കൊവിഡ് ഒന്നാം തരംഗത്തിന് ശേഷം തിയേറ്ററുകളിലെത്തിയ ചതുർമുഖം മികച്ച പ്രേക്ഷകസ്വീകാര്യത നേടിയ ചിത്രമായിരുന്നു. മഞ്ജു വാര്യരും സണ്ണി വെയ്‌നും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ മലയാളത്തിലെ ആദ്യ ടെക്നോ-ഹൊറര്‍ ചിത്രം കൂടിയാണ്.
മികച്ച വിജയത്തോടെ സിനിമ തിയേറ്ററുകളിൽ മുന്നേറുമ്പോഴാണ് കൊവിഡ് രൂക്ഷമാവുകയും തിയേറ്ററുകൾ അടച്ചുപൂട്ടിയതോടെ ചിത്രത്തിന്‍റെ പ്രദർശനം നിർത്തിവക്കേണ്ടതായും വന്നത്.
സിനിമ പിന്നീട് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രദർശിപ്പിക്കുമെന്ന് മഞ്ജു വാര്യർ ആരാധകരോട് വ്യക്തമാക്കിയിരുന്നു. കാത്തിരിപ്പിനൊടുവിൽ ചതുർമുഖം ഡിജിറ്റൽ റിലീസിനെത്തുകയാണ്. സീ 5ലൂടെ ജൂലൈ ഒൻപതിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. മഞ്ജു വാര്യരാണ് ഫേസ്‌ബുക്കിലൂടെ ചതുർമുഖത്തിന്‍റെ ഒടിടി റിലീസ് തിയതി പുറത്തുവിട്ടത്. ഒപ്പം ചതുർമുഖത്തിന്‍റെ പുതിയ ട്രെയിലറും താരം പങ്കുവെച്ചു.