Ayisha UAE shooting ends: മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ആയിഷ'യുടെ യുഎഇയിലെ ചിത്രീകരണം പൂര്‍ത്തിയായി. 40 ദിവസത്തെ ആദ്യ ഷെഡ്യൂളാണ് യുഎഇയില്‍ പൂര്‍ത്തിയായത്. രണ്ടാംഘട്ട ചിത്രീകരണത്തിനായി 'ആയിഷ' ടീം ഇന്ത്യയിലേക്ക് മടങ്ങിക്കഴിഞ്ഞു. 'ആയിഷ'യുടെ സംവിധായകന്‍ ആമിര്‍ പള്ളിക്കല്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അദ്ദേഹം തന്‍റേ ഫേസ്‌ബുക്ക് പേജിലും ഇക്കാര്യം പങ്കുവച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ട് ആഴ്‌ചകളായി റാസല്‍ ഖൈയ്‌മയിലും ഫുജിറയിലുമായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയതെന്നും സംവിധായകന്‍ പറഞ്ഞു. 'തങ്ങളുടെ ഫാമിലി ഡ്രാമയുടെ 90 ശതമാനവും യുഎഇയിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാരണം കഥ ഇവിടം അടിസ്ഥാനമാക്കിയുള്ളതാണ്. അതിനാല്‍ ഞങ്ങള്‍ക്ക് അത് മറ്റെവിടെയും ചിത്രീകരിക്കാന്‍ കഴിയില്ല. ഇപ്പോള്‍ ഞങ്ങള്‍ ഞങ്ങളുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി. ബാക്കി ഭാഗങ്ങള്‍ മുംബൈയിലും കേരളത്തിലും ചിത്രീകരിക്കും.'- സംവിധായകന്‍ പറഞ്ഞു
Director Amir Pallikkal about Ayisha: ചിത്രത്തില്‍ 80 ശതമാനവും മലയാളികളല്ലാത്ത ഒരു താരനിരയാണ് ഞങ്ങള്‍ക്കുള്ളതെന്നും മലയാള സിനിമാ ചരിത്രത്തില്‍ ഇതാദ്യമായാണെന്നും സംവിധായകന്‍ പറഞ്ഞു. ഓഡിഷനുകള്‍ നടത്തി അറബ് അഭിനേതാക്കളെ തിരഞ്ഞെടുക്കുകയായിരുന്നുവെന്നും ഭാഷ ഒരു തടസ്സമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ ആശയവിനിമയം കൂടുതലും ഇംഗ്ലീഷിലാണ് നടത്തിയതെന്നും സംവിധായകന്‍ പറഞ്ഞു.
Ayisha first look: നേരത്തെ 'ആയിഷ'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററും പുറത്തിറങ്ങിയിരുന്നു. ചിത്രത്തിന്‍റെ പേര് ഏഴ് ഭാഷകളില്‍ എഴുതിയാണ് മഞ്ജു വാര്യര്‍ 'ആയിഷ'യുടെ പോസ്‌റ്റര്‍ പങ്കുവച്ചിരിക്കുന്നത്. അതിമനോഹരമായി നൃത്തം ചെയ്യുന്ന മഞ്ജുവാണ് ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററിലുള്ളത്.
Indo Arabic movie Ayisha: ഇന്തോ-അറബിക് ചിത്രമായ 'ആയിഷ' പ്രഖ്യാനം മുതല്‍ തന്നെ വാര്‍ത്താതലക്കെട്ടുകളില്‍ ഇടംപിടിച്ചിരുന്നു. ആദ്യ മലയാള-അറബിക് ചിത്രമെന്നതാണ് 'ആയിഷ'യുടെ പ്രത്യേകതളിലൊന്ന്. ഒരു സ്‌ത്രീ കേന്ദ്രീകൃത സിനിമയില്‍ ഏറ്റവും മുതല്‍മുടക്കുള്ള മലയാള ചിത്രമാകും 'ആയിഷ'. മഞ്ജുവിന്‍റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായാണ് 'ആയിഷ' ഒരുങ്ങുന്നത്.