എറണാകുളം: മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന 'കയറ്റം' എന്ന ചിത്രം ബുസാൻ ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അടുത്ത മാസം 21 മുതൽ 30 വരെ നടക്കാനിരിക്കുന്ന 25-ാമത് ബുസാൻ ഫിലിം ഫെസ്റ്റിവലിൽ സനൽകുമാർ ശശിധരൻ സംവിധാനം ചെയ്‌ത 'അഹര്‍' (കയറ്റം) എന്ന ചിത്രവും ഇടം പിടിച്ചു.
മഞ്ജു വാര്യരുടെ 'കയറ്റം' ബുസാൻ ചലച്ചിത്രമേളയിൽ - sanal kumar sasidharan
സനൽകുമാർ ശശിധരൻ സംവിധാനം ചെയ്‌ത 'അഹര്‍' (കയറ്റം) ഒക്‌ടോബർ 21 മുതൽ 30 വരെ നടക്കുന്ന ബുസാൻ ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് ചലച്ചിത്രോത്സവത്തിലേക്ക് തെരഞ്ഞെടുത്ത ചിത്രങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. ബുസാൻ ചലച്ചിത്ര മേളയിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഏഴ് ഇന്ത്യൻ സിനിമകളിൽ ഒന്നാണ് സനൽകുമാറിന്‍റെ 'കയറ്റം'. മ്യൂസിക്കൽ ഫാന്‍റസിയായി ഒരുക്കുന്ന ചിത്രത്തിൽ അതിശക്തമായ കാലാവസ്ഥയിൽ ഹിമാലയൻ പർവതനിരകളിലൂടെയുള്ള ട്രെക്കിങ്ങും യാത്രയുമാണ് പ്രമേയമാകുന്നത്. സംവിധായകന്‍റേതായ നിർമാണ ശൈലിയിൽ തയ്യാറാക്കുന്ന കയറ്റത്തിൽ നൂതനമായ നിരവധി പരീക്ഷണ ഘടകങ്ങളുണ്ട്.
അഹർ സംസ എന്ന ഭാഷയിൽ ഒരുക്കിയിരിക്കുന്ന പത്തു ഗാനങ്ങളിലൂടെയാണ് കയറ്റം കഥ പറയുന്നത്. സംവിധാനത്തിന് പുറമെ ചിത്രത്തിന്‍റെ രചനയും എഡിറ്റിങ്ങും സൗണ്ട് ഡിസൈനിങും നിർവഹിക്കുന്നത് സനൽകുമാറാണ്. ചന്തു സെൽവരാജാണ് ഛായാഗ്രഹകൻ. രതീഷ് ഈറ്റില്ലം സംഗീതമൊരുക്കുന്ന ചിത്രത്തിന്‍റെ നിർമാണം ഷാജി മാത്യു, അരുണ മാത്യു, നായിക മഞ്ജു വാര്യർ എന്നിവർ ചേർന്നാണ്. ജോസഫിലൂടെ ശ്രദ്ധേയായ വേദ് വൈബ്‌സ്, നവാഗതനായ ഗൗരവ് രവീന്ദ്രൻ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു. ബുസാന് പുറമെ കയറ്റം കിം-ജിസിയോക്ക് അവാർഡിനും പരിഗണിക്കപ്പെട്ടതായി സംവിധായകൻ തന്‍റെ ഇൻസ്റ്റാഗ്രാം പേജിലൂടെ അറിയിച്ചു.