നവരസ എന്ന ആന്തോളജി ചിത്രം നിർമിച്ച് തമിഴ് ചലച്ചിത്രപ്രവർത്തകരെ കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കൈപിടിച്ചുയർത്തുകയായിരുന്നു മണിരത്‌നം.
ഇപ്പോഴിതാ, സിനിമ സ്വപ്‌നം കാണുന്ന യുവതലമുറയ്‌ക്കായി വാതായനങ്ങൾ തുറന്നിടുകയാണ് ഇന്ത്യൻ സിനിമയിലെ ഐതിഹാസിക സംവിധായകനും നിർമാതാവുമായ മണിരത്‌നം.
Also Read: ട്വിറ്ററിൽ റെക്കോഡ് നേട്ടവുമായി സൂര്യ ; ആഘോഷിച്ച് ആരാധകർ
'റെയിൻ ഓൺ ഫിലിംസ്' എന്ന പേരില്‍ നിർമാണ കമ്പനിയൊരുക്കാനാണ് മണിരത്‌നവും ഷങ്കറും അടക്കം തമിഴകത്തെ 10 സംവിധായകര്‍ ഒത്തുചേരുന്നത്.
മണിരത്‌നവും ഷങ്കറും ചേർന്ന് ബുധനാഴ്‌ച റെയിൻ ഓൺ ഫിലിംസ് എന്ന നിർമാണ കമ്പനിയുടെ പ്രഖ്യാപനം നടത്തി.
വെട്രിമാരൻ, ഗൗതം വാസുദേവ് മേനോൻ, ലിംഗുസാമി, മിഷ്‌കിന്‍, ശശി, വസന്തബാലൻ, ലോകേഷ് കനകരാജ്, ബാലാജി ശക്തിവേൽ, എ.ആർ മുരുകദോസ് തുടങ്ങിയ സംവിധായകരും നിർമാണ കമ്പനിയിൽ പങ്കാളികളാകുന്നു.
നവാഗതർക്കായി റെയിൻ ഓൺ ഫിലിംസ്
കൊവിഡ് പശ്ചാത്തലത്തിൽ തിയേറ്ററുകൾ സ്‌തംഭിച്ചതിനെ തുടർന്നുണ്ടായ ഒടിടി തരംഗത്തിന്‍റെ പ്രഭാവത്തിൽ, പുത്തൻ ആശയങ്ങളുമായി നിരവധി നവാഗത സംവിധായകരാണ് കടന്നുവരുന്നത്.
ഇത്തരത്തിൽ ഒടിടി പ്ലാറ്റ്‌ഫോമുകൾക്കായി സിനിമകളും വെബ് സീരീസുകളും ആന്തോളജിയും നിർമിക്കാൻ ആഗ്രഹിക്കുന്ന പുതുചലച്ചിത്രകാരന്മാർക്ക് അവസരം നൽകുക എന്ന ആശയമാണ് റെയിൻ ഓൺ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന് പിന്നിൽ.
വെട്രിമാരന്‍റെ ഓഫിസായിരിക്കും റെയിൻ ഓൺ ഫിലിംസിന്‍റെ കേന്ദ്രമായി പ്രവർത്തിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഈ വിപ്ലവ സംരംഭത്തിൽ നിന്ന് വരുന്ന ആദ്യചിത്രം നിർമിക്കുന്നത് സംവിധായകൻ ലോകേഷ് കനകരാജ് ആയിരിക്കും.
വിക്രം എന്ന കമൽ ഹാസൻ ചിത്രം പൂർത്തിക്കിയ ശേഷം ലോകേഷ് ഇതിലേക്ക് കടക്കുമെന്നാണ് വിവരം. എന്നാൽ ചിത്രത്തിലെ അഭിനേതാക്കളെക്കുറിച്ചോ അണിയറപ്രവർത്തകരെക്കുറിച്ചോ വെളിപ്പെടുത്തിയിട്ടില്ല.