കൊവിഡ് 19 വ്യാപനം തടയുന്നതിനായുള്ള സര്‍ക്കാരിന്‍റെ ബ്രേക്ക് ദി ചെയിന്‍ പ്രചാരണത്തില്‍ പിന്തുണയറിയിച്ച് മഞ്ജു വാര്യരും ജയസൂര്യയും. കൊവിഡ് കൂടുതൽ വ്യാപിക്കാതിരിക്കാൻ ഒറ്റയ്‌ക്ക് എന്നാൽ ഒറ്റക്കെട്ടോടെ പ്രവർത്തിക്കാമെന്ന് താരങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.
കൊവിഡ് ചെയിനെ ബ്രേക്ക് ചെയ്യാം; പിന്തുണയുമായി മഞ്ജു വാര്യരും ജയസൂര്യയും - കൊറോണ കേരളം
കൊവിഡ് കൂടുതൽ വ്യാപിക്കാതിരിക്കാൻ ഒറ്റക്കെട്ടോടെ പ്രവർത്തിക്കാമെന്ന് മലയാളത്തിന്‍റെ പ്രിയ താരങ്ങളായ മഞ്ജു വാര്യരും ജയസൂര്യയും ഫേസ്‌ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെ അറിയിച്ചു.
വുഹാനിൽ നിന്നും കിലോമീറ്ററുകൾ അകലെ മറ്റ് രാജ്യങ്ങളിലേക്ക് മനുഷ്യനിലൂടെയാണ് കൊവിഡ് 19 പടർന്നുപിടിക്കുന്നത്. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് ഒരു ചെയിൻ കണക്കാണ് കൊവിഡ് 19 വ്യാപിക്കുന്നത്. ഇത് കേരളത്തിൽ നമുക്ക് തകർക്കണമെന്നും അതിന് സാധിക്കുമെന്നും മഞ്‌ജു വാര്യർ പറഞ്ഞു. അതിനായി പൊതുസ്ഥലങ്ങളിൽ നിന്ന് രോഗം പടരാതിരിക്കാൻ ശുചിത്വം പാലിക്കാൻ താരം വീഡിയോയിലൂടെ അഭ്യര്‍ഥിച്ചു. കൈകൾ വൃത്തിയായി സൂക്ഷിക്കുക, സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക, ആൽക്കഹോൾ അംശമുള്ള സാനിറ്റൈസർ ഉപയോഗിക്കുക - മഞ്ജു നിർദേശം നൽകി. കൂടാതെ, സംസ്ഥാന ആരോഗ്യ മന്ത്രിക്കും ആരോഗ്യ വകുപ്പിലെ എല്ലാ പ്രവർത്തകർക്കും നന്ദിയും രേഖപ്പെടുത്തുന്നുണ്ട് താരം.
ഓർമ്മപ്പെടുത്തൽ മാത്രം..... എന്ന് കുറിച്ചുകൊണ്ടാണ് ജയസൂര്യ കൊവിഡ് വ്യപനത്തിനെതിരെ ബ്രേക്ക് ദി ചെയിനിന് പിന്തുണ അറിയിച്ചിരിക്കുന്നത്. "കൊവിഡ് 19ന്‍റെ സാഹചര്യം നമ്മുടെയെല്ലാവരുടെയും ജീവിതത്തിൽ അപൂർവമായി നേരിട്ടുകൊണ്ടിരിക്കുന്ന അനുഭവമാണ്. പ്രളയത്തെ നാം വിജയകരമായി നേരിട്ടതാണ്. അതേ ആത്മവിശ്വാസം ഇവിടെയും കാണിക്കണം.പരിചയക്കാർക്ക് കൈ കൊടുത്ത് അഭിവാദ്യം ചെയ്യുന്നത് ഒഴിവാക്കുക. സാനിറ്റൈസർ ഉപയോഗിച്ച് കൈ കഴുകുക. വിദേശത്തുനിന്ന് വരുന്നവര്‍ വീട്ടില്‍ തന്നെ കഴിയണമെന്നും അതുവഴി കൊവിഡ് എന്ന ചെയിൻ, ബ്രേക്ക് ചെയ്യാൻ സാധിക്കുമെന്നും താരം കൂട്ടിച്ചേർത്തു.