട്ടത്തിലെ താമര

1996ൽ പുറത്തിറങ്ങിയ ഈ പുഴയും കടന്ന് ചിത്രത്തിലെ കുടുംബത്തിന്‍റെ ഏകപ്രതീക്ഷയായ അഞ്‌ജലി ജീവിതത്തോട് എങ്ങനെ പൊരുതുന്നുവെന്ന് സ്വാഭാവിക അഭിനയത്തിലൂടെ മഞ്‌ജു അവതരിപ്പിച്ചു. ആ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും ചിത്രത്തിലൂടെ താരം കരസ്ഥമാക്കി. അങ്ങനെ ചെറിയ കാലയളവ് കൊണ്ട് നടി പ്രേക്ഷകന് സമ്മാനിച്ചതാകട്ടെ തൊണ്ണൂറുകളുടെ വമ്പൻ ഹിറ്റ് ചിത്രങ്ങളായിരുന്നു.

ശാലീന സൗന്ദര്യവും ചങ്കുറപ്പുള്ള പെൺ കഥാപാത്രങ്ങളും

നടൻ ദിലീപുമായുള്ള പ്രണയവിവാഹത്തിന് ശേഷം മഞ്‌ജു വാര്യരെ മലയാളസിനിമയ്‌ക്ക് 15 വർഷങ്ങളോളം നഷ്‌ടപ്പെട്ടിരുന്നു. എന്നാൽ, 2014ൽ വിവാഹമോചിതയായ താരം ബിഗ് ബിക്കൊപ്പം പരസ്യചിത്രത്തിൽ അഭിനയിച്ചുകൊണ്ട് അഭിനയത്തിലേക്ക് തിരിച്ചുവരവ് നടത്തി.

അമിതാഭ് ബച്ചനൊപ്പം പരസ്യചിത്രത്തിൽ അഭിനയിച്ച് രണ്ടാം വരവിന് 2014ൽ തുടക്കം കുറിച്ചു

സ്‍ത്രീയുടെ സ്വപ്‍നങ്ങള്‍ക്ക് പ്രായമുണ്ടോയെന്നാണ് മഞ്‌ജുവിന്‍റെ തിരിച്ചുവരവിലെ ആദ്യ ചിത്രത്തിലൂടെ സമൂഹം ചിന്തിച്ചത്. റോഷൻ ആൻഡ്രൂസിന്‍റെ ഹൗ ഓൾഡ് ആർ യു ഗംഭീര പ്രതികരണം നേടിയതോടെ തന്‍റെ സാന്നിധ്യമില്ലാതിരുന്ന സിനിമയിലെ ഒന്നരപതിറ്റാണ്ടിനെ മലയാളി മറന്നു.

42 ഒരു വയസല്ലെന്ന് അഭിനയമുഹൂർത്തങ്ങളിലൂടെ മഞ്‌ജു തെളിയിക്കുന്നു

മകളെ നല്ല രീതിയില്‍ പഠിപ്പിച്ച് ഉന്നതിയിലെത്തിക്കാൻ പ്രയ്‌തിനിക്കുന്ന സുജാതയെ പോലുള്ള ഉദാഹരണങ്ങൾ... വളർത്തു മകനോട് മാത്രമല്ല അമ്മയെന്ന വികാരം സാർവികമാണെന്ന് സൈറാ ബാനുവിലൂടെ പ്രേക്ഷകർ കണ്ടു മനസിലാക്കി. പിന്നെയോ, ഒടിയനിലെ പ്രഭയായും ലൂസിഫറിലെ പ്രിയദർശിനിയായും സമൂഹത്തിൽ സ്‌ത്രീകൾക്കെതിരെ ഉണ്ടാകുന്ന അക്രമങ്ങൾക്ക് മേൽ മൗനം പാലിക്കാത്ത മാധുരിയായുമൊക്കെ മഞ്‌ജുസ്‌പർശം സമകാലീന മലയാള സിനിമയിലും നിറയുകയാണ്.

തിരിച്ചുവരവിൽ ഗംഭീരപ്രകടനം

തോൽക്കാൻ മനസില്ലാത്തതിനാലാവാം മഞ്‌ജുവിന്‍റെ അഭിനയത്തോടുള്ള അഭിനിവേശത്തെ തേടി വെട്രിമാരനും താരത്തെ തമിഴിലേക്ക് സ്വാഗതം ചെയ്‌തു. കഴിഞ്ഞ വർഷം റിലീസിനെത്തിയ ധനുഷ്‌ നായകനായ അസുരനിൽ നായികാ വേഷമായിരുന്നു മഞ്‌ജു വാര്യരുടേത്. ചിത്രത്തിലെ പച്ചൈമ്മാൾ തമിഴകത്തിലും മഞ്‌ജുവിന് ആരാധകരെ സൃഷ്‌ടിച്ചു.

ശോഭനയെപോലെ മലയാളത്തിന് ലഭിച്ച നൃത്ത വിസ്‌മയം

ശോഭനയെ പോലെ മലയാളത്തിന് ലഭിച്ച മറ്റൊരു നൃത്തവിസ്‌മയമാണ് മഞ്‌ജുവെന്ന് സത്യൻ അന്തിക്കാട് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. കണ്ണെഴുതിപ്പൊട്ടും തൊട്ട് എന്ന ചിത്രത്തിൽ ചെമ്പഴുക്കാ... ഗാനവും മഞ്‌ജുവിലൂടെ ആസ്വദിച്ചു കേട്ടതാണ്. അങ്ങനെ സകലകലാ വല്ലഭയാണെന്നും മഞ്‌ജു തന്‍റെ കലാജീവിതത്തിലൂടെ തെളിയിച്ചു.

ആറാം തമ്പുരാൻ ചിത്രത്തിൽ നിന്നും

മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങുന്ന കുഞ്ഞാലിമരക്കാർ അറബിക്കടലിന്‍റെ സിംഹത്തിനും മമ്മൂട്ടിക്കൊപ്പം ദി പ്രീസ്റ്റിനുമായി പ്രേക്ഷകർ ആകാക്ഷയോടെ കാത്തിരിക്കുന്നതിന് പിന്നിലെ ഒരു ഘടകം അതിൽ മഞ്‌ജു വാര്യരെന്ന തങ്ങളുടെ പ്രിയപ്പെട്ട പെൺകരുത്തുണ്ടെന്നതിനാലാണ്.

മാധവിക്കുട്ടിയുടെ ആമിക്ക് തിരശ്ശീലയിൽ മുഖം നൽകി

മഞ്‌ജുസ്‌പർശം പരക്കുകയാണ്... നടിയുടെ സ്വകാര്യജീവിതത്തെ പ്രതിപാദിച്ച് എതിർഭാഗത്ത് ഒരു സമൂഹം അലമുറയിടുമ്പോഴും മഞ്‌ജു അവരോട് നിശബ്‌ദത പാലിക്കുന്നു. ഇനിയും കീഴടക്കാനുള്ള വിജയങ്ങളുടെ പടവുകൾ അവർക്കുള്ള മറുപടി നൽകുമെന്ന് മഞ്‌ജുവിന് തീർച്ചയാണ്. ജീവിതത്തിന്‍റെ പുതിയൊരു വർഷത്തിലേക്ക് കടക്കുമ്പോൾ 42 ഒരു വലിയ വയസല്ലെന്ന് അവർ വിശ്വസിക്കുന്നു... ആ വിശ്വാസം മലയാളസിനിമയിലേക്ക് കൂട്ടിച്ചേർക്കുന്നതാകട്ടെ ഇനിയുമാർക്കും ചെയ്‌തുതീർക്കാനാവാത്ത കുറേ നല്ല അഭിനയമുഹൂർത്തങ്ങളെയും.

Last Updated : Sep 10, 2020, 9:31 AM IST

ABOUT THE AUTHOR

...view details